To advertise here,

‘മോർഫിങ്’ സാങ്കേതികവിദ്യ ഉപയോഗിച്ച്, സഹപാഠികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങളിൽ അശ്ലീലധ്വനിയുള്ള മാറ്റങ്ങൾവരുത്തിയതിന് സംസ്ഥാനത്ത് രണ്ടുവിദ്യാർഥികൾ പിടിയിലായ സംഭവം ഗൗരവപൂർവം വീക്ഷിക്കപ്പെടേണ്ടതാണ്. ചതിക്കു വിധേയരാകുന്നവരുടെ അന്തസ്സ്, സ്വകാര്യത, സത്‌പേര് എന്നിവയ്ക്കുണ്ടാകുന്ന ക്ഷതം അപരിഹാര്യമാണെന്നതാണ് ഒരുവശം. മറുവശത്ത്, നമ്മുടെ പുതുതലമുറയിൽ ഒരു ചെറുവിഭാഗമെങ്കിലും ഇത്തരം മനോവൈകൃതങ്ങളുടെയും ലൈംഗിക അരാജകത്വത്തിന്റെയും അടിമകളാണെന്നതും നടുക്കമുളവാക്കുന്നു. സാങ്കേതികവിദ്യയുടെ ഇത്തരം ദുരുപയോഗം കർക്കശമായി തടയുന്നതിന് നിയമപാലനസംവിധാനങ്ങളുടെ നിതാന്തജാഗ്രതയും സത്വരനടപടികളും ഉണ്ടാകണം.

 

ഏറ്റുമാനൂരിലെയും എറണാകുളത്തെയും കോളേജുകളിൽ ബിരുദപഠനം നടത്തുന്നവരാണ് അറസ്റ്റിലായത്. ഏറ്റുമാനൂരിലെ വിദ്യാർഥി സഹപാഠികളുടെ ചിത്രമെടുത്തശേഷം അശ്ലീലചിത്രങ്ങളോടു ചേർത്തു വച്ച് ഫോണിൽ സൂക്ഷിക്കുകയായിരുന്നു. പ്രോജക്ട് വർക്കിനിടെ പ്രതിയുടെ ഫോൺ കൈവശം കിട്ടിയ സഹപാഠിയാണ്, തന്റേതുൾപ്പെടെയുള്ള ചിത്രങ്ങൾ ഫോണിൽ കണ്ടത്. തുടർന്ന് വിദ്യാർഥികൾ പോലീസിൽ വിവരമറിയിച്ചു. കാമ്പസിലെ ഏഴുവിദ്യാർഥിനികളുടെ പരാതിയിൽ കേസെടുത്തു. ഒട്ടേറെ വിദ്യാർഥിനികളുടെ ചിത്രങ്ങൾ ഇത്തരത്തിൽ നഗ്നചിത്രങ്ങളോടു ചേർത്തുവെച്ചനിലയിൽ പ്രതിയുടെ ഫോണിൽ നിന്നു കണ്ടെത്തി. ലാപ്‌ടോപ്പിലെയും മൊബൈൽഫോണിലെയും ആദ്യം തുറക്കുമ്പോഴുള്ള ഫോൾഡറിൽ വിദ്യാർഥിനികളുടെ യഥാർഥ ചിത്രങ്ങളാണ് സൂക്ഷിച്ചിരുന്നത്. ഇതേ ചിത്രങ്ങൾതന്നെ അശ്ലീലചിത്രങ്ങളുമായി ചേർത്ത് രഹസ്യ ഫോൾഡറിൽ സൂക്ഷിച്ചിരുന്നു. പ്രതി ഈ ചിത്രങ്ങൾ മറ്റാർക്കും അയച്ചു കൊടുത്തിട്ടില്ലെന്നും ഫോണിൽ സൂക്ഷിക്കുകയായിരുന്നെന്നും പ്രാഥമികാന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

 

എറണാകുളത്തെ കോളേജിലെ വിദ്യാർഥി അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്തു ക്ലോസ്ഡ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതായാണ് പോലീസ് കണ്ടെത്തിയത്. മറ്റു ചില സ്ത്രീകളുടെ ചിത്രങ്ങളും സമാനമായി ദുരുപയോഗം ചെയ്തതായി കണ്ടെത്തി. ഇയാൾ സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തതായി തെളിവു ലഭിച്ചിട്ടില്ല. കോളേജ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് സംഘമായി പ്രവർത്തിച്ചിരുന്നതായി തെളിവു ലഭിച്ചിട്ടില്ലെന്നും പ്രതിയുടെ മാനസികവൈകൃതമാണ് കുറ്റകൃത്യത്തിലേക്കു നയിച്ചതെന്നുമാണ് അന്വേഷണോദ്യോഗസ്ഥരുടെ പ്രാഥമികനിഗമനം.

 

നമ്മുടെ പുതുതലമുറ പൊതുവേ ലിംഗഭേദങ്ങൾ കണക്കാക്കാതെ തുറന്ന മനസ്സോടെയും പരസ്പരബഹുമാനത്തോടെയും പെരുമാറുന്നവരാണ്. പെൺകുട്ടികളെയും സ്ത്രീകളെയും തുല്യവ്യക്തികളായിക്കാണാനും ആദരിക്കാനുമുള്ള അകക്കണ്ണുള്ളവരാണ് ‘ജെൻസീ’ തലമുറയിലെ ആൺകുട്ടികളും യുവാക്കളും. എന്നാൽ, എല്ലാവരും അങ്ങനെയെന്നു പറയാനാകില്ലെന്ന് ചില സംഭവങ്ങൾ തെളിയിക്കുന്നു. മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ഉപയോഗം നമ്മുടെ പുതുതലമുറയിൽ കുറെപ്പേരെയെങ്കിലും സ്വാധീനിക്കുന്നുണ്ടെന്നതിൽ സംശയമില്ല. സാന്മാർഗിക ജീവിത മൂല്യങ്ങളിൽ നിന്ന് ഇത്തരക്കാർ വല്ലാതെ അകന്നു പോകുന്നു. ചിലരൊക്കെ കുറ്റകൃത്യങ്ങളുടെ വഴിയിലേക്കു പോലും നീങ്ങുന്നതായാണു കണ്ടു വരുന്നത്. സമൂഹവും ഭരണകൂടവും നിയമ സംവിധാനങ്ങളും ജാഗ്രത പുലർത്തുക മാത്രമേ പോംവഴിയുള്ളൂ.