ന്യൂയോർക്കിലെ ലോകവ്യാപാരസമുച്ചയത്തിനും വെർജീനിയയിലെ അമേരിക്കൻ പ്രതിരോധ ആസ്ഥാനത്തിനുംനേരേ നടന്ന അപ്രതീക്ഷിതമായ ചാവേർവിമാനാക്രമണത്തിന്റെ ഇരുപത്തിയഞ്ചാംവാർഷികമാണ് ഇന്ന്. 2001 സെപ്റ്റംബർ 11-നുനടന്ന ആ ഭീകരാക്രമണം, 9/11 എന്ന ദിനസൂചനയിലാണ് ലോകത്തിന്റെ സ്മരണയിൽ അമർന്നത്. ഭീകരവാദം എത്രമാത്രം ഈ ഭൂഗോളത്തിൽ ശക്തിപ്രാപിച്ചെന്ന പ്രഖ്യാപനമായിരുന്നു ആ സംഭവം. അത്രകാലവും അധൃഷ്യമെന്നു തോന്നിപ്പിച്ച സാമ്രാജ്യത്വത്തോടുള്ള അമർഷ പ്രകടനവുമായിരുന്നു അത്. മൂവായിരത്തോളം നിരപരാധികൾ അന്ന് വെണ്ണീറായി. ലോകത്തെ ഏറ്റവും ശക്തിമത്തെന്നു കരുതപ്പെട്ട രാഷ്ട്രം ഉപചാരപരമല്ലാത്തൊരു യുദ്ധമുറയ്ക്കുമുൻപിൽ പതറിപ്പോകുന്നതാണ് അന്നു കണ്ടത്. അമേരിക്കയുടെ പ്രതികരണം കടുത്തമട്ടിലായിരുന്നു. 9/11-നുള്ള മറുപടിയായി അമേരിക്ക പ്രഖ്യാപിച്ച ‘ആഗോള ഭീകര വിരുദ്ധയുദ്ധം’ അന്നോളമുള്ള ലോകത്തെ മാറ്റിമറിച്ചു. സോവിയറ്റ് യൂണിയന്റെ പതനത്തോടെ കമ്യൂണിസമെന്ന ആഗോളശത്രുവിനെ നഷ്ടപ്പെട്ട അമേരിക്കൻ സാമ്രാജ്യത്വം പുതിയൊരു ആശയവൈരിയെ അടയാളപ്പെടുത്തി. ഇസ്‌ലാമികതീവ്രവാദമായിരുന്നു ആ പുതുശത്രു. 9/11-ന്റെ സൂത്രധാരനായ ഭീകരൻ, ഉസാമ ബിൻ ലാദനുവേണ്ടിയുള്ള തിരച്ചിലിനായി അഫ്ഗാനിസ്താനിൽ അമേരിക്ക അധിനിവേശംനടത്തി. തങ്ങളുടെതന്നെ സൃഷ്ടിയായ താലിബാനുമായി രണ്ടുപതിറ്റാണ്ടോളം അവിടെ യുദ്ധത്തിലേർപ്പെട്ട യു.എസിനുപക്ഷേ, ഒടുവിൽ വിയറ്റ്‌നാമിനെ ഓർമ്മപ്പെടുത്തുന്നവിധത്തിലുള്ള പിൻമടക്കം നടത്തേണ്ടിവന്നു. പക്ഷേ, ഇറാഖിലും ലിബിയയിലുമൊക്കെ തങ്ങൾക്ക് അഭിമതരല്ലാത്ത ഭരണാധികരികളെ പുറന്തള്ളാൻ അമേരിക്ക ഭീകര വിരുദ്ധയുദ്ധത്തിന്റെ പ്രത്യയശാസ്ത്രമറയും പൊടിക്കൈകളും പ്രയോഗിച്ചു. സിറിയ, സൊമാലിയ, യെമെൻ തുടങ്ങി പല രാജ്യങ്ങളിലേക്കായി ഈ വല വിടർന്നു.

നാശംവിതയ്ക്കുകയെന്നതിനപ്പുറം ഏതൊരു ഭീകരാക്രമണത്തിന്റെയും ആസൂത്രകർ ലക്ഷ്യമിടുന്നത് ഭയംജനിപ്പിക്കാനാണ്. 9/11-ന്റെ സൂത്രധാരർ ആ ലക്ഷ്യത്തിൽ വിജയംനേടിയതിന്റെ തിക്തഫലം അനുഭവിച്ചത് ലോകംമുഴുവനുമാണ്. അമേരിക്കയിൽമാത്രമല്ല, ലോകമെങ്ങും ആ സംഭവം അപരസന്ദേഹത്തിന്റെ വിത്തുകൾവിതറി. പാശ്ചാത്യരാജ്യങ്ങളിൽ അതിദേശീയ-കുടിയേറ്റവിരുദ്ധ വികാര ങ്ങളുടെയും നവനാസിപ്രസ്ഥാനങ്ങളുടെയും ത്വരിതവളർച്ചയ്ക്ക് 9/11 നിമിത്തമായി. ആ അർഥത്തിൽ യു.എസിൽ ഡൊണാൾഡ് ട്രംപ് യുഗത്തിന്റെയും ട്രംപിസത്തിന്റെയും ആഗമനത്തിലേക്കുനയിച്ചതും 9/11-ന്റെ സ്വാധീനമാണെന്നുപറയുന്നത് അതിശയോക്തിയാകില്ല.

ചിലിയിൽ സൈനികമേധാവി ജനറൽ അഗസ്റ്റോ പിനോഷെ അമേരിക്കൻ ആശീർവാദത്തോടെ, ഇടതുപക്ഷക്കാരനും ജനകീയനുമായ പ്രസിഡന്റ് സാൽവദോർ അലന്ദെയെ അട്ടിമറിയിലൂടെ കൊലപ്പെടുത്തി അധികാരംപിടിച്ചത് 1973 സെപ്റ്റംബർ 11-നാണ്. ലാറ്റിനമേരിക്കയിലെ യു.എസ്. സാമ്രാജ്യത്വ അതിക്രിയകളിലൊന്നു മാത്രമായിരുന്നു അതെങ്കിലും ആ തീയതിയുടെ ധ്വനി ഇപ്പോൾ വേറിട്ടുനിൽക്കുന്നു. 1917-ലെ ബാൽഫർ പ്രഖ്യാപനത്തിന്റെ തുടർച്ചയായി, പലസ്തീനിൽ ജൂതരാഷ്ട്രസ്ഥാപനം ഉറപ്പാക്കുന്ന ബ്രിട്ടീഷ് സാമ്രാജ്വത്വത്തിന്റെ ഏകപക്ഷീയമായ അറിയിപ്പുണ്ടായതും ഒരു സെപ്റ്റംബർ പതിനൊന്നാംതീയതിയാണ്- 1922-ൽ. ഗാസാ നഗരത്തിന്റെ കവാടത്തിൽ ബ്രിട്ടീഷ് പട്ടാളത്തെ അണിനിരത്തി യായിരുന്നു, അറബ് പലസ്തീനികളുടെ ഹൃദയംഭേദിച്ച ആ വിളംബരം. ചരിത്രത്തിലെ ഈ രണ്ട് സെപ്റ്റംബർ പതിനൊന്നുകളെക്കൂടി അനുസ്മരിച്ചുകൊണ്ടുമാത്രമേ 2001 സെപ്റ്റംബർ പതിനൊന്നിന്റെ ഓർമ്മ പുതുക്കാവൂ.

To advertise here,