രാജ്യത്തിന്റെതന്നെ യഥാർഥ സ്വാതന്ത്ര്യം സാർഥകമാകുന്നത്
സ്ത്രീസ്വാതന്ത്ര്യം യാഥാർഥ്യമാകുമ്പോഴാണ് എന്ന തിരിച്ചറിവാണ് നമുക്കുവേണ്ടത്

രാജ്യതലസ്ഥാനത്തുനിന്ന് വീണ്ടും മനസ്സുമരവിപ്പിക്കുന്ന വാർത്തവരുന്നു. ഡൽഹിയിലെ കുഷാക് റോഡിലുള്ള പറമ്പിനുസമീപം ഒരു പെൺകുട്ടിയുടെ അഴുകിയ മൃതദേഹം പോലീസ് കണ്ടെത്തിയിരുന്നു. തെരുവുനായകൾ ഭക്ഷിച്ചനിലയിൽ വികൃതമായിരുന്നു മൃതദേഹം. വിശദമായ അന്വേഷണത്തിൽ അതൊരു കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുന്നു. സി.സി.ടി.വി. കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരു വാഹനം കണ്ടെത്തുകയും അതിന്റെ തുടർച്ചയായി, പ്രായപൂർത്തിയാവാത്ത മൂന്നുപേർ ഉൾപ്പെടെ നാലുപേർ അറസ്റ്റിലാവുകയും ചെയ്തു. കൃത്യത്തിനുപയോഗിച്ച ആയുധങ്ങൾ ഉൾപ്പെടെയുള്ളവ കണ്ടെടുത്തിട്ടുണ്ട്. വാഹനത്തിലിരുന്ന് മദ്യപിച്ചതിനുശേഷം യുവാക്കൾ പെൺകുട്ടിയെ മാനഭംഗപ്പെടുത്തി കൊല്ലുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.
2012 ഡിസംബർ 16-ന് രാജ്യത്തെത്തന്നെ നടുക്കുകയും നാണംകെടുത്തുകയും ചെയ്ത ‘നിർഭയ’ സംഭവത്തിനുശേഷവും ഡൽഹിക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്ന് ഒരിക്കൽക്കൂടി തെളിയുകയാണ്. രാജ്യംമുഴുവൻ പ്രതിഷേധങ്ങൾകൊണ്ട് ഇളകിമറിഞ്ഞ സംഭവമായിരുന്നു നിർഭയ കേസ്. അന്താരാഷ്ട്രമാധ്യമങ്ങൾപോലും അതിവഗൗരവത്തോടെ സംഭവം റിപ്പോർട്ട് ചെയ്തു. ലോകത്തിനുമുന്നിൽ നമ്മൾ തലകുനിച്ച ദിവസങ്ങൾ. അതിവേഗ കോടതികൾ വന്നു. സ്ത്രീസുരക്ഷയ്ക്കായി ഒട്ടേറെ പ്രഖ്യാപനങ്ങൾ വന്നു. പക്ഷേ, എല്ലാം വെള്ളത്തിൽവരച്ച വരപോലെയായി. നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം 2024-ൽ ഡൽഹിയിൽ സ്ത്രീകൾക്കെതിരായ 13,396 കുറ്റകൃത്യങ്ങളും 1058 ബലാത്സംഗക്കേസുകളും രജിസ്റ്റർചെയ്തിട്ടുണ്ട്. 2021-ൽ നംഗൽ പ്രദേശത്ത് ഒരു പെൺകുട്ടിയെ ബലാത്സംഗംചെയ്തു കൊന്ന സംഭവമുണ്ടായി. 2022-ൽ നിർഭയക്ക് സമാനമായിത്തന്നെ ഒരു 14 വയസ്സുകാരിയെ കൂട്ടബലാത്സംഗംചെയ്ത് കൊന്നു. ഈ കണക്കുകൾക്കെല്ലാം പിന്നിൽ കണ്ണീരിൽക്കുതിർന്ന ഒട്ടേറെ കുടുംബങ്ങളുടെ ജീവിതമുണ്ട്. അവർക്കിടയിലെ സ്ത്രീകൾ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയുണ്ട്. ഇത്രയൊക്കെ കുറ്റകൃത്യങ്ങൾ സ്ത്രീകൾക്കെതിരേ നടന്നിട്ടും നമ്മുടെ ഭരണാധികാരികൾ എന്താണ് ചെയ്യുന്നത്. അവർ ഉണരുന്നില്ലെങ്കിൽ ഉണർത്തേണ്ട ഉത്തരവാദിത്വം പൗരന്മാർക്കുണ്ട്.
ജനസംഖ്യയുടെ പകുതിയോളംവരുന്ന സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കേണ്ടത് രാജ്യത്തിന്റെതന്നെ കടമയാണ്. പ്രഖ്യാപനങ്ങളും പ്രകടനങ്ങളുംകൊണ്ട് കണ്ണിൽ പൊടിയിടുന്നതിനെതിരേ ശക്തമായ പ്രതിഷേധമുയരണം. കുറ്റകൃത്യങ്ങൾ നടന്നതിനുശേഷം ഉണരുന്നതല്ല, കുറ്റകൃത്യങ്ങളെ മുൻകൂട്ടി തടയാൻ ഉണരുന്ന സംവിധാനങ്ങളാണ് നമുക്കുവേണ്ടത്. അതിൽ പരാജയപ്പെട്ട നീതിനിർവഹണസംവിധാനങ്ങളെ ഉടച്ചുവാർക്കണം. രാജ്യത്തെ ഏതു നഗരവും ഏതു സമയത്തും സ്ത്രീകൾക്ക് നിർഭയമായി സഞ്ചരിക്കാവുന്ന ഇടമാക്കണം. അതിനുള്ള ശ്രമം ഡൽഹിയിൽനിന്നുതന്നെ തുടങ്ങണം. അതിന് ഭൗതികാവസ്ഥകൾമാത്രം മെച്ചപ്പെടുത്തിയാൽ പോരാ, ജനത്തിന്റെ സാമൂഹികബോധവും പൗരബോധവും അഴിച്ചുപണിയണം. പെണ്ണിനെ തനിക്കുതുല്യയായ വ്യക്തിയായി പരിഗണിക്കുന്നതരത്തിലുള്ള വിദ്യാഭ്യാസവും ബോധവത്കരണവും നൽകണം. ഇരയ്ക്കുനേരേയല്ല, കുറ്റവാളിക്കുനേരേ ചോദ്യങ്ങളുയർത്തുന്ന സമൂഹമാണ് നമുക്കുവേണ്ടത്.
ഡൽഹി ഒരു മഹാനഗരം മാത്രമല്ല, രാജ്യത്തിന്റെ ശിരസ്സാണ്. ഭരണചക്രങ്ങൾ കറങ്ങുന്ന, ലോകം ഉറ്റുനോക്കുന്ന ഇടം. അവിടെ പെൺകുട്ടികൾ സുരക്ഷിതരല്ലെങ്കിൽ അതിന്റെ നാണക്കേട് രാജ്യത്തിനു മുഴുവനാണ്. ഒരു രാജ്യം എന്തെല്ലാം ഭൗതികനേട്ടങ്ങൾ കൈവരിച്ചാലും അവിടത്തെ സ്ത്രീകൾ സുരക്ഷിതരല്ലെങ്കിൽ അതെല്ലാം നിഷ്ഫലമാവും. സ്ത്രീകൾക്കെതിരേ അതിക്രമങ്ങൾ ഉണ്ടാവുമ്പോഴെല്ലാം മെഴുകുതിരി കൊളുത്തിവെച്ചതുകൊണ്ട് ഇനി കാര്യമില്ല. വെളിച്ചം വീഴേണ്ടത് ഭരണാധികാരികളുടെയും പുരുഷാധികാരത്തിന്റെയും മനസ്സുകളിലാണ്. അതിന് പ്രതീകാത്മക പ്രതിഷേധങ്ങൾകൊണ്ട് ഫലമില്ല. സ്ത്രീകൾ കൈകോർക്കുമ്പോൾ ഭരണകൂടം വിറയ്ക്കണം. ‘ഏറ്റവും ദുർബലയായ സ്ത്രീക്കുപോലും രാപകൽ വ്യത്യാസമില്ലാതെ വഴിയിലൂടെ ഭയരഹിതമായി നടക്കാൻ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയുമ്പോഴാണ് സ്ത്രീയുടെ യഥാർഥ സ്വാതന്ത്ര്യം സാധ്യമാകുന്നത്’ എന്ന് 1921 ഓക്ടോബർ ആറിന് ‘യങ് ഇന്ത്യ’യിൽ ഗാന്ധിജി എഴുതിയിട്ടുണ്ട്. രാജ്യത്തിന്റെതന്നെ യഥാർഥ സ്വാതന്ത്ര്യം സാർഥകമാകുന്നത് സ്ത്രീസ്വാതന്ത്ര്യം യാഥാർഥ്യമാകുമ്പോഴാണ് എന്ന തിരിച്ചറിവാണ് നമുക്കുവേണ്ടത്.
Published: 18 Sept 2026, 11:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented