യു.എസ്.നിയമനിർമാണസഭതന്നെ ഇപ്പോൾ പ്രസിഡന്റിന്
തീരുവാധികാരങ്ങൾ കല്പിച്ചുനൽകിയിരിക്കുന്നു

ഇന്ത്യയുടെ കയറ്റുമതിതാത്പര്യങ്ങൾക്ക് ഹാനികരമായൊരു നിയമനിർമാണം യു.എസ്. കോൺഗ്രസ് പാസാക്കിയിരിക്കുന്നു. ‘റഷ്യക്കും ഇറാനുംമേൽ ഉപരോധമേർപ്പെടുത്തൽ നിയമം’ എന്നാണു പേരെങ്കിലും ചൈനയും ഇന്ത്യയുമടക്കമുള്ള അഞ്ചുരാജ്യങ്ങൾക്ക് അത് ഭീഷണിയാണ്. എണ്ണയും പ്രകൃതിവാതകവും മറ്റു രാജ്യങ്ങളിലേക്കു കയറ്റുമതിചെയ്ത് റഷ്യ ധനസമ്പാദനം നടത്തരുത് എന്നതാണ് നിയമത്തിനുപിന്നിലെ ഉദ്ദേശ്യം. ഇങ്ങനെ ആർജിക്കുന്ന പണം റഷ്യ യുക്രൈനിലെ യുദ്ധത്തിനു വിനിയോഗിക്കുന്നെന്നാണ് യു.എസിന്റെ ആക്ഷേപം. അതുകൊണ്ട് റഷ്യൻ എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നതിൽനിന്ന് മറ്റു രാജ്യങ്ങളെ നിരുത്സാഹപ്പെടുത്തുകയാണ് നിയമത്തിലൂടെ ഉദ്ദേശിക്കുന്നത്. റഷ്യയിൽനിന്ന് ഇങ്ങനെ ഏറ്റവുമധികം എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന അഞ്ചുരാജ്യങ്ങളിൽനിന്ന് കയറ്റിയയക്കുന്ന സാമഗ്രികൾക്ക് യു.എസിൽ നൂറുശതമാനംവരെ ഇറക്കുമതിച്ചുങ്കം ചുമത്താൻ പ്രസിഡന്റിനെ അധികാരപ്പെടുത്തുന്ന നിയമമാണ് കോൺഗ്രസ് പാസാക്കിയത്. കോൺഗ്രസിലെ രണ്ടുസഭകളിലൊന്നായ സെനറ്റ് ഓഗസ്റ്റിൽ ഈ ബിൽ പാസാക്കിയിരുന്നു. ജനപ്രതിനിധിസഭ കഴിഞ്ഞദിവസം പാസാക്കിയ ബിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെക്കുന്നതോടെ നിയമമാകും. നിയമത്തിലെ വ്യവസ്ഥ ഇന്ത്യക്കെതിരേ പ്രയോഗിക്കുന്നപക്ഷം നമുക്ക് ആഘാതമുണ്ടാകും.
റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള ‘ശിക്ഷ’യായി യു.എസ്. പ്രസിഡന്റ് ട്രംപ് സ്വന്തം അധികാരമുപയോഗിച്ച് നേരത്തേ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കുമേൽ അധികതീരുവകൾ ചുമത്തിയിരുന്നു. ഇപ്പോൾ യു.എസ്.കോൺഗ്രസ് ഇതിനായി നിയമനിർമാണം നടത്തിയിരിക്കുകയാണ്. നരേന്ദ്രമോദിസർക്കാരിന്റെ വിദേശനയപരാജയമാണിതെന്നാണ് ഇന്ത്യൻ പ്രതിപക്ഷം ആരോപിക്കുന്നത്. ഇന്ത്യ-യു.എസ്. വ്യാപാരക്കരാർ യാഥാർഥ്യമാക്കാനുള്ള ചർച്ചകൾ നടന്നുവരുന്ന പശ്ചാത്തലത്തിൽ ഇത്തരമൊരു നീക്കം തടയാൻ എന്തുകൊണ്ട് കേന്ദ്രസർക്കാരിനുകഴിഞ്ഞില്ലെന്നും ചോദ്യമുയരുന്നു. ഈ നിയമനിർമാണത്തിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി യു.എസ്. പ്രതിനിധികളോടു സംസാരിച്ചിട്ടുണ്ടെന്നും തുടർസാഹചര്യങ്ങൾ നിരീക്ഷിക്കുമെന്നും ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഉഭയകക്ഷിബന്ധത്തിൽമാത്രമല്ല, അന്താരാഷ്ട്ര ഇന്ധനവിപണിയിലും അനുരണനങ്ങളുണ്ടാക്കാൻപോന്ന സംഭവവികാസമാണിതെന്ന് യു.എസ്. അധികാരികളോട് അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ടെന്നാണ് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുള്ളത്. വിവിധ ഉറവിടങ്ങളിൽനിന്ന് ഇന്ധനം ലഭ്യമാക്കിക്കൊണ്ട് രാജ്യത്തിന്റെ ഊർജസുരക്ഷ ഉറപ്പാക്കാനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയും പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞിരിക്കുന്നു.
യുക്രൈൻയുദ്ധം തുടങ്ങിയശേഷം യു.എസ്.സമ്മർദത്തിനുവഴങ്ങി, റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ ഗണ്യമായി കുറച്ചിരുന്നു. എന്നാൽ, ഇറാൻസംഘർഷം ആരംഭിച്ചതോടെ, റഷ്യൻ എണ്ണ വാങ്ങുന്നതിന് മറ്റു രാജ്യങ്ങൾക്കുമേൽ ഏർപ്പെടുത്തിയ വിലക്കുകൾ അമേരിക്കതന്നെ ലഘൂകരിക്കുകയുണ്ടായി. ആഗോളതലത്തിൽ ഇന്ധനവിപണിയിലുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. ഈ ഇളവിന്റെ ആനുകൂല്യത്തിൽ, റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വർധിപ്പിക്കുകയുംചെയ്തു. അതിനിടയിലാണ് യു.എസ്. പുതിയ നിയമനിർമാണം നടത്തിയിരിക്കുന്നത്.
റഷ്യയിൽനിന്ന് ഇന്ധനം വാങ്ങുന്നതിന്റെപേരിൽ മറ്റു രാജ്യങ്ങളെ ‘ശിക്ഷി’ക്കാൻ ശ്രമിക്കുന്ന യു.എസ്. പ്രസിഡന്റ് ട്രംപിനുതന്നെ ആ രാജ്യവുമായും അവിടത്തെ ഭരണകൂടവുമായും രഹസ്യവിനിമയങ്ങളുള്ളതായി ആരോപണങ്ങളുണ്ട്. ട്രംപ് ആദ്യതവണ പ്രസിഡന്റായപ്പോൾ, ആ വിജയത്തിനു റഷ്യൻ ഭരണകൂടം ചരടുവലിച്ചതായി ആരോപണമുണ്ടായിരുന്നു. കൂടാതെ, ട്രംപിനും കുടുംബത്തിനും റഷ്യയിൽ ബിസിനസ് താത്പര്യങ്ങളുള്ളതായും പറയപ്പെടുന്നു. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയുടെപേരിലുംമറ്റും മറ്റു രാജ്യങ്ങൾക്കുമേൽ തീരുവ കൂട്ടുകയും കുറയ്ക്കുകയുമൊക്കെചെയ്യുന്ന വിചിത്രനീക്കങ്ങൾ ട്രംപ് കൈക്കൊള്ളുന്നത് സ്വന്തം കമ്പനികളുടെ ഓഹരിമൂല്യതാത്പര്യങ്ങൾക്കുവേണ്ടിയാണെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. യു.എസ്.നിയമനിർമാണസഭതന്നെ ഇപ്പോൾ പ്രസിഡന്റിന് തീരുവാധികാരങ്ങൾ കല്പിച്ചുനൽകിയതോടെ അദ്ദേഹം ഇനിയെന്താണു ചെയ്യാൻപോകുന്നതെന്ന് ഉറ്റുനോക്കുകയാണു ലോകം. ഇന്ത്യൻ ജനതയുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻവേണ്ടത് കേന്ദ്രസർക്കാർ ചെയ്യുമെന്നുതന്നെ പ്രതീക്ഷിക്കാം.
Published: 17 Sept 2026, 11:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented