കാലവർഷം കഴിയുന്നതോടെ കേരളം വലിയ വരൾച്ചയിലേക്കു പോകാനുള്ള സാധ്യത നിലനിൽക്കുന്നു

മഴക്കാലമെന്നാണുവെപ്പെങ്കിലും ചൂടിൽ വെന്തുരുകുകയാണ് കേരളം ഇപ്പോൾ. മഴക്കുറവിനുപുറമേ മേഘാവരണം കുറഞ്ഞതും വർധിക്കുന്ന സൂര്യവികിരണവും അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പവുമൊക്കെ ചൂടുകൂടാൻ കാരണങ്ങളാണ്. കൊല്ലം ജില്ലയിലെ പുനലൂരിൽ ഇന്നലത്തെ കൂടിയ താപനില 36.2 ഡിഗ്രി സെൽഷ്യസാണ്; പാലക്കാട് മുണ്ടൂരിൽ 35 ഡിഗ്രി സെൽഷ്യസും. പാലക്കാട് തൃത്താലയിൽ സ്ഥാപിച്ച അൾട്രാവയലറ്റ്(യു.വി.) സെൻസറിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് യു.വി. സൂചിക ഒൻപത് യൂണിറ്റ് രേഖപ്പെടുത്തി. പത്തു യൂണിറ്റിനുമുകളിലായാൽ യു.വി. വികിരണം ഉയർന്നതോതിലെന്നു കണക്കാക്കും. അത് സൂര്യാഘാതത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.
സെപ്റ്റംബർ 30 വരെയാണ് തെക്കുപടിഞ്ഞാറൻ കാലവർഷം(എടവപ്പാതി). എന്നാൽ, മഴ ഈ മാസം ചിലദിവസങ്ങളിൽ ഉണ്ടാകുമെന്നല്ലാതെ, കാര്യമായതോതിൽ പ്രതീക്ഷിക്കാവുന്നവിധം അനുകൂലഘടകങ്ങളില്ലെന്നാണ് കാലാവസ്ഥാവിദഗ്ധരുടെ വിശകലനം. ‘എൽ നിനോ’ പ്രതിഭാസം ശക്തമായതാണ് കാരണം. ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷം തുടങ്ങിയശേഷം ജൂലായിലും ചില ദിവസങ്ങളിൽ ചൂടുമുന്നറിയിപ്പ് നൽകേണ്ടിവന്നിരുന്നു. കാലവർഷത്തിൽ ഇതുവരെ പെയ്യേണ്ടിയിരുന്നത് 1806.4 മില്ലിമീറ്റർ മഴയാണ്. പെയ്തത് 1371.6 മില്ലിമീറ്റർ- 24 ശതമാനം കുറവ്.
ഇന്ത്യൻ മഹാസമുദ്രത്തിലൂടെ വീശുന്ന മൺസൂൺകാറ്റുകൾ കൊണ്ടുവരുന്ന കാലവർഷത്തിന്റെ പ്രവേശനകവാടമാണു കേരളം. കേരളത്തിലെ വാർഷികമഴയുടെ എഴുപതുശതമാനവും ലഭിക്കുന്നത് തെക്കുപടിഞ്ഞാറൻ കാലവർഷത്തിലാണ്. ഇത്തവണ എൽ നിനോ പ്രശ്നമായി. ശാന്തസമുദ്രത്തിൽ ഭൂമധ്യരേഖയോടു ചേർന്നുകിടക്കുന്ന ഉപരിതലജലത്തിലെ താപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് ആഗോളകാലാവസ്ഥയെ ബാധിക്കുന്ന എൽ നിനോയ്ക്കു കാരണം. കഴിഞ്ഞ എഴുപത്തിയഞ്ചുകൊല്ലത്തിനിടെ പതിനേഴുതവണ എൽ നിനോ രൂപപ്പെട്ടതായാണു കാലാവസ്ഥാചരിത്രം. ഇതിൽ പകുതിയിലേറെ കൊല്ലങ്ങളിലും ഇന്ത്യയിൽ കാലവർഷം കുറഞ്ഞു. കാലവർഷം കഴിയുന്നതോടെ കേരളം വലിയ വരൾച്ചയിലേക്കു പോകാനുള്ള സാധ്യത നിലനിൽക്കുന്നു. ഭൂഗർഭജലനിരപ്പ് താഴും. ചൂട് വലിയതോതിൽ വർധിച്ചേക്കും. എൽ നിനോ ശക്തിപ്രാപിക്കുകയാണെന്നും നവംബർമുതൽ ജനുവരിവരെയുള്ള ശീതകാലത്ത് അത് മൂർധന്യത്തിലെത്തുമെന്നുമാണ് ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസിന്റെ വിശകലനം. കടൽ ചൂടാകുമ്പോൾ കൂടുതൽ നീരാവി രൂപപ്പെട്ട് കൂമ്പാരമേഘങ്ങളുണ്ടാകാനും അത് ചിലയിടങ്ങൾ കേന്ദ്രീകരിച്ചുള്ള അതിതീവ്രമഴ പെയ്യിക്കാനുമിടയുണ്ട്. സങ്കീർണമായ അവസ്ഥാവിശേഷമാണത്.
ചൂടുകൂടുന്നത് പകർച്ചവ്യാധികൾ കൂടാനും കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഈർപ്പം, ശുചിത്വക്കുറവ് തുടങ്ങിയ ഘടകങ്ങളും ഉത്തേജകമാണ്. കേരളത്തിലെ ഉയർന്ന താപനിലയിൽ പ്രത്യേകം ജാഗ്രതവേണ്ടത് ഡെങ്കിപ്പനിയുടെ കാര്യത്തിലാണ്. ഡെങ്കി പരത്തുന്ന കൊതുകുകൾ പെരുകാനിടയുള്ളതാണു കാരണം. ചിക്കുൻഗുനിയയുടെ കാര്യത്തിലും സമാനമായ സാഹചര്യമുണ്ടാകാം. കഠിനമായ ഉഷ്ണം ആളുകളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന സാഹചര്യവും സംജാതമായേക്കും.
ആരോഗ്യപ്രശ്നങ്ങൾക്കെതിരേ കരുതിയിരിക്കുകയെന്നതാണ് ഈ സാഹചര്യത്തിൽ പൊതുജനങ്ങളും ഭരണകൂടവും അടിയന്തരമായി ചെയ്യേണ്ടത്. വരാൻപോകുന്ന വരൾച്ചക്കാലത്തെ നേരിടാനുള്ള ആസൂത്രണമാണ് ശ്രദ്ധപതിയേണ്ട മറ്റൊരുകാര്യം. ജലദൗർലഭ്യത്തെ ഏതുവിധേനയും മറികടക്കാൻ സാധിച്ചില്ലെങ്കിൽ നിത്യജീവിതം പ്രയാസകരമാകും. കാലാവസ്ഥാവ്യതിയാനത്തിന്റെ ദൂഷ്യങ്ങളെ ചെറുക്കാൻ പ്രാദേശികഭരണകൂടങ്ങളും സന്നദ്ധപ്രസ്ഥാനങ്ങളും ജനസമൂഹവും കൈകോർത്തുപ്രവർത്തിക്കണം.
Published: 07 Sept 2026, 11:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented