നീതിയുടെ ആവാസസ്ഥാനമെന്നനിലയിൽമാത്രമല്ല, രാഷ്ട്രീയ
രൂപമെന്ന നിലയിലും ജനാധിപത്യം വെല്ലുവിളി നേരിടുന്നു

ഇന്ന് അന്താരാഷ്ട്ര ജനാധിപത്യദിനമാണ്. ജനാധിപത്യം ശക്തിപ്പെടുത്താൻ ദേശീയ സർക്കാരുകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, 2007-ൽ യു.എൻ. പൊതുസഭയാണ് എല്ലാവർഷവും സെപ്റ്റംബർ 15 അന്താരാഷ്ട്ര ജനാധിപത്യദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ദേശീയ പാർലമെന്റുകളുടെ രാഷ്ട്രാന്തരീയകൂട്ടായ്മയായ ഇന്റർപാർലമെന്ററി യൂണിയൻ 1997-ൽ ആഗോള ജനാധിപത്യപ്രഖ്യാപനം അംഗീകരിച്ചതിന്റെ വാർഷികദിനമെന്നനിലയിലാണ് സെപ്റ്റംബർ 15 ഇതിനായി തിരഞ്ഞെടുത്തത്. ലോകമെങ്ങും ജനാധിപത്യം വെല്ലുവിളി നേരിടുന്നെന്ന യാഥാർഥ്യമാകാം ഇത്തരമൊരു ദിനാചരണത്തിനുള്ള തീരുമാനമെടുക്കാൻ യു.എൻ. പൊതുസഭയെ പ്രേരിപ്പിച്ചത്. ജനാധിപത്യത്തെ സമ്പൂർണമായി തമസ്കരിക്കുന്നതിനുപകരം, ആലഭാരങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ ആ സംവിധാനത്തെ തുരങ്കംവെക്കുന്ന രീതിയാണ് പല രാജ്യത്തും അടുത്തകാലത്തായി പരീക്ഷിച്ചുകാണുന്നത്. സർവാധിപത്യപ്രവണതയുള്ള നേതാക്കളും കക്ഷികളും നിർമിതപ്രതിച്ഛായയുടെ പിൻബലത്തിൽ തിരഞ്ഞെടുപ്പുകളിൽ തുടരെത്തുടരെ ജയിക്കുകയും ജനാധിപത്യത്തിന്റെ അടിസ്ഥാനങ്ങളെ ഗോപ്യമായി ദുർബലപ്പെടുത്തുകയുംചെയ്യുന്നത് പല രാജ്യങ്ങളിലും ഈ നൂറ്റാണ്ടിൽ കണ്ടുവരുന്നുണ്ട്. ഇന്ത്യയിലും ഈ പ്രവണത ശക്തമായി കാണപ്പെടുന്നു.
ജനാധിപത്യത്തെക്കുറിച്ചുപറയുമ്പോൾ ഇന്ത്യക്കും ഇന്ത്യക്കാർക്കും ഭരണഘടനാശില്പിയായ ഡോ. ബി.ആർ. അംബേദ്കറെ അനുസ്മരിക്കാതിരിക്കാനാകില്ല. അംബേദ്കറുടെ ജനാധിപത്യദർശനം അനന്യമാണ് എന്നതുതന്നെയാണ് അതിന്റെ കാരണം. രാഷ്ട്രീയപ്രയോഗമെന്നതിനപ്പുറം ജനാധിപത്യത്തിന് നൈതികമായ അടിസ്ഥാനമുണ്ടെന്ന് അദ്ദേഹം കരുതിയിരുന്നു. ജനാധിപത്യത്തിന് രാഷ്ട്രീയമാനംമാത്രമല്ല, സാമൂഹിക-സാമ്പത്തിക വശങ്ങൾകൂടിയുണ്ടെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. അംബേദ്കർ ജനാധിപത്യത്തെ വിശദീകരിച്ചത് ഇങ്ങനെയാണ്: ‘ജനാധിപത്യം കേവലമായ ഒരു സർക്കാർരൂപമല്ല. അത് പ്രാഥമികമായി, പങ്കുവെക്കപ്പെട്ട അനുഭവങ്ങളുടെയും സഹജീവിതത്തിന്റെയും രൂപമാണ്. അടിസ്ഥാനപരമായി സഹജീവികളോടുള്ള ആദരവിന്റേതും പരിഗണനയുടേതുമായ ഒരു മനോഭാവമാണത്.’ അംബേദ്കറുടെ ജനാധിപത്യചിന്തയിലുടനീളം വേരോടിനിൽക്കുന്ന ആശയമാണ് സഹജീവികളോടുള്ള ആദരവും പരിഗണനയുമെന്നത്. രക്തച്ചൊരിച്ചിലില്ലാതെ ജനങ്ങളുടെ സാമൂഹിക-സാമ്പത്തികജീവിതക്രമങ്ങളിൽ വിപ്ലവകരമായ പരിവർത്തനം കൊണ്ടുവരാൻകഴിയുന്ന സമ്പ്രദായമായാണ് അംബേദ്കർ ജനാധിപത്യത്തെ ദർശിച്ചത്. അതുകൊണ്ടുതന്നെ, ജനാധിപത്യത്തിന്റെ വേരുകൾ ഭരണരൂപത്തിലല്ല, ജീവിതരീതിയിലാണ് എന്നും അദ്ദേഹം വിശ്വസിച്ചു. ‘ജനാധിപത്യം ഭൂരിപക്ഷഹിതമല്ല, സമത്വത്തിന്റെ മറ്റൊരു പേരാണത്’ എന്നും അദ്ദേഹം പറയുകയുണ്ടായി. സമത്വവാഞ്ഛയില്ലാത്ത, സാഹോദര്യഭാവനയില്ലാത്ത ജനാധിപത്യം പ്രഹസനമായിത്തീർന്ന ജനാധിപത്യമാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അംബേദ്കറൈറ്റ് ദർശനങ്ങൾക്ക് മുൻപെങ്ങുമില്ലാത്തവിധം പ്രസക്തി വർധിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ ഡോ. അംബേദ്കറുടെ ജനാധിപത്യവിചാരത്തെക്കുറിച്ച് പരാമർശിക്കാതെ ഈ അന്താരാഷ്ട്ര ജനാധിപത്യദിനം കടന്നുപൊയ്‌ക്കൂടാത്തതാണ്.
നീതിയുടെ ആവാസസ്ഥാനമെന്നനിലയിൽമാത്രമല്ല, രാഷ്ട്രീയരൂപമെന്നനിലയിൽത്തന്നെയും ജനാധിപത്യം വെല്ലുവിളിയും അസ്തിത്വഭീഷണിയും നേരിടുന്നൊരു കാലത്തിലൂടെയാണു നാം കടന്നുപോകുന്നത്. ചോദ്യങ്ങളുന്നയിക്കുന്നവരും എതിർസ്വരമുയർത്തുന്നവരും അപരവത്കരിക്കപ്പെടുന്ന സാഹചര്യമാണ് ഇന്ന് ഇന്ത്യയിൽ കാണാവുന്നത്. 1970-കളിലെ അടിയന്തരാവസ്ഥയെ അപലപിക്കാനുള്ള ഒരവസരവും പാഴാക്കാത്ത വർത്തമാനകാലഭരണകർത്താക്കൾ ജനാധിപത്യത്തെ അടിത്തട്ടിൽനിന്നു കാർന്നുനശിപ്പിക്കുന്ന ജോലിയിലാണ്. എസ്.ഐ.ആർ.(സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ) പ്രക്രിയയുടെപേരിൽ ‘ശുദ്ധീകരിക്കപ്പെടുന്ന’ വോട്ടർപട്ടികകൾ തിരഞ്ഞെടുപ്പുഘടനയുടെ കടയ്ക്കൽ കത്തിവെക്കുന്നു. ഭരണസംവിധാനത്തോടു കലഹിക്കുന്നവർ ദേശദ്രോഹികളെന്നു മുദ്രകുത്തപ്പെടുന്നു. വ്യവസ്ഥയെ വിമർശിക്കുന്നവരെ രാജ്യത്തിന്റെ പ്രധാനമന്ത്രിതന്നെ ‘ബൗദ്ധികനക്സലുകൾ’ എന്നു പരിഹസിക്കുന്നു. ബുദ്ധിയെയും ചിന്തയെയും ഭയപ്പെടുന്ന ഭരണകൂടം ജനാധിപത്യത്തിന്റെ പരിഹാസ്യചിത്രം വരയ്ക്കുന്നു.
Published: 15 Sept 2026, 12:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented