നാട്ടിലെ ക്രമസമാധാനപാലനത്തിന് ഉത്തരവാദപ്പെട്ട പോലീസുദ്യോഗസ്ഥർ നിയമലംഘകരുടെ ആക്രമണങ്ങൾക്ക് ഇരയാകേണ്ടിവരുന്ന സാഹചര്യം വളരെ ദൗർഭാഗ്യകരമാണ്. കൊച്ചി എളങ്കുന്നപ്പുഴയിൽ കഴിഞ്ഞ ദിവസം ഗുണ്ടകൾ നാട്ടുകാരുടെ മുന്നിലിട്ട് പോലീസ് സബ് ഇൻസ്പെക്ടറെയും പോലീസുകാരനെയും കുത്തിപ്പരിക്കേല്പിച്ച സംഭവം നടുക്കമുണ്ടാക്കുന്നു. പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന സ്വകാര്യബസിലെ ജീവനക്കാരെ അക്രമികൾ സംഘംചേർന്ന് മർദിക്കുന്ന വിവരമറിഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയത്. ജീപ്പിലെത്തിയ പോലീസിനോട്, വാഹനത്തിൽ നിന്ന് ഇറങ്ങിയാൽ ആക്രമിക്കുമെന്ന് ഗുണ്ടകൾ ഭീഷണിപ്പെടുത്തി. അതു വകവെക്കാതെ ഇറങ്ങിച്ചെന്ന എസ്.ഐ.യെയാണ് ആദ്യം ആക്രമിച്ചത്. തടയാൻ ചെന്ന പോലീസുകാരനെയും ആക്രമിച്ചു. വിവരമറിഞ്ഞ് കൂടുതൽ പോലീസെത്തിയാണ് അക്രമികളെ കസ്റ്റഡിയിലെടുത്തത്.

To advertise here,

 

മയക്കുമരുന്നിനെതിരേ സംസ്ഥാന സർക്കാർ തുടക്കമിട്ട ‘തൂഫാൻ’ നടപടിയുടെ ഭാഗമായ പരിശോധനയ്ക്കിടെ പോലീസിനുനേരേ അക്രമം നടക്കുന്നതായുള്ള റിപ്പോർട്ടുകൾ പലേടത്തുനിന്നും വരുന്നുണ്ട്. കൃത്യനിർവഹണത്തിനിടെ പോലീസുദ്യോഗസ്ഥർ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ വേറേയും അടിക്കടി ഉണ്ടാകുന്നു. സംഘം ചേർന്നുള്ളതു മാത്രമല്ല, ഒറ്റയാൻ ആക്രമണങ്ങളും നടക്കുന്നുണ്ട്. കഴിഞ്ഞമാസം തൃശ്ശൂർ പേരാമംഗലത്ത് സംസ്ഥാനപാതയിൽ ഒരാൾ സ്വന്തം കാർ സ്വകാര്യബസിനുമുൻപിൽ നിർത്തിയിട്ടശേഷം അതുവഴി വന്ന മറ്റു വാഹനങ്ങൾ തടയാനും യാത്രക്കാരെ ആക്രമിക്കാനും തുടങ്ങി. വിവരമറിഞ്ഞെത്തിയ പേരാമംഗലം സ്റ്റേഷനിലെ എസ്.ഐ. അടക്കമുള്ള പോലീസുകാരും ഇയാളുടെ ആക്രമണത്തിനിരയായി. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് ഗണേശോത്സവ ഘോഷയാത്ര കാണാനെത്തിയവരുടെ തർക്കം പരിഹരിക്കാൻവന്ന പോലീസുദ്യോഗസ്ഥരെ രണ്ടുപേർ മർദിച്ചതും കഴിഞ്ഞമാസമാണ്. ഒറ്റപ്പാലം അഡീഷണൽ എസ്.ഐ.ക്കും വനിതാ സിവിൽ പോലീസ് ഓഫീസർക്കുമാണ് മർദനമേറ്റത്.

 

കൊല്ലം കരുനാഗപ്പള്ളിയിൽ വധശ്രമക്കേസിലെ പ്രതിയെ തേടിയെത്തിയ അടൂർ പോലീസിനെ മൂന്നു സ്ത്രീകളടക്കം നാലുപേർചേർന്ന് ആക്രമിച്ചതും കഴിഞ്ഞമാസംതന്നെ. തിരുവനന്തപുരത്തെ മാനവീയം വീഥിയിൽ ഡ്യൂട്ടിക്കിടെ സിവിൽ പോലീസ് ഓഫീസറെ ഒരാൾ ഹെൽമറ്റുകൊണ്ട് ആക്രമിച്ചത് ഓഗസ്റ്റിലാണ്. കഴിഞ്ഞ ജൂലായിൽ, തട്ടിക്കൊണ്ടുപോകൽക്കേസിലെ പ്രതികളെ പിടിക്കാൻ കോഴിക്കോട് പെരുവയലിലെ ഭവനസമുച്ചയത്തിലെത്തിയ പാലക്കാട് ക്രൈംബ്രാഞ്ച് സംഘത്തിനു നേരിടേണ്ടിവന്നത് നാടൻബോംബേറാണ്. നാലു പോലീസുകാർക്ക് സാരമായി പരിക്കേറ്റു. ഗാർഹിക അക്രമ പരാതികൾ അന്വേഷിക്കാനെത്തുന്ന പോലീസുകാർ വീടുകളിൽ ആക്രമണവിധേയരാകുന്ന സംഭവങ്ങളുമുണ്ട്.

 

ഇത്തരം അനുഭവങ്ങൾ നേരിടേണ്ടിവരുന്നത് പോലീസുജോലിയിൽ സ്വാഭാവികമാണെന്ന സമീപനം നമുക്ക് സ്വീകരിക്കാനാകില്ല. സമാധാനപാലനം നടത്തുന്നൊരു സേനയുടെ സുരക്ഷയും മനോവീര്യവും സുപ്രധാനമാണ്. അതില്ലാതാകുന്ന ഒരു സാഹചര്യവും അനുവദിച്ചുകൂടാ. കരുതിക്കൂട്ടിയോ വൈകാരികമായോ ലഹരിയുടെ സ്വാധീനത്തിലോ എന്തുമാകട്ടെ, പോലീസിനുനേരേയുണ്ടാകുന്ന ഒരാക്രമണവും വെച്ചുപൊറുപ്പിക്കരുത്. അക്രമങ്ങൾക്കെതിരേ വേണ്ടത്ര മുൻകരുതലുകളെടുക്കാൻ പോലീസിന് എല്ലാവിധ സജ്ജീകരണങ്ങളും സർക്കാർ ലഭ്യമാക്കണം. പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുന്നവരെ മാതൃകാപരമായി ശിക്ഷിക്കുകയുംവേണം.