തൃശൂർ കൈപ്പമംഗലത്ത് ദേശീയപാതയിലുണ്ടായ കൂട്ടക്കുരുതിയെ യാദൃച്ഛികമായ ഒരു വാഹനാപകടമെന്നു പറയാനാവില്ല; മറിച്ച് ഒരു പറ്റം ആളുകളുടെയും മേൽനോട്ട സംവിധാനങ്ങളുടെയും ക്രിമിനൽ അനാസ്ഥ വരുത്തിവെച്ച പച്ചയായ നരഹത്യയാണത്. ഡിവൈഡറിനോട് ചേർന്നുളള സ്പീഡ് ട്രാക്കിൽ റോഡ് സിഗ്നലുകൾ പോലും മറച്ച് അനധികൃതമായി നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറിയാണ് അപകടം. നാളെയുടെ വാഗ്ദാനങ്ങളായ തമിഴ്നാട്ടിലെ ഏഴ് എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികളടക്കം എട്ട് മനുഷ്യജീവനുകളാണ് ആ മരണക്കെണിയിൽ പിടഞ്ഞുതീർന്നത്. കേരളത്തിലെ ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയതയുടെയും അലംഭാവത്തിന്റെയും ഉത്തരവാദിത്വമില്ലായ്മയുടെയും നേർചിത്രമാണ് ഈ സംഭവം. ദേശീയപാത അതോറിറ്റിയുടെയും കരാറുകാരന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും പോലീസിന്റെയുമൊക്കെ ഭാഗത്തെ വീഴ്ചകൾ ഇതിനു പിന്നിലുണ്ട്.
അശ്രദ്ധയോ അമിതവേഗമോ മാത്രമല്ല, മറിച്ച് നമ്മുടെ റോഡ് സുരക്ഷാ സംവിധാനങ്ങളുടെ പരാജയവും നിയമലംഘനങ്ങളോടുള്ള മൗനവുമാണ് ഈ ദുരന്തത്തിന് പിന്നിലെ യഥാർത്ഥ വില്ലന്മാർ. അപകടമുണ്ടായിടത്ത് മേൽപ്പാലമിറങ്ങി വാഹനങ്ങൾ സ്വാഭാവിക വേഗത്തിൽ എത്തുന്നിടത്താണ് റോഡ് അടച്ച് സർവീസ് റോഡിലേക്ക് വഴിതിരിച്ചുവിട്ടിരുന്നത്. നൂറോ ഇരുനൂറോ മീറ്റർ മുമ്പെങ്കിലും ബ്ലിങ്കർ ലൈറ്റുകളോടെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കേണ്ട സ്ഥാനത്ത്, ഗതാഗതം തടയാൻ വെച്ച കോൺക്രീറ്റ് സ്ലാബിൽ ഒരു ദിശാസൂചി വരച്ചുവെച്ചിരിക്കുകയായിരുന്നു കരാർ കമ്പനി. ഇരുട്ടുനിറഞ്ഞ ഈ കൊടുംവളവിൽ ഒരു തെരുവുവിളക്കുപോലും ഉണ്ടായിരുന്നില്ല. റോഡിലെ സിഗ്നലുകൾ മറച്ച് സ്പീഡ് ട്രാക്കിൽ സമാന്തരമായി നിർത്തിയിട്ടിരുന്നത് മൂന്ന് കൂറ്റൻ ചരക്കുലോറികളാണ്. പാർക്കിങ് ലൈറ്റുകളോ റിഫ്‌ളക്ടറുകളോ ഇല്ലാതെ. കാർ വെട്ടിപ്പൊളിച്ച് മൃതദേഹങ്ങൾ മാറ്റിയതിന് ശേഷമാണ് നാട്ടുകാരുടെ കണ്ണിൽപ്പൊടിയിടാൻ പോലീസ് എത്തി മുന്നറിയിപ്പ് ബോർഡുകൾ കുറച്ചു മുന്നിലേക്ക് നീക്കിവെച്ചത്.
ഈ വീഴ്ചകളുടെ ഉത്തരവാദികളായവരെ തിരിച്ചറിഞ്ഞ് നടപടിയെടുക്കുന്നില്ലെങ്കിൽ, അടുത്ത ഇരകൾക്കായി നമ്മൾ ഇപ്പോൾ തന്നെ കാത്തിരിക്കുകയാണെന്നു പറയേണ്ടി വരും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വഴിതിരിച്ചുവിട്ട ദേശീയപാത നിർമ്മാണക്കമ്പനിയും ദേശീയപാത അതോറിറ്റിയുടെ അധികൃതരും ഇതിന് സമാധാനം പറഞ്ഞേ പറ്റൂ. ദേശീയപാതകളിലെ രാത്രിയാത്രയ്ക്ക് പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടാക്കണം. വഴിതിരിച്ചുവിടുന്ന ഓരോയിടത്തും രാത്രിയാത്രയ്ക്ക് അനുയോജ്യമായ വെളിച്ചം, വ്യക്തമായ മുന്നറിയിപ്പ് ബോർഡുകൾ, റിഫ്‌ളക്ടീവ് ബാരിക്കേഡുകൾ, റോഡ് മാർക്കിങ്, വേഗനിയന്ത്രണസംവിധാനം എന്നിവയൊക്കെ സജ്ജമാക്കണം. ദേശീയപാതകളിൽ ചരക്കുലോറികൾ നിർത്തിയിടാനുമുള്ള 'ട്രക്ക് ലേ ബേ'കൾ ഒരിടത്തും കാണാനില്ല. സ്ഥലപരിമിതിയുടെ പേരിൽ വീതിചുരുക്കി പണിയുന്ന റോഡുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കരാർ കമ്പനികൾ കാറ്റിൽപ്പറത്തുന്നു. പണി പകുതിപോലും പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ തിടുക്കം കൂട്ടുന്ന കമ്പനികൾ, യാത്രക്കാരന്റെ സുരക്ഷയ്ക്കാവശ്യമായ സിഗ്‌നലുകളോ തെരുവുവിളക്കുകളോ ലഭ്യമാക്കുന്നില്ല.
ഹൈവേ പട്രോളിങ് കർശനമാക്കി രാത്രിയിലെ അനധികൃത പാർക്കിങ്ങുകൾ ഉടനടി നീക്കം ചെയ്യാനുള്ള സംവിധാനം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണം.കാൽനടയാത്രക്കാർ ആറുവരിപ്പാത മുറിച്ചു കടക്കുന്ന കാഴ്ച പോലും പലയിടത്തും കാണാം.അപ്രോച്ച് റോഡുകളിലെ ഗതാഗതക്കുരുക്കാവട്ടെ അസഹനീയമാണ്. ഇത്തരം റോഡുകളിൽ വൺവേ പാലിക്കുന്നത് അപൂർവ്വം. ഇത്തരമൊരു ദുരന്തം ഇനി ആവർത്തിക്കരുത്.ലോറി ഡ്രൈവറുടെ നിയമലംഘനം മാത്രമല്ല, ലോറി അവിടെ നിർത്തിയ സാഹചര്യം, പാർക്കിങ് നിയന്ത്രണത്തിലെ വീഴ്ച, മുന്നറിയിപ്പ് ബോർഡുകളുടെ അഭാവം, തെരുവുവിളക്കുകളില്ലാത്തത്, നിർമാണക്കമ്പനിയുടെ സുരക്ഷാ വീഴ്ച, അവ പരിശോധിക്കേണ്ട സർക്കാർ സംവിധാനങ്ങളുടെ പരാജയം എല്ലാം അന്വേഷണവിധേയമാക്കണം. വിടരും മുമ്പേ കൊഴിഞ്ഞ ഈ ചെറുപ്പക്കാരുടെ ദുരന്തത്തിൽ നിന്ന് പാഠമുൾക്കൊണ്ടില്ലെങ്കിൽ നാമൊരു പരിഷ്‌കൃത സമൂഹമാണെന്ന് പറയാനാവില്ല.
Published: 05 Sept 2026, 10:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented