ഫ്രാൻസിൽ നടക്കുന്ന അക്രമാസക്തമായ ജനകീയപ്രക്ഷോഭത്തിന്റെ മൂലകാരണമെന്താണെന്ന അന്വേഷണം രണ്ട് അടിസ്ഥാന അനുമാനങ്ങളിലേക്കാണു നമ്മെ നയിക്കുക. ഒന്ന്, അത് വർഗപരമാണ്. ഉള്ളവനും ഇല്ലാത്തവനുംതമ്മിലുള്ള പറഞ്ഞുപറഞ്ഞ് പതംവന്ന അന്തരത്തിൽനിന്ന് ഉയിരെടുത്ത ക്ഷോഭവും സംഘർഷവുമാണ് അത്. രണ്ടാമത്തെ കാര്യം, ഇപ്പറഞ്ഞ അന്തരത്തെ വർധിപ്പിക്കുന്ന നവ ഉദാരീകരണ സാമ്പത്തികനയങ്ങളാണ്. ഫ്രാൻസിലെ മധ്യപക്ഷ ഭരണകൂടം പിന്തുടരുന്ന സാമ്പത്തികനയം ദരിദ്രരുടെയും അടിസ്ഥാനക്ഷേമത്തിന്റെയുംചെലവിൽ അതിസമ്പന്നരെ പരിപോഷിപ്പിക്കുന്നതാണ്. അതിന്റെ പ്രത്യാഘാതമാണ് ഇപ്പോൾ അണപൊട്ടിയൊഴുകുന്ന ജനരോഷം. സ്കൂളുകളിലെ സൗകര്യങ്ങളുടെ അപര്യാപ്തതയിൽ മനംമടുത്ത വിദ്യാർഥികൾ കഴിഞ്ഞമാസം തുടങ്ങിവെച്ച പ്രക്ഷോഭം മുതിർന്നവർ ഏറ്റെടുക്കുന്നതാണു കണ്ടത്. അധ്യാപകർ, തൊഴിലാളികൾ, ബഹുജനപ്രസ്ഥാനങ്ങൾ, സാമൂഹികപ്രവർത്തകർ തുടങ്ങിയവരൊക്കെ പ്രക്ഷോഭത്തിലേക്കു കടന്നുവന്നു. താമസിയാതെ അത് വർധിക്കുന്ന ജീവിതച്ചെലവ്, ചുരുങ്ങിവരുന്ന പൊതുസൗകര്യങ്ങൾ എന്നിവയിലുള്ള അടക്കിവെച്ച അതൃപ്തിയുടെ പൊട്ടിത്തെറിയായി മാറി. പ്രക്ഷോഭം യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്കും പടരുകയാണ്. ഭൂഖണ്ഡത്തിലെ സംവാദവിഷയമായ കുടിയേറ്റവുമായോ മുസ്‌ലിം ജനസംഖ്യാപെരുപ്പവുമായോ ഈ സമരത്തിനും സംഘർഷങ്ങൾക്കും ബന്ധമില്ല. ഇത് ജീവിതസൗകര്യങ്ങളിലെയും അവസരങ്ങളിലെയും അന്തരത്തിന്റെ പ്രശ്നംമാത്രമാണ്. അതിസമ്പന്നർക്ക് നികുതിയിളവുകളും മറ്റ് ആനുകൂല്യങ്ങളും വാരിക്കോരി നൽകുകയും അതുകാരണം പൊതുഖജനാവിനുണ്ടാകുന്ന ഭാരം ലഘൂകരിക്കുന്നതിനായി സാധാരണപൗരർക്കുള്ള പൊതുസൗകര്യങ്ങളിലും ക്ഷേമനടപടികളിലും വെട്ടിക്കുറവുവരുത്തുകയും ചെയ്യുന്ന ഭരണകൂടനയത്തോടുള്ള പ്രതിരോധവും വെല്ലുവിളിയുമാണ് ഫ്രാൻസിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ഇപ്പോൾ കാണാനാകുന്നത്.

സ്കൂളുകളിലെ അധ്യാപകക്ഷാമം, അതുകാരണം ക്ലാസ്മുറികളിലുണ്ടായ വിദ്യാർഥിപ്പെരുപ്പം, ശൗചാലയമടക്കമുള്ള സൗകര്യങ്ങളിലെ അപര്യാപ്തത തുടങ്ങിയവയാണ് കഴിഞ്ഞമാസം ഫ്രാൻസിലെ കുട്ടികളെ തെരുവുപ്രക്ഷോഭത്തിലേക്കു തള്ളിവിട്ടത്. സുരക്ഷാസേന കാരുണ്യമില്ലാതെയാണ് സമരക്കാരെ നേരിട്ടത്. വൈകാതെ മറ്റു ജനവിഭാഗങ്ങളും രംഗത്തിറങ്ങുകയും സമരം ആളിപ്പടരുകയുംചെയ്തു. ഭാവിയെക്കുറിച്ചുള്ള ആകുലതയാണ് വിദ്യാർഥികളെ സമരത്തിലേക്കു നയിച്ചതെങ്കിൽ മറ്റു വിഭാഗങ്ങൾ അതിലേക്ക് കടന്നുചെന്നത് ദീർഘകാലമായി ഉള്ളിലടക്കിയ ജീവിതവേവലാതികളുടെ ഭാരമിറക്കിവെക്കാനാണ്. വിദ്യാഭ്യാസം, ആരോഗ്യം എന്നിവയടക്കമുള്ള അവശ്യസേവനമേഖലകളിലും മറ്റു ജനക്ഷേമനടപടികളിലുമായി ചെലവിടുന്ന പണത്തിന്റെ തോത് സർക്കാർ വെട്ടിക്കുറച്ചത് നവ ഉദാരീകരണ സാമ്പത്തികനയാവിഷ്കാരത്തിന്റെ ഭാഗമായിട്ടായിരുന്നു. ഇതേ നയം പക്ഷേ, രാജ്യത്തെ അതിസമ്പന്നവിഭാഗങ്ങളെ പരിലാളിക്കുന്നതിൽ ബദ്ധശ്രദ്ധമായിരുന്നുതാനും. കഴിഞ്ഞ പതിറ്റാണ്ടുകളിൽ ലോകത്തെ പല രാജ്യങ്ങളിലും നടപ്പാക്കിയ ഈ സാമ്പത്തികമാതൃകതന്നെയാണ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സർക്കാരും ഫ്രാൻസിൽ നടപ്പാക്കിക്കൊണ്ടിരുന്നത്. യൂറോപ്പിലെ ഇതരരാജ്യങ്ങളിലേക്ക് സമരം പടരുന്നതിന്റെ കാരണവും അതതിടങ്ങളിലെ ഇതേ നയപാതയാണ്. സാമ്പത്തിക അച്ചടക്കത്തിന്റെ ഭാരം പേറേണ്ടത് സാധാരണക്കാരും ദരിദ്രരുമാണെന്നതാണ് ലോകത്തെവിടെയും നവ ഉദാരീകരണത്തിന്റെ രഹസ്യതത്ത്വം.

ഫ്രാൻസിലെ പ്രക്ഷോഭത്തിൽനിന്ന് ഇന്ത്യയിലെ ഭരണകൂടത്തിനും ചിലതു പഠിക്കാനുണ്ട്. വിദ്യാർഥികളും യുവാക്കളും തുടങ്ങിവെക്കുന്ന സമരങ്ങളെ അവഗണിച്ചുതള്ളരുതെന്നും അവരുടെ ആവലാതികളെ അഭിസംബോധനചെയ്യണമെന്നതുമാണ് അതിലൊന്ന്. ഇന്ത്യൻ ഭരണകർത്താക്കളും നവ ഉദാരീകരണ സാമ്പത്തികനയമാണ് പിന്തുടരുന്നത്. അവ അസംതൃപ്തികൾ ഉത്പാദിപ്പിക്കുമെന്നും എന്നെങ്കിലുമൊരു പൊട്ടിത്തെറിയിലേക്കു നീങ്ങുമെന്നും വിചാരമുണ്ടാകണം. വിദ്യാർഥികളും യുവാക്കളും നേരിടുന്ന അവസരസമത്വനിഷേധവും മുതിർന്നവർ നേരിടുന്ന ജീവിതപ്രാരാബ്ധങ്ങളുമൊക്കെ ഒരർഥത്തിൽ നവ ഉദാരീകരണ സാമ്പത്തികനയങ്ങളുടെ ഉത്പന്നങ്ങളാണ്. ‘നീറ്റ്’ പരീക്ഷാക്രമക്കേടിനെതിരേ നടന്നതും മുഖ്യ തിരഞ്ഞെടുപ്പുകമ്മിഷണറുടെ രാജി ആവശ്യപ്പെട്ടു നടക്കുന്നതുമായ സമരങ്ങൾ നിരായുധവും അഹിംസാത്മകവുമെന്ന് നമുക്ക് ആശ്വസിക്കാം. പക്ഷേ, സമരങ്ങളെ ബലപ്രയോഗത്തിലൂടെയും നിഷേധാത്മകമായും നേരിടുന്നതിനുപകരം പ്രശ്നപരിഹാരങ്ങൾക്കു തയ്യാറാകുകയാണ് ഭരണകൂടം ചെയ്യേണ്ടതെന്ന് ഫ്രാൻസിന്റെ അനുഭവം കാണിച്ചുതരുന്നു.

To advertise here,