പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് തടയാൻ സമൂഹമെന്നനിലയിൽ നമുക്ക് സാധിക്കേണ്ടതുണ്ട്

കൊച്ചിയിൽ ജഡ്ജിയുടെ മകനായ പതിനേഴുകാരൻ ഓടിച്ച ആഡംബരക്കാറിടിച്ച് സ്കൂട്ടർയാത്രക്കാരൻ മരിച്ച സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമായി. ഇതിന്റെ തുടർനടപടികളിൽ പോലീസ് സ്വീകരിച്ച സമീപനം വിമർശനവിധേയമായിരിക്കുകയാണ്. മരിച്ചയാളുടെ മക്കൾക്കും ബന്ധുക്കൾക്കും നീതിതേടി പോലീസ് സ്റ്റേഷനുമുൻപിൽ രാത്രിനേരത്ത് കുത്തിയിരിപ്പുസമരം നടത്തേണ്ടിവന്നുവെന്നത് വേദനിപ്പിക്കുന്ന വസ്തുതയാണ്. സ്വാധീനശക്തിയുള്ളവർ കുറ്റാരോപിതസ്ഥാനത്തുവന്നാൽ നീതിനടത്തിപ്പ് ചോദ്യമുനയിലാകുമെന്നത് നമ്മുടെ നാട്ടിൽ മാറ്റമില്ലാതെ തുടുരുന്നു. ഇത് സങ്കടകരമായ സാഹചര്യമാണ്.
ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയുണ്ടായ അപകടത്തിൽ പറവൂർ സ്വദേശി ജയബാലകൃഷ്ണനാണു മരിച്ചത്. കാറോടിച്ച പതിനേഴുകാരനെ കസ്റ്റഡിയിലെടുത്ത കൊച്ചി ചേരാനല്ലൂർ പോലീസ് ആദ്യം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പ്രതിഷേധം കനത്തതോടെ രാത്രി വൈകി പിടികൂടി എറണാകുളം ജുവനൈൽ ജസ്റ്റിസ് ബോർഡിനുമുൻപിൽ ഹാജരാക്കി. ബോർഡ് പ്രതിക്ക് ജാമ്യം അനുവദിച്ചു.
വിവേകമില്ലാത്തതും അശ്രദ്ധവുമായ പ്രവൃത്തികാരണമുണ്ടാകുന്ന മരണത്തിന്റെ വകുപ്പുചുമത്തിയാണ് പോലീസ് ആദ്യം കേസെടുത്തത്. പിന്നീട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇടപെട്ടപ്പോൾമാത്രമാണ്, കൊലപാതകത്തിനു തുല്യമായ കുറ്റകരമായ നരഹത്യ എന്ന വകുപ്പു ചുമത്തിയത്. വാഹന ഉടമയായ അച്ഛനെതിരേ കേസെടുക്കുമെന്നും പോലീസ് പറഞ്ഞു. മൂന്നുവർഷംവരെ തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. ആലുവയിലെ വീട്ടിൽ ഉറങ്ങുകയായിരുന്ന മാതാപിതാക്കൾ മകൻ കാറുമായി പോയത് അറിഞ്ഞില്ലെന്നാണ് പോലീസ് പറയുന്നത്. കനത്തമഴയിൽ റോഡ് കാണാനായില്ലെന്നാണ് പിടിയിലായ പതിനേഴുകാരൻ പോലീസിനോടു പറഞ്ഞത്. വാഹനം ഓടിക്കാനുള്ള ആഗ്രഹംകൊണ്ടാണ് വീട്ടുകാർ അറിയാതെ കാറുമായി പുറത്തിറങ്ങിയതെന്നും പറഞ്ഞു. മകന് കാർ നൽകിയതിനെപ്പറ്റി ചോദിച്ചപ്പോൾ, ‘‘ഞങ്ങളെ ചോദ്യംചെയ്യാൻ വരേണ്ട’’ എന്ന് അച്ഛനായ ജഡ്ജി തട്ടിക്കയറിയെന്ന് ജയബാലകൃഷ്ണന്റെ ബന്ധുക്കൾ പറഞ്ഞു.
പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് തടയാൻ സമൂഹമെന്നനിലയിൽ നമുക്ക് സാധിക്കേണ്ടതുണ്ട്. അതിനുള്ള ശ്രദ്ധ ഏറ്റവുമധികം ഉണ്ടാകേണ്ടത് രക്ഷിതാക്കളുടെ ഭാഗത്തുനിന്നാണെന്ന് പ്രത്യേകം പറയേണ്ടതില്ല. ഇത്തരം സംഭവങ്ങളിൽ രക്ഷിതാക്കൾക്ക് തക്കതായ ശിക്ഷ നൽകുന്നത് എല്ലാവർക്കും പാഠമാകും. ആരുടെയും പദവിയോ സ്വാധീനമോ ഇക്കാര്യത്തിൽ അനുകൂലഘടകമാകരുത്. നിയമം ഭേദിക്കാൻ ആർക്കും അവകാശമില്ല. കുറ്റകരമായ പ്രവൃത്തിചെയ്ത പ്രായപൂർത്തിയാകാത്ത വ്യക്തിക്കും നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കണം. നിയമവിധേയനായ പൗരനാകണമെന്ന ബോധമുദിക്കാൻ അത് പര്യാപ്തമായേക്കും. ആരും നിയമത്തിന് അതീതരല്ല. നിയമം ലംഘിക്കാനുള്ള അവിവേകം ആർക്കുമൊട്ട് ഉണ്ടാകാനും പാടില്ല. കൊച്ചിയിൽ മറ്റൊരു പതിനേഴുകാരൻ ഓടിച്ച ആഡംബരക്കാറിടിച്ച് മൂന്നു യുവാക്കൾ മരിച്ചിട്ട് ഏറെനാളായിട്ടില്ല. ഇനിയും ഇത്തരത്തിൽ ജീവനുകൾ പൊലിയുന്നത് കണ്ടുനിൽക്കാൻ ഈ നാടിന് കെല്പില്ല.
Published: 26 Oct 2026, 11:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented