രാജ്യത്തെ വനിതാ നിയമസഭാംഗങ്ങൾക്കായി ദേശീയ വനിതാകമ്മിഷൻ സംഘടിപ്പിച്ച ശില്പശാലയിലെ ആശയവിനിമയങ്ങൾ സമ്പൂർണമായി ഹിന്ദിയിലായതിനുപിന്നിലെ രാഷ്ട്രീയസന്ദേശം ആശാവഹമല്ല. ആദ്യദിനം പരാതിപറഞ്ഞിട്ടും രക്ഷയില്ലാതായതോടെ സമാപനദിവസമായ ചൊവ്വാഴ്ച പ്രതിഷേധം രേഖപ്പെടുത്തി മന്ത്രിമാരടക്കം കേരളത്തിൽനിന്നുള്ള വനിതാസാമാജികർ പരിപാടി ബഹിഷ്കരിച്ചു. ദക്ഷിണേന്ത്യയിൽനിന്നും വടക്കുകിഴക്കൻസംസ്ഥാനങ്ങളിൽനിന്നുമുള്ള പ്രതിനിധികളെ അവഗണിക്കുന്ന രീതിയിലായിരുന്നു സംഘാടകരുടെ സമീപനം. ഡൽഹിക്കടുത്ത് ഫരീദാബാദിലാണ് ശില്പശാല നടന്നത്. ദേശീയപരിപാടിയാകുമ്പോൾ പൊതുവായ ഭാഷയിലാകും സംഘാടനമെന്ന് പ്രതിനിധികൾ കരുതി. എന്നാൽ, പ്രസംഗങ്ങളും അവതരണങ്ങളുമെല്ലാം ഹിന്ദിയിലായിരുന്നു. പരിഭാഷയ്ക്കും സംവിധാനമുണ്ടായിരുന്നില്ല. ഹിന്ദിയിതരമേഖലകളിലെ എം.എൽ.എ.മാർ പ്രതിഷേധമറിയിച്ചപ്പോൾ, ഹിന്ദി ‘രാഷ്ട്രഭാഷ’യാണെന്നും അറിയില്ലെങ്കിൽ പഠിപ്പിക്കാമെന്നും ഉത്തരേന്ത്യക്കാരായ ചില ബി.ജെ.പി. പ്രതിനിധികൾ പറഞ്ഞത് നിസ്സാരമായി കാണാനാകില്ല. ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യങ്ങൾ മുഴക്കി കേരളസാമാജികരെ നിശ്ശബ്ദരാക്കാനും ശ്രമമുണ്ടായി. വനിതാകമ്മിഷൻ അധ്യക്ഷ വിജയ രഹത്കർ ഇടപെടാതെ മൗനംപാലിച്ചെന്നും ആരോപണമുണ്ട്.

രാജ്യമെമ്പാടുനിന്നുമുള്ളവർ പങ്കെടുക്കുന്ന ഔദ്യോഗികപരിപാടിയിൽ പൊതുഭാഷയായ ഇംഗ്ലീഷ് ഉപയോഗിക്കുകയോ അല്ലെങ്കിൽ തത്സമയവിവർത്തനത്തിനു സൗകര്യമൊരുക്കുകയോ ചെയ്യേണ്ടതായിരുന്നു. ഇതു ചെയ്തില്ലെന്നുമാത്രമല്ല, പ്രതിനിധികൾ പ്രതിഷേധിച്ചപ്പോൾ നിസ്സംഗസമീപനമാണ് സംഘാടകരുടെഭാഗത്തുനിന്നുണ്ടായത്. പ്രതിഷേധത്തെ പരിഹസിക്കുകയും വെല്ലുവിളിക്കുകയുംചെയ്ത ബി.ജെ.പി. പ്രതിനിധികളുടെ സമീപനമാകട്ടെ, ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള അവരുടെ പാർട്ടിനയത്തിന്റെ പ്രതിഫലനമായി. ഹിന്ദി രാഷ്ട്രഭാഷയാണെന്ന അവരുടെ ഉദീരണം അറിവില്ലായ്മയിൽനിന്ന് ഉദ്ഭവിക്കുന്നതാണ്. ഇന്ത്യൻ ഭരണഘടന ഒരു ഭാഷയെയും രാഷ്ട്രഭാഷയായി അംഗീകരിച്ചിട്ടില്ല. ഭരണഘടനാനിർമാണസഭയിൽ ഏറ്റവുമധികം അഭിപ്രായഭിന്നതയുണ്ടായത് ഈ വിഷയത്തിലാണ്. ഉത്തരേന്ത്യയിൽനിന്നുള്ള ചില സഭാംഗങ്ങൾ ഹിന്ദി രാഷ്ട്രഭാഷയാക്കണമെന്ന് ഘോരഘോരം വാദിച്ചപ്പോൾ ഇതരപ്രദേശങ്ങളിൽനിന്നുള്ള പ്രതിനിധികൾ എതിർത്തു. ഭരണഘടനാസഭതന്നെ പിരിച്ചുവിടേണ്ടിവരുമോ എന്നു സന്ദേഹമുണരുന്നവിധത്തിൽ ഭിന്നത പ്രകടമായി. ഒടുവിൽ ഹിന്ദി ഔദ്യോഗികഭാഷയാക്കാമെന്ന തീരുമാനമാണുണ്ടായത്. പതിനഞ്ചുവർഷത്തേക്ക് ഇംഗ്ലീഷും ഔദ്യോഗികകാര്യങ്ങൾക്ക് ഉപയോഗിക്കാമെന്നു ധാരണയായി. ആ കാലാവധിയായപ്പോൾ, 1965-ൽ ഔദ്യോഗികഭാഷാനിയമം പ്രാബല്യത്തിൽവന്നു; ഹിന്ദിയുടെയും ഇംഗ്ലീഷിന്റെയും ഔദ്യോഗികഭാഷാപദവി അനിശ്ചിതകാലത്തേക്കു നീട്ടി. ദക്ഷിണേന്ത്യയിലെ ഭാഷാസമരങ്ങളുടെ പശ്ചാത്തലത്തിലും രാജ്യത്തിന്റെ ഭാഷാവൈജാത്യങ്ങളെ ഉൾക്കൊണ്ടുമായിരുന്നു ഈ നിയമനിർമാണം.

ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്ത് ഹിന്ദിയുടെ ഉപയോഗവും സ്വാധീനവും വർധിപ്പിക്കാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ട്. ‘ഒരു രാജ്യം, ഒരു ഭാഷ, ഒരു മതം’ എന്ന അപകടകരമായ കാര്യപരിപാടിയാണ് ബി.ജെ.പി.യുടേതെന്ന് രാഷ്ട്രീയ എതിരാളികളും സ്വതന്ത്രനിരീക്ഷകരും ആരോപിക്കുന്നുമുണ്ട്. ഉത്തരേന്ത്യയിൽ ആ പാർട്ടിയുടെ ചില നേതാക്കളും ജനപ്രതിനിധികളുമൊക്കെ ഭാഷാസങ്കുചിതത്വത്തിന്റെ ദയനീയമാതൃകകളാണ്. ‘വിവിധ സംസ്ഥാനങ്ങൾതമ്മിലുള്ള ആശയവിനിമയത്തിനുള്ള ഭാഷ ഇംഗ്ലീഷിനുപകരം ഹിന്ദിയാകണ’മെന്ന് 2022-ൽ പാർലമെന്റിന്റെ ഔദ്യോഗികഭാഷാസമിതിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത് വിവാദമായിരുന്നു. തുടർന്ന്, ബി.ജെ.പി. എല്ലാ ഇന്ത്യൻ ഭാഷകളെയും ഭാരതീയതയുടെ ആത്മാവായി കണക്കാക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു വിശദീകരിക്കേണ്ടിവന്നു. വൈവിധ്യമാണ് ഇന്ത്യയുടെ പൊരുൾ. ഭാഷയുടെ കാര്യത്തിലും അത് അങ്ങനെത്തന്നെ. ഏകശിലാത്മകതയല്ല, വൈവിധ്യത്തിലെ ഏകത്വമാണ് ഇന്ത്യക്കുവേണ്ടതെന്ന് ബി.ജെ.പി.യും കേന്ദ്രസർക്കാരും ഉൾക്കൊള്ളണം.

To advertise here,