2000 രൂപയിൽ കൂടുതൽവരുന്ന ഓരോ യു.പി.ഐ. വാണിജ്യ ഇടപാടിനും ഒക്ടോബർ 15 മുതൽ വ്യാപാരിയിൽനിന്ന് 0.4 ശതമാനം മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എം.ഡി.ആർ.) ഈടാക്കാൻ തീരുമാനമായിരിക്കുന്നു. 75,000 രൂപവരെയുള്ള ഇടപാടുകൾക്ക് 0.4 ശതമാനവും അതിനുമുകളിലുള്ള ഏത് ഇടപാടിനും 300 രൂപയുമായിരിക്കും ചുമത്തുക. ഉപയോക്താക്കളിൽനിന്നല്ല ഇത് ഈടാക്കുന്നത്. വ്യക്തികൾതമ്മിലുള്ള യു.പി.ഐ. പണമിടപാടുകൾ സൗജന്യമായി തുടരുകയുംചെയ്യും. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രസർക്കാരും ഏറെ കൊട്ടിഗ്ഘോഷിച്ച കറൻസിരഹിത സമ്പദ്‌വ്യവസ്ഥയെന്ന ആശയത്തിൽനിന്നുള്ള പിൻനടത്തത്തിന് ഈ നടപടി ഹേതുവായാൽ അദ്ഭുതപ്പെടാനില്ല. എം.ഡി.ആറായി ബാങ്കിന് നൽകുന്ന തുക ഉപയോക്താവിൽനിന്നു വാങ്ങാനാകില്ലെങ്കിലും അധികനിരക്കിന്റെ ബാധ്യത വിലയിൽ പ്രതിഫലിക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെ ബാധ്യത കൈമാറാനാകുന്നില്ലെങ്കിൽ വ്യാപാരികൾ യു.പി.ഐ. ഇടപാട് നിരുത്സാഹപ്പെടുത്തുകയും ക്രമേണ പണമിടപാടിലേക്ക് ഉപയോക്താക്കൾ മടങ്ങുകയും ചെയ്യാനിടയുണ്ട്.

പത്തുവർഷംമുൻപ്, വിവാദമായ നോട്ടുനിരോധനത്തിനു പിന്നാലെയാണ് കേന്ദ്രസർക്കാർ യൂണിഫൈഡ് പെയ്‌മന്റ്‌സ് ഇന്റർഫേസ് അഥവാ യു.പി.ഐ. എന്ന കറൻസിരഹിത പണമിടപാടുസംവിധാനം രാജ്യത്ത് ആവിഷ്‌കരിച്ചത്. ഏതു സാധാരണക്കാരനും ഒരു ഫോണും അക്കൗണ്ടിൽ പണവും ഇന്റർനെറ്റ് കണക്‌ഷനുമുണ്ടെങ്കിൽ എളുപ്പം പണം കൈമാറാമെന്നതായിരുന്നു ഇതിന്റെ സൗകര്യം. ഇന്ത്യയുടെ തനതു സാങ്കേതികവിദ്യയായ യു.പി.ഐ. വളരെ പെട്ടെന്നുതന്നെ ജനകീയമായി. കേന്ദ്ര ധനമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ദിവസം ശരാശരി 66 കോടി ഇടപാടുകളാണ് ഇതുവഴി നടക്കുന്നത്. യു.പി.ഐ. അവതരിപ്പിക്കപ്പെട്ട 2016-’17 സാമ്പത്തികവർഷത്തിൽ ആകെ 1.78 കോടി ഇടപാടുകളാണു നടന്നതെങ്കിൽ 2025-’26 വർഷത്തിൽ അത് 24,162 കോടിയിലെത്തി. ഇടപാടുകളുടെ എണ്ണത്തിൽ പത്തുവർഷംകൊണ്ട് യു.പി.ഐ. നേടിയത് 13,000 മടങ്ങ് വളർച്ചയാണ്. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാനായി 2021-ൽ കേന്ദ്രസർക്കാർ യു.പി.ഐ. ഇടപാടുകൾ പൂർണമായി സൗജന്യവുമാക്കിയിരുന്നു. ഇതിലാണ് ഇപ്പോൾ മാറ്റംവരുന്നത്. കറൻസിരഹിത ഇടപാടിലേക്ക് സമ്പദ്ഘടനയെയും പൗരരെയും ആനയിക്കുകയും ആകർഷിക്കുകയുംചെയ്തിട്ട് ഇപ്പോൾ എന്തുകൊണ്ട് സർക്കാർ പിന്നാക്കംപോകുന്നു എന്ന ചോദ്യമാണ് ഉയരുന്നത്.

യു.പി.ഐ. ഇടപാടുകൾക്ക് എം.ഡി.ആർ.ചുമത്താൻ വഴിയൊരുക്കുന്ന ‘നികുതിയും മറ്റു നിയമങ്ങളും (ഭേദഗതി) ബിൽ’ കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ പാസാക്കിയിരുന്നു. നാഷണൽ പെയ്‌മന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച യു.പി.ഐ. സംവിധാനം പ്രവർത്തിക്കുന്നത് ബാങ്കുകളുടെയും ജീപേ, ഫോൺപേ തുടങ്ങിയ ഡിജിറ്റൽ സേവന പ്ലാറ്റ്‌ഫോമുകളുടെയും സഹകരണത്തിലൂടെയാണ്. യു.പി.ഐ. വ്യാപകമായ പശ്ചാത്തലത്തിൽ പണമിടപാടുസംവിധാനം പരിപാലിക്കാനും വരുമാനമുണ്ടാക്കാനുമായി, ഉയർന്ന തുകയുടെ ഇടപാടുകൾക്ക് എം.ഡി.ആർ. ചുമത്തണമെന്ന് ബാങ്കുകളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാൽ, സൗജന്യസേവനത്തിനുപകരമായി ബാങ്കുകൾക്കും കമ്പനികൾക്കും സർക്കാർ വൻതുക സബ്‌സിഡി നൽകുന്നുണ്ടെന്നതാണു വസ്തുത. പരിപാലനച്ചെലവിനും ലാഭത്തിനും ഇതു തികയില്ലെന്നതാകാം വാദം. മാത്രമല്ല, യു.പി.ഐ. സേവനങ്ങൾക്കുള്ള പണമീടാക്കലിന്റെ വല ഭാവിയിൽ വ്യാപിപ്പിക്കാവുന്നതരം വ്യവസ്ഥകൾ പാർലമെന്റ് പാസാക്കിയ ‘നികുതിയും മറ്റു നിയമങ്ങളും(ഭേദഗതി) ബില്ലി’ൽ അടങ്ങിയിട്ടുണ്ടെന്നത് കൂടുതൽ ആശങ്കയ്ക്കു നിദാനമാണ്.

യു.പി.ഐ. ഇടപാടുകൾക്ക് എം.ഡി.ആർ. ഏർപ്പെടുത്തുന്നത് യു.എസ്.സമ്മർദംകാരണമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. യു.പി.ഐ. ഇടപാടുകളുടെ എൺപതുശതമാനവും നടക്കുന്നത് ജീപേ, ഫോൺപേ എന്നീ പ്ലാറ്റ്‌ഫോമുകൾവഴിയാണ്. ഇവ യഥാക്രമം അമേരിക്കൻ കമ്പനികളായ ഗൂഗിളിന്റെയും വോൾമാർട്ടിന്റെയും സംരംഭങ്ങളാണ്. ഇന്ത്യ-യു.എസ്. വ്യാപാരചർച്ചകളുടെഭാഗമായുള്ള ഒത്തുതീർപ്പനുസരിച്ചാണ് ‘നികുതിയും മറ്റു നിയമങ്ങളും(ഭേദഗതി) ബിൽ’ കൊണ്ടുവന്നതെന്ന് ആക്ഷേപമുയർന്നിരുന്നു. ഇതിന്റെ നിജസ്ഥിതിയെന്തുതന്നെയായാലും പുതിയ നീക്കം കറൻസിരഹിത സമ്പദ്‌വ്യവസ്ഥയെന്ന കേന്ദ്രസർക്കാരിന്റെതന്നെ പ്രഖ്യാപിതസ്വപ്‌നത്തെ അട്ടിമറിക്കലാണ്.

To advertise here,