നന്ദിഗ്രാം വീണ്ടും ഇന്ത്യൻ ജനാധിപത്യത്തിന്റെ പരീക്ഷണ ശാലയാവുകയാണ്. 2007-ലെ ഭൂസമരത്തിന്റെ തീച്ചൂളയിൽനിന്ന് മമതാ ബാനർജി എന്ന നേതാവിനെ സൃഷ്ടിച്ച മണ്ണിൽ, ഇന്ന് ജനാധിപത്യത്തിന്റെ ഏറ്റവും പ്രാഥമികമായ പ്രമാണങ്ങൾതന്നെ പ്രഹസനമാക്കിമാറ്റുന്ന കാഴ്ചയാണ് കാണുന്നത്. തൃണമൂൽ കോൺഗ്രസിന്റെ പേരും 28 വർഷമായി ജനമനസ്സിൽ പതിഞ്ഞ ‘രണ്ടുപൂക്കളും പുൽച്ചെടിയും’ എന്ന ചിഹ്നവും തിരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിക്കുന്നു. മമത, ഋതബ്രത തർക്കം നിലനിൽക്കുമ്പോൾ തുല്യനില നിലനിർത്താൻ എന്നാണ് കമ്മിഷന്റെ ന്യായം. പക്ഷേ, ഉപതിരഞ്ഞെടുപ്പിന് നാളുകൾക്കുമുൻപ്, അർധരാത്രിയോടെ വരുന്ന ഇടക്കാല ഉത്തരവ് എന്തു സന്ദേശമാണ് നൽകുന്നത്? പാർട്ടിക്കുള്ളിലെ ഭിന്നത സ്വാഭാവികമാണ്. പക്ഷേ, അതിന്റെപേരിൽ വോട്ടർമാരുടെ ഓർമ്മയിൽനിന്ന് ഒരു ചിഹ്നത്തെ മായ്ച്ചുകളയുന്നത് ജനാധിപത്യത്തെ സഹായിക്കുമോ?

മമതാ ബാനർജി വിഭാഗത്തിന് ‘മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്’ എന്ന പേരും ‘ഫുട്‌ബോൾ കളിക്കാരൻ’ ചിഹ്നവും, ഋതബ്രതയുടെ വിഭാഗത്തിന് ‘ഡെമക്രാറ്റിക് തൃണമൂൽ കോൺഗ്രസ്’ എന്ന പേരും ‘എൻവലപ്’ ചിഹ്നവും അനുവദിച്ചു. ഒരു രാഷ്ട്രീയപ്പാർട്ടിയുടെ പേരും അടയാളവും വെറുമൊരു സാങ്കേതികരൂപം മാത്രമല്ല, മറിച്ച് ലക്ഷക്കണക്കിന് ജനങ്ങളുമായി ആ പാർട്ടി സ്ഥാപിച്ചെടുത്ത വൈകാരികവും രാഷ്ട്രീയവുമായ ബന്ധത്തിന്റെ പ്രതീകമാണ്. അതിനെ പെട്ടെന്നൊരുദിവസം ഇല്ലാതാക്കുന്നത് ഒരു കുഞ്ഞിനെ അമ്മയിൽനിന്ന് തട്ടിയെടുക്കുന്നതിന് തുല്യമാണെന്ന മമതാ ബാനർജിയുടെ വാക്കുകൾ അധികാരരാഷ്ട്രീയത്തിന്റെ തീക്ഷ്ണതയെയും പ്രതിപക്ഷപ്പാർട്ടികൾ നേരിടുന്ന അരക്ഷിതാവസ്ഥയെയും വ്യക്തമാക്കുന്നു.

മമതപക്ഷം നിർത്തിയ സ്ഥാനാർഥി സഞ്ചിത പ്രധാൻ ദേ, മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കണ്ടതിന് പിറ്റേന്ന് പത്രിക പിൻവലിക്കുന്നു. ഭീഷണിപ്പെടുത്തിയാണ് പിൻവലിപ്പിച്ചതെന്ന് മമത ആരോപിക്കുന്നു. ഇത് ആരോപണം മാത്രമല്ല, ബംഗാളിലെ കൂറുമാറ്റരാഷ്ട്രീയത്തിന്റെ സ്ഥിരം ശൈലിയാണ്. നാടകം അവിടെയും തീർന്നില്ല. സ്വന്തം സ്ഥാനാർഥിയില്ലാതായതോടെ മമത കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് പിന്തുണപ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം, അദ്ദേഹം അറസ്റ്റിലാവുന്നു. 2007-ലെ നന്ദിഗ്രാം കേസിൽ, വാറന്റുണ്ടായിരുന്നു എന്നാണ് പോലീസ് വിശദീകരണം. നിയമപരമായി പ്രതിയെ അറസ്റ്റുചെയ്യാം. പക്ഷേ, അതിനു തിരഞ്ഞെടുത്ത സമയം രാഷ്ട്രീയമാണ്.

തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരു നിഷ്പക്ഷ റഫറി ആയിരിക്കണം, കളിക്കാരനല്ല. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനുപിന്നാലെ ചിഹ്നവും മരവിപ്പിക്കുന്ന നടപടി, ഉദ്ദവ് താക്കറെയുടെ ശിവസേനയോടുചെയ്ത അതേ രീതിയാണെന്ന് മമത വിമർശിക്കുന്നു. കമ്മിഷൻ ഇടപെടൽ നിയമപരമാണെങ്കിലും അതിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുമ്പോൾ ജനാധിപത്യം ദുർബലമാകും. നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ ആറിന് നടക്കാനിരിക്കേ, വോട്ടർക്ക് തിരഞ്ഞെടുക്കാനുള്ള അവസരം ഇല്ലാതാക്കുന്ന നീക്കങ്ങൾ ജനാധിപത്യത്തിന് ശോഭയേറ്റുന്നില്ല. ജനാധിപത്യത്തിൽ ജയിക്കേണ്ടത് ജനങ്ങളാണ്, തന്ത്രങ്ങളല്ല. നന്ദിഗ്രാമിലെ നാടകം അവസാനിപ്പിച്ച്, വോട്ടർക്ക് സ്വതന്ത്രമായി തീരുമാനിക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കുക എന്നതാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെയും ഭരണകൂടത്തിന്റെയും ഉത്തരവാദിത്വം.

ജനാധിപത്യപ്രക്രിയയുടെ ആത്മാവ് കുടികൊള്ളുന്നത് നീതിപൂർവവും സുതാര്യവുമായ തിരഞ്ഞെടുപ്പുകളിലാണ്. അധികാരത്തിലുള്ളവർക്കും പ്രതിപക്ഷത്തിനും ഒരുപോലെ മത്സരിക്കാനും വോട്ടർമാർക്ക് സ്വതന്ത്രമായി തീരുമാനിക്കാനും കഴിയുന്ന അന്തരീക്ഷമാണ് ഒരു തിരഞ്ഞെടുപ്പിന്റെ അടിസ്ഥാന വിശ്വാസ്യത. എന്നാൽ, നന്ദിഗ്രാമിൽ ഇപ്പോൾ അരങ്ങേറുന്ന സംഭവപരമ്പരകളിൽ ആ വിശ്വാസ്യതയെ ചോദ്യംചെയ്യുന്നു . തൃണമൂൽ സ്ഥാനാർഥി പത്രിക പിൻവലിച്ചതിന്റെ കാരണം നിർഭയം വെളിപ്പെടുത്തണം. രാഷ്ട്രീയപ്പാർട്ടിയുടെ പേരും ചിഹ്നവും മരവിപ്പിച്ചതുസംബന്ധിച്ച തീരുമാനങ്ങളുടെ മാനദണ്ഡങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരിക്കണം. കോൺഗ്രസ് സ്ഥാനാർഥിയെ അറസ്റ്റുചെയ്ത കേസുകളുടെയും വാറന്റുകളുടെയും വിവരങ്ങൾ വ്യക്തമായി പുറത്തുവരണം. തിരഞ്ഞെടുപ്പ് നടപടികളെ സ്വാധീനിക്കുന്ന തരത്തിലുള്ള ഭരണകൂട ഇടപെടലുകൾക്ക് ഇടയില്ലെന്ന് ഉറപ്പാക്കണം. ജനാധിപത്യത്തിൽ നീതി നടപ്പാക്കിയാൽമാത്രം പോരാ; അതിന്റെ നടപടികൾ പക്ഷപാതരഹിതമാണെന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെടുകയും വേണം.

To advertise here,