To advertise here,

ശീതയുദ്ധാനന്തരം ഏറെവർഷങ്ങൾ അമേരിക്കയുടെ വെല്ലുവിളിക്കപ്പെടാത്ത അധീശത്വമാണു ലോകത്ത് നിലനിന്നത്. ഇതിനിടയിൽ മറ്റു ചില രാജ്യങ്ങൾ പ്രാമാണ്യം വർധിപ്പിക്കുന്നത് ആദ്യമൊന്നും അമേരിക്കയുടെ കണ്ണിൽപ്പെട്ടില്ല. ശീതയുദ്ധാനന്തര ഏകധ്രുവലോകം സാവകാശം ബഹുധ്രുവലോകമായിമാറി. അമേരിക്കനിതര ധ്രുവങ്ങൾ പരസ്പരസഹകരണത്തിന്റെ വഴികൾ തിരഞ്ഞു; സാമ്പത്തിക-വാണിജ്യ രംഗങ്ങളടക്കം പുരോഗതിയുടെ മേഖലകളിൽ സഹകരണത്തിന്റെയും സംയോജിതവളർച്ചയുടെയും ബഹുസാധ്യതകൾ തിരിച്ചറിഞ്ഞു. തത്ഫലമായി രൂപംകൊണ്ട വ്യത്യസ്തകൂട്ടായ്മകളിലൊന്നാണ് ബ്രിക്സ് (ബ്രസീൽ-റഷ്യ-ഇന്ത്യ-ചൈന-ദക്ഷിണാഫ്രിക്ക). 2009-ൽ ബ്രസീലും റഷ്യയും ഇന്ത്യയും ചൈനയുംചേർന്ന ‘ബ്രിക്’ കൂട്ടായ്മയായാണ് ഇത് ആദ്യം രൂപംകൊണ്ടത്. 2011-ൽ ദക്ഷിണാഫ്രിക്കകൂടി ചേർന്നതോടെ സംഘടനയുടെ പേര് ‘ബ്രിക്സ്’ എന്നാക്കി. ‘ബ്രിക്സി’ൽ ഇപ്പോൾ പതിനൊന്ന് അംഗരാജ്യങ്ങളായി. ഈജിപ്ത്, എത്യോപ്യ, സൗദി അറേബ്യ, യു.എ.ഇ., ഇറാൻ എന്നീ രാജ്യങ്ങൾ 2024-ലും ഇൻഡൊനീഷ്യ 2025-ലും അംഗങ്ങളായി. ഈ രാജ്യങ്ങളുടെ ഉച്ചകോടിയാണ് ഇക്കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഡൽഹിയിൽ നടന്നത്. ‘ബ്രിക്സി’ന്റെ 2026-ലെ അധ്യക്ഷരാജ്യമെന്നനിലയിലാണ് ഇത്തവണത്തെ ഉച്ചകോടിക്ക് ഇന്ത്യ ആതിഥ്യമരുളിയത്. ചൈനയാണ് അടുത്തവർഷത്തെ അധ്യക്ഷരാഷ്ട്രം.

 

വാണിജ്യം, വികസനത്തിനുള്ള സഹായധനം, എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളുടെ വിനിയോഗം, ആരോഗ്യ-കാലാവസ്ഥാ-ലോകരാഷ്ട്രീയ അടിയന്തരസാഹചര്യങ്ങൾ, ഡിജിറ്റൽസംവിധാനങ്ങൾ, കാലാവസ്ഥാമാറ്റത്തെ ചെറുക്കാനുള്ള സഹായധനങ്ങൾ എന്നിങ്ങനെയുള്ള മേഖലകളിലെ സഹകരണം വർധിപ്പിക്കാനാണ് ഉച്ചകോടി ഊന്നൽനൽകിയത്. വാണിജ്യസഹകരണത്തിനുതന്നെയായിരുന്നു ചർച്ചകളിൽ കേന്ദ്രസ്ഥാനം. വാണിജ്യം, മൂലധനനിക്ഷേപം എന്നിവയിലെ സഹകരണപുരോഗതി ലക്ഷ്യമിട്ട് ‘ബ്രിക്സ് ഗ്ലോബൽ വാല്യൂ ചെയിൻസ് ആക്‌ഷൻ പ്ലാൻ 2026-2030’ എന്നപേരിൽ കർമപദ്ധതി നടപ്പാക്കാൻ തീരുമാനമായി. ഇത്തവണ ഉച്ചകോടിയിൽ സവിശേഷ ഊന്നൽ ലഭിച്ചൊരു മേഖല ചെറുകിട-ഇടത്തരം-സൂക്ഷ്മ വ്യവസായസ്ഥാപനങ്ങളു(എം.എസ്.എം.ഇ.)ടെയും സ്റ്റാർട്ടപ്പുകളുടെയും വികാസമാണ്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നതും സർവാശ്ലേഷിയായ വികസനം ഉറപ്പുവരുത്താൻ സഹായകമാണെന്നതുമാണ് ഈ മേഖലയ്ക്കുലഭിച്ച പ്രത്യേകശ്രദ്ധയ്ക്കു കാരണം. ബ്രിക്സ് എം.എസ്.എം.ഇ. സഹകരണ പോർട്ടൽ, സ്റ്റാർട്ടപ്പ് രംഗത്ത് ബ്രിക്സ് ഇൻക്യുബേറ്റർ ശൃംഖല എന്നിവ സ്ഥാപിക്കാൻ ധാരണയായി.

 

ഉച്ചകോടിയുടെ ഔദ്യോഗികപ്രഖ്യാപനത്തിന്റെകാര്യത്തിൽ സമവായമുണ്ടാക്കാൻ സാധിച്ചത് ഇന്ത്യയുടെ നയതന്ത്രവിജയമായി വിലയിരുത്തപ്പെടുന്നുണ്ട്. ‘ന്യൂഡൽഹി പ്രഖ്യാപനം’ എന്ന ഈ ഔപചാരികരേഖ പശ്ചിമേഷ്യൻയുദ്ധത്തെ അപലപിക്കുകയും ഗാസയിലെ ഇസ്രയേൽനടപടിയെ ശക്തമായി വിമർശിക്കുകയുംചെയ്തു. ബ്രിക്സ് അംഗരാജ്യങ്ങളായ ഇറാൻ, സൗദി അറേബ്യ, യു.എ.ഇ. എന്നിവയെ അലോസരപ്പെടുത്താത്തവിധത്തിലാണ് പശ്ചിമേഷ്യൻയുദ്ധം സംബന്ധിച്ച പരമാർശം തയ്യാറാക്കിയത്. ഇസ്രയേലുമായി ചങ്ങാത്തംപുലർത്തുന്ന ഇന്ത്യക്ക് ക്ഷീണമുണ്ടാക്കാത്തരീതിയിൽ ഗാസാനടപടിയെയും വിമർശിച്ചു. കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തെ വിമർശിച്ചെങ്കിലും പാകിസ്താനെക്കുറിച്ചു പരാമർശമുണ്ടായില്ല. ‘ബ്രിക്സ്’ ആർക്കും എതിരല്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷഭാഷണം അമേരിക്കയ്ക്കുള്ള സാന്ത്വനമായി. ഇന്നത്തെ ലോകവ്യവസ്ഥയിൽ സഹവർത്തിത്വത്തിന്റെ സ്വരവും ചേഷ്ടകളുമേ ഫലവത്താകൂ എന്ന ഉറച്ചസന്ദേശമാണ് ‘ബ്രിക്സി’ന്റെ ഡൽഹി ഉച്ചകോടി ഊന്നിയുറപ്പിച്ചത്.