വിശാല സംസ്ഥാനസമിതിയോഗമെന്ന സംഘടനാ
നടപടിയിലേക്ക് സി.പി.എം. കടന്നത് മൂന്നാം തുടർഭരണമെന്ന സ്വപ്നനഷ്ടത്തിന്റെ ആഘാതത്തിലാണ്

കഴിഞ്ഞ മൂന്നുദിവസമായി കോഴിക്കോട്ടുനടന്ന, സി.പി.എമ്മിന്റെ വിപുലീകൃത സംസ്ഥാനസമിതിയോഗം അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ കൈവരിച്ചുവെങ്കിൽ നല്ലത്. പാർട്ടിയിൽ സ്വയംനവീകരണത്തിന് അത് വഴിതുറക്കുമെങ്കിൽ സന്തോഷകരംതന്നെ. നിയമസഭാതിരഞ്ഞെടുപ്പിലെ അപ്രതീക്ഷിതമായ കനത്തതോൽവിയുടെ പശ്ചാത്തലത്തിലാണ് പാർട്ടി ഇത്തരമൊരു ആത്മവിശകലനത്തിനുമുതിർന്നത്. ജനാധിപത്യം ജയിക്കുന്നവരുടേതുമാത്രമല്ല, തോൽക്കുന്നവരുടേതുകൂടിയാണ്. ജയത്തിൽ അത്യാഹ്ലാദമോ പരാജയത്തിൽ മ്ലാനതയോ ഉണ്ടാകേണ്ടകാര്യമില്ല. പക്ഷേ, പത്തുവർഷത്തെ ഭരണത്തിന്റെ അത്യുത്സാഹത്തിൽ സി.പി.എമ്മിന്റെ നേതൃത്വവും അണികളും മൂന്നാം തുടരവസരത്തിന്റെ ഉറച്ച പ്രതീക്ഷയിലായിരുന്നു. അതുകൊണ്ടാണ് തോൽവി പാർട്ടിയെ അത്രയ്ക്കങ്ങ് ഉലച്ചുകളഞ്ഞത്. അപ്പോഴും തോൽവിയുടെ ഉത്തരവാദിത്വം നേതൃത്വത്തിനല്ല, അണികൾക്കും ജനങ്ങൾക്കുമാണെന്ന വ്യാഖ്യാനങ്ങൾ നിരത്താൻ ശ്രമമുണ്ടായി. 2021-ലെ തുടർഭരണനേട്ടത്തിന്റെ മേനി അവകാശപ്പെട്ടവർ 2026-ലെ തോൽവിയുടെ ഉത്തരവാദിത്വവും ഏറ്റെടുക്കട്ടെ എന്ന് വിശാല സംസ്ഥാനസമിതിയിൽ വിമർശനമുയർന്നത് അതുകൊണ്ടാണ്. നേതൃത്വവും പ്രവർത്തകരുംതമ്മിൽ അകൽച്ചയുണ്ടായെന്നും അതു തിരുത്തപ്പെടണമെന്നും പാർട്ടിയിൽ തിരിച്ചറിവുണ്ടായിട്ടുണ്ട്. ആ പ്രശ്നം പരിഹരിക്കപ്പെടുമ്പോൾ പാർട്ടിയും ജനങ്ങളുംതമ്മിലുണ്ടായ അകൽച്ചയും നീങ്ങുമെന്നാണു വിലയിരുത്തലുണ്ടായത്. ആ ദിശയിലേക്കു കാര്യങ്ങൾ നീക്കാനായാൽ പാർട്ടിക്ക് ഉയർത്തെഴുന്നേൽപ്പ് സാധ്യമാകാതിരിക്കില്ല.
അമേരിക്കൻ ചാരസംഘടനയായ സി.ഐ.എ. 2008-ൽ പരസ്യമാക്കിയ ഒരു പഴയ റിപ്പോർട്ടിൽ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികളെക്കുറിച്ച് ഇങ്ങനെ പറയുന്നുണ്ട്: ‘വർഗസമരസിദ്ധാന്തം പാർലമെന്ററിമാർഗത്തിനു വഴിമാറി. പാർലമെന്ററിസമ്പ്രദായത്തിൽ അവർ ഇഴുകിച്ചേർന്നു.’ ചൈനയുടെ വിപ്ലവാഹ്വാനത്തിൽ ആകൃഷ്ടരായി 1964-ൽ മാതൃസംഘടനയെ പിളർത്തിയുണ്ടായ സി.പി.എമ്മിന് പിന്നീട് എന്തുസംഭവിച്ചെന്നു നമുക്കറിയാം. വിമോചനസമരത്തിൽ അണിനിരന്ന കക്ഷികളെവരെ കൂടെക്കൂട്ടി 1967-ൽ സപ്തകക്ഷിമുന്നണിയുണ്ടാക്കി ഭരണംപിടിച്ചതിൽത്തന്നെ പാർലമെന്ററിമാർഗത്തിന്റെ രസച്ചരടിൽ സി.പി.എം. എത്രമാത്രം കോർക്കപ്പെട്ടെന്നതിന്റെ നേർച്ചിത്രമുണ്ട്. വിശാല സംസ്ഥാനസമിതിയോഗമെന്ന സംഘടനാനടപടിയിലേക്ക് ഇപ്പോൾ കടന്നതുപോലും മൂന്നാംതുടർഭരണമെന്ന സ്വപ്നനഷ്ടത്തിന്റെ ആഘാതത്തിലാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെ നേട്ടത്തിനു കോപ്പുകൂട്ടുകയാണ് അതിന്റെ പരിമിതോദ്ദേശ്യമെന്ന് അറിയാത്തവരില്ല. അതിനപ്പുറം, കേരളത്തിന്റെ സമൂഹമനസ്സിൽ വിശാല ഇടതുപക്ഷാവബോധം അതിവേഗം നേർത്തുനേർത്തുവരുന്നതിനെ അഭിസംബോധനചെയ്യാനുള്ള ആദർശദാർഢ്യമോ ആശയസമ്പുഷ്ടിയോ സി.പി.എമ്മിന് ഇന്നുണ്ടെന്നു കരുതുകവയ്യാ. ആ ദിശയിലെന്തെങ്കിലും സംവാദങ്ങൾ ഇക്കഴിഞ്ഞ യോഗത്തിൽ നടന്നതായി സൂചനകളുമില്ല.
ഇന്ത്യയുടെയും കേരളത്തിന്റെയും രാഷ്ട്രീയഭൂമിക സി.പി.എമ്മിന്റെ സാന്നിധ്യം ആവശ്യപ്പെടുന്നുണ്ട്. പക്ഷേ, നേതാക്കൾക്കൊപ്പംനിൽക്കാനുള്ളതാണ് പാർട്ടി എന്ന നിലവിലെ കാഴ്ചപ്പാടിൽനിന്ന്, പാർട്ടിക്കൊപ്പംനിൽക്കേണ്ടവരാണു നേതാക്കൾ എന്നനിലയിലേക്ക് നേതൃത്വത്തിന്റെ പരിപ്രേക്ഷ്യം മാറിയെങ്കിൽമാത്രമേ കേരളത്തിൽ സി.പി.എമ്മിന് അണികളുടെയും ജനങ്ങളുടെയും വിശ്വാസം തിരിച്ചുപിടിക്കാനാകൂ. പ്രസ്ഥാനത്തിലെ പൂർവസൂരികൾ വ്യവഹരിച്ച മൂല്യസഞ്ചയങ്ങളിലേക്ക് പാർട്ടിയുടെ എല്ലാ തട്ടിലുമുള്ള നേതാക്കൾ മടങ്ങിപ്പോകുകയെന്നത് അതിനെക്കാൾ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്; ഇന്നത്തെനിലയിൽ അതത്ര എളുപ്പമല്ലെങ്കിലും. സാമൂഹികമാധ്യമങ്ങളെ അർഥദീപ്തമായ സംവാദങ്ങൾക്കായി പ്രയോജനപ്പെടുത്തുന്നതിനുപകരം വ്യക്തിത്വഹത്യകളുടെയും കൊലവിളികളുടെയും നിലമാക്കിത്തീർക്കുന്ന സൈബർപ്പോരാളികൾ പാർട്ടിയുടെ ആസ്തിയല്ല, ബാധ്യതയാണെന്നു തിരിച്ചറിയണം. മുഖ്യധാരാമാധ്യമങ്ങളെ അകറ്റിനിർത്തുന്നതും അവയിൽ അവിശ്വാസം ജനിപ്പിക്കാനുള്ള നിരന്തരശ്രമങ്ങളിലേർപ്പെടുന്നതും ആത്മവിനാശകമാണെന്നുകൂടി അറിയുക. കാറ്റുംവെളിച്ചവും കടക്കാത്ത രാഷ്ട്രീയപ്രസ്ഥാനത്തോട് ജനത്തിന്, വിശിഷ്യാ പുതുതലമുറയ്ക്ക്, മതിപ്പുതോന്നാനിടയില്ല. പാർലമെന്ററിവ്യവസ്ഥയെ പുൽകുമ്പോഴും ജനാധിപത്യത്തിന്റെ സൂക്ഷ്മഭേദങ്ങളെ ഉൾക്കൊള്ളുന്നതിൽ സി.പി.എം. ഇപ്പോഴും അശിക്ഷിതമാണ്. പാർലമെന്ററിജീർണതയാണ് കേരളത്തിലെ ഏറ്റവും ശക്തമായ കമ്യൂണിസ്റ്റ് പ്രസ്ഥാനം നേരിടുന്ന പ്രധാനപ്രശ്നമെന്നതും വൈരുധ്യമായിത്തോന്നാം. ആ പ്രശ്നത്തെ നിർവീര്യമാക്കാനുള്ള യുക്തിസഹമായ കർമപദ്ധതി കോഴിക്കോട്ടു സമാപിച്ച വിശാല സംസ്ഥാനസമിതിയോഗത്തിൽ ഉരുത്തിരിഞ്ഞുവോ എന്നത് സംശയാസ്പദമാണ്. കേരളീയസമൂഹത്തിന്റെ അതിദ്രുതമായ വലതുവത്കരണമെന്ന കൂടുതൽ മാരകമായ വിപത്തിനെ വേണ്ടവിധം മനസ്സിലാക്കാനോ നേരിടാനോ സി.പി.എം. ഇന്നത്തെനിലയ്ക്ക് അസമർഥവുമാണ്.
Published: 16 Sept 2026, 12:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented