ഇന്റർനെറ്റിന്റെ ലഭ്യതയും ഉപയോഗവും കുട്ടികളടക്കം എല്ലാവരുടെയും മൗലികാവകാശമാണെന്ന് സുപ്രീംകോടതി വിധിച്ചിരിക്കുന്നു.

ഇന്റർനെറ്റിന്റെ ലഭ്യതയും ഉപയോഗവും കുട്ടികളടക്കം എല്ലാവരുടെയും മൗലികാവകാശമാണെന്ന് സുപ്രീംകോടതി വിധിച്ചിരിക്കുന്നു. സൈബറിടത്തിൽ കുട്ടികൾക്കെതിരായ ലൈംഗികചൂഷണം തടയണമെന്ന 2024-ലെ സുപ്രീംകോടതിയുത്തരവ് പാലിക്കപ്പെടുന്നില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് കഴിഞ്ഞ വ്യാഴാഴ്ച ഈ വിധി പറഞ്ഞതെങ്കിലും അതിന് അർഥതലങ്ങളുണ്ട്. ഒക്ടോബർ പത്തിന് കോക്രോച്ച് ജനതാ പാർട്ടി(സി.ജെ.പി.)യുടെ സമരത്തിന്റെ വെളിച്ചത്തിൽ ഡൽഹിയിൽ പലേടത്തും കേന്ദ്രസർക്കാർ ഇന്റർനെറ്റിന് വിലക്കേർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് അത്. ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദം ഉറപ്പുനൽകുന്ന ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യമനുഭവിക്കാനുമുള്ള അവകാശം, 19(ഒന്ന്)(എ) അനുച്ഛേദം ഉറപ്പുനൽകുന്ന അഭിപ്രായ, ആവിഷ്കാര സ്വാതന്ത്ര്യങ്ങൾ എന്നിവയുടെ പരിധിയിൽവരുന്നതാണ് ഇന്റർനെറ്റ് സ്വതന്ത്രമായി ഉപയോഗിക്കാനുള്ള മൗലികാവകാശവുമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ്ചന്ദ്രൻ എന്നിവരുടേതാണു വിധി. ഇന്റർനെറ്റിന്റെ ലഭ്യത ഇരുപത്തിയൊന്നാം അനുച്ഛേദപ്രകാരമുള്ള മൗലികാവകാശമാണെന്ന് 2025-ൽ പ്രഗ്യപ്രസൂൺ കേസിൽ സുപ്രീംകോടതി വിധിച്ചിരുന്നു. പ്രായഭേദമെന്യേ എല്ലാവർക്കും ഈ അവകാശമുണ്ടെന്നു പരമോന്നതകോടതി പ്രസ്താവിച്ചതാണ് വ്യാഴാഴ്ചത്തെ വിധിയുടെ സവിശേഷത.
കുട്ടികളെ സമ്പൂർണമായി വിലക്കുകയല്ല, സൈബറിടം സുരക്ഷിതമാക്കുകയാണുവേണ്ടതെന്നാണ് സുപ്രീംകോടതി പറഞ്ഞത്. ‘മോശം ഉള്ളടക്കങ്ങളുടെപേരിൽ കുട്ടികളെ ഇന്റർനെറ്റിൽനിന്നു മാറ്റിനിർത്തുന്നത് ഇരയെത്തന്നെ പ്രശ്നമായി തെറ്റിദ്ധരിക്കുന്നതിനു തുല്യമാണ്. സുരക്ഷയ്ക്കുവേണ്ടി അവരെ കരുവാക്കരുത്. മോശം ഉള്ളടക്കം പ്രചരിപ്പിക്കുന്നവരും അതു നീക്കംചെയ്യുന്നതിൽ പരാജയപ്പെടുന്ന ഡിജിറ്റൽ കമ്പനികളുമാണ് തെറ്റുകാർ. നടപടി അവർക്കെതിരേയാണുവേണ്ടത്’ -സുപ്രീംകോടതി സ്പഷ്ടമാക്കി. പൂർണവിലക്ക് ഏർപ്പെടുത്തിയാൽ കുട്ടികൾ കൂടുതൽ അപകടകരമായ വെബ്സൈറ്റുകളിലേക്കും പ്ലാറ്റ്ഫോമുകളിലേക്കും മാറിയേക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്റർനെറ്റ് വിനോദോപാധി മാത്രമല്ല, കുട്ടികൾക്ക് അറിവ്, ആശയങ്ങൾ, അവസരങ്ങൾ എന്നിവയിലേക്കുള്ള വഴികൂടിയാണെന്നും കോടതി വിലയിരുത്തി. ‘നമ്മുടെ കുട്ടികളുടെ സുരക്ഷിതത്വവും സ്വാതന്ത്ര്യവും പരസ്പരഭിന്നമല്ല. അവ രണ്ടിനുമുള്ള അവകാശം അവർക്കുണ്ട്’ -സുപ്രീംകോടതി പറഞ്ഞു. കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിൽ എന്തെങ്കിലും ചൂഷണസാധ്യതയോ അരക്ഷിതാവസ്ഥയോ ഉണ്ടെങ്കിൽ അവ ഇല്ലാതാക്കാൻ ഭരണകൂടത്തെയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെയും ബാധ്യസ്ഥമാക്കുകയാണ് പരമോന്നതകോടതി ചെയ്തിരിക്കുന്നത്. ഇതിനായി പ്രത്യേക മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചു.
ഇന്റർനെറ്റിൽ കുട്ടികളെ ബാധിക്കുന്ന നിയമവിരുദ്ധദൃശ്യങ്ങൾ തിരിച്ചറിയാൻ ദേശീയ ഡേറ്റാബേസ് സജ്ജമാക്കാൻ കോടതി കേന്ദ്രസർക്കാരിനോടു നിർദേശിച്ചിട്ടുണ്ട്. ഉള്ളടക്കം നിയമവിരുദ്ധമാണോ എന്നു പരിശോധിക്കാൻ മൂന്നു വിദഗ്ധരെ ചുമതലപ്പെടുത്താനും നിർദേശിച്ചു. നിയമപരമായ ഉത്തരവാദിത്വങ്ങൾ ലംഘിക്കുന്നതിന് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് പിഴ ചുമത്തുന്നത് പരിഗണിക്കണം. നിരോധിത ഉള്ളടക്കംവഴി പണം നേടിയാൽ പണം കണ്ടുകെട്ടുന്നതടക്കം നടപടികളെടുക്കാം. ഇതിന് ചട്ടക്കൂട് തയ്യാറാക്കാനും കേന്ദ്രസർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. കുട്ടികളെ ബാധിക്കുന്ന ഉള്ളടക്കംസംബന്ധിച്ചു ലഭിച്ച പരാതികൾ, കൈക്കൊണ്ട നടപടി എന്നിവയെക്കുറിച്ച് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ കേന്ദ്രസർക്കാരിന് പ്രതിമാസ റിപ്പോർട്ട് നൽകണം. ഐ.ടി. മന്ത്രാലയം ഈ റിപ്പോർട്ട് ഓഡിറ്റ് ചെയ്യണമെന്നും സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ പറയുന്നു. ഈ രാജ്യത്തെ കുട്ടികളുടെ ഡിജിറ്റൽ അവകാശങ്ങൾ സംരക്ഷിക്കാനും അതേസമയംതന്നെ അവരെ സൈബറിടത്തിൽ ചൂഷണമുക്തരാക്കാനും കേന്ദ്രസർക്കാർ ഉത്തരവാദിത്വപൂർവം മുന്നോട്ടുവരുകതന്നെവേണം. ഇക്കാര്യത്തിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ പൂർണമായി വിശ്വാസത്തിലെടുക്കുന്നത് ബുദ്ധിയാകില്ല. അവയെ കർശനമായ നിരീക്ഷണമുനയിൽ നിർത്തണം. കുട്ടികൾക്ക് ഇന്റർനെറ്റ് വിലക്കുകയല്ല പോംവഴിയെന്നു സുപ്രീംകോടതി തറപ്പിച്ചുപറയുകയുംചെയ്യുന്നു.
Published: 18 Oct 2026, 10:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented