വെറുപ്പിന്റെ സ്വരം ഉയർത്തരുത്


ദാരുണമായ സംഭവത്തിന്റെപേരിൽ ഒരു ജില്ലയുടെമേൽ കുറ്റംചാർത്തി ആക്ഷേപമുയർത്തിയതിനും അതിനു മേമ്പൊടിയായി കേരളത്തെ അടച്ചാക്ഷേപിക്കാൻ അവാസ്തവങ്ങൾ നിരത്തിയെന്നതിനും ന്യായീകരണമേയില്ല

-

ലോക പരിസ്ഥിതിദിനത്തിൽ ലക്ഷക്കണക്കിനു ചെടികൾ നട്ടിരിക്കയാണ്. അതിന്റെയെല്ലാം വേരുകൾ ആഴങ്ങളിലേക്കും ശാഖകൾ അന്തരീക്ഷത്തിലേക്കും വളരും. കാർബൺ ഡയോക്സൈഡ് ആഗിരണം ചെയ്തുകൊണ്ട് അവ പ്രസരിപ്പിക്കുന്ന ഓക്സിജൻ ജന്തുജാലങ്ങളുടെ ചൈതന്യമാകും. ശാഖോപശാഖകളായി മാനവരാശിക്ക് താങ്ങും തണലും പകരുന്ന മൈത്രിയുടെ ചെടികൾകൂടിയാണ് വെള്ളിയാഴ്ച നമ്മുടെ നാട്ടിൽ നട്ടിട്ടുള്ളതെന്നതാണ് ഇത്തവണത്തെ ലോകപരിസ്ഥിതിദിനത്തിന്റെ സവിശേഷത. പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടിയും മതസൗഹാർദത്തിനും സാഹോദര്യത്തിനും വേണ്ടിയും പതിറ്റാണ്ടുകളോളം അക്ഷീണം പ്രവർത്തിച്ച മാതൃഭൂമി മാനേജിങ്‌ ഡയറക്ടറായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ സ്മരണയ്ക്കായും വിവിധ കേന്ദ്രങ്ങളിൽ വൃക്ഷങ്ങൾ നട്ടു.

മലപ്പുറത്ത് ത്രിപുരാന്തക ക്ഷേത്രത്തിന്റെ വളപ്പിൽ മൈത്രിയുടെ ഒരു മരം നട്ടിരിക്കുന്നു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ മരം നടുകയും ക്ഷേത്രത്തിലെ ശാന്തിയായ മണികണ്ഠൻ എമ്പ്രാന്തിരി കിണ്ടിയിലെ വെള്ളമൊഴിച്ച് അതിന് ജീവനം നൽകുകയും ചെയ്തത് രാജ്യത്തിനു മാത്രമല്ല, ലോകത്തിനുതന്നെ വലിയ സന്ദേശമാണ് നൽകുന്നത്. 132 വർഷംമുമ്പ് ശ്രീനാരായണഗുരു അരുവിപ്പുറത്തുവെച്ച് നൽകിയ ഐതിഹാസികമായ സന്ദേശത്തെ ഓർമിപ്പിക്കുകയാണത്. ജാതിഭേദം മതദ്വേഷം, ഏതുമില്ലാതെ സർവരും, സോദരത്വേന വാഴുന്ന , മാതൃകാസ്ഥാനമാണിത് എന്ന സന്ദേശം. വംശീയ വിദ്വേഷം ആളിക്കത്തുന്ന അമേരിക്കൻ ഐക്യനാടുകളിലേക്കുപോലുമുള്ള കൊച്ചുകേരളത്തിന്റെ സന്ദേശമാണത്.

ലോകം ഒരുപാടൊരുപാട് മുന്നിലേക്ക് കുതിച്ചിട്ടും ചിലരുടെ മനസ്സ് പിന്നിലേക്കുതന്നെ പോയ്‌ക്കൊണ്ടിരിക്കുന്ന സന്ദർഭമാണിതെന്നതാണ് മൈത്രീവൃക്ഷം നടുന്നതിന്റെ പ്രസക്തി. ഇടുങ്ങിയ മനസ്സുള്ളവർക്കുമുമ്പിൽ എല്ലാം ഇടുങ്ങിയും വക്രീകൃതമായുമാണ് പ്രത്യക്ഷമാവുക. വലിയ അധികാരസ്ഥാനങ്ങളിൽ ഇരുന്നവരിൽ ചിലർപോലും അങ്ങനെയാവുന്നുവെന്നത് നാടിന്റെ സുകൃതക്ഷയമെന്നല്ലാതെന്തുപറയാൻ. കഴിഞ്ഞ ദിവസം മണ്ണാർക്കാട്ട് ആന കൊല്ലപ്പെട്ട നിഷ്ഠുരമായ സംഭവം ഏറ്റവും വേദനാജനകമാണ്. അതിന്റെ പിന്നിലുള്ള ദുഷ്ടബുദ്ധികളെയെല്ലാം നിയമത്തിന്റെമുന്നിൽ കൊണ്ടുവരാൻ അമാന്തവുമരുത്. എന്നാൽ, ആ സംഭവത്തെ ഏതെങ്കിലും പ്രദേശത്തെ ജനങ്ങളുടെയാകെ വിനയാണെന്ന് മുദ്രകുത്തി ആക്ഷേപിക്കുന്നത് അസംബന്ധമാണ്. ദാരുണമായ സംഭവത്തിന്റെപേരിൽ ഒരു ജില്ലയുടെമേൽ കുറ്റംചാർത്തി ആക്ഷേപമുയർത്തിയതിനും അതിനു മേമ്പൊടിയായി കേരളത്തെ അടച്ചാക്ഷേപിക്കാൻ അവാസ്തവങ്ങൾ നിരത്തിയെന്നതിനും ന്യായീകരണമേയില്ല.

സ്വത്തുക്കൾ തട്ടിയെടുത്ത് വേറെ വിവാഹം കഴിക്കാനായി ഒരു നരാധമൻ ഭാര്യയെ കരിമൂർഖനെക്കൊണ്ട് കടിപ്പിച്ചുകൊന്നത് കേരളത്തിലെ ഒരു ജില്ലയിലാണ്. അയൽക്കാരിയായിരുന്ന വീട്ടമ്മയോട് വെള്ളം ചോദിച്ച് വാങ്ങിക്കുടിച്ചശേഷം തലയ്ക്കടിച്ചുകൊന്ന പാതകി മ​റ്റൊരു ജില്ലയിലാണ്. ഈ സംഭവങ്ങൾ എടുത്തുപറഞ്ഞ് കേരളം ഇത്തരക്കാരുടെ നാടാണെന്ന് ആക്ഷേപിക്കുന്നതിന് തുല്യമാണ് ആനയുടെ ദാരുണമരണവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയെ പ്രത്യേകിച്ചും കേരളീയരെ പൊതുവിലും ആക്ഷേപിച്ച നടപടി. പറഞ്ഞതെന്തെന്ന് എടുത്തുപറയാൻ പോലുമാകാത്ത തെറ്റുകളാണതിലുള്ളത്.

മനുഷ്യൻ മനുഷ്യനോടും മറ്റു ജീവജാലങ്ങളോടും പ്രകൃതിയോടും ക്രൂരതകാട്ടുന്നതിനെതിരായ ചെറുത്തുനിൽപ്പാണ് വാസ്തവത്തിൽ പരിസ്ഥിതിദിനാചരണത്തിലൂടെ നടക്കുന്നത്. പരിസ്ഥിതിസ്നേഹം എന്നത് മാനവസ്നേഹമാണ്. ഭാഷയുടെയോ വേഷത്തിന്റെയോ പ്രദേശത്തിന്റെയോ ജാതിയുടെയോ മതത്തിന്റെയോ വെവ്വേറെ കള്ളികളിലാക്കി മനുഷ്യരെ കാണുകയും വെറുപ്പിന്റെ സ്വരമുയർത്തുകയും ചെയ്യുന്നത് പരിസ്ഥിതിവിരുദ്ധമാണ്. എല്ലാ വിഭാഗം മനുഷ്യരുംകൂടി ഉൾപ്പെട്ടതാണ് പ്രകൃതിയും പരിസ്ഥിതിയും എന്ന് മറന്നുപോകുന്നവർ യഥാർഥ പ്രകൃതിസ്നേഹികളല്ല. 1888-ൽ അരുവിപ്പുറത്തുനിന്ന്‌ ശ്രീനാരായണഗുരു ഉയർത്തിയ സന്ദേശത്തിന്റെ തുടർച്ച-മലപ്പുറം ത്രിപുരാന്തക ക്ഷേത്രപരിസരത്ത് നട്ട മൈത്രിയുടെ ചെടി വളർന്നുപന്തലിച്ച് സ്നേഹസൗഹാർദങ്ങളുടെ ശുദ്ധവായു പ്രസരിപ്പിക്കുമെന്ന് ആശിക്കാം.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


Virat Kohli shares picture of Rafael Nadal Crying Alongside Roger Federer

1 min

'ഏറ്റവും സുന്ദരമായ കായിക ചിത്രം'; കണ്ണീരണിയുന്ന ഫെഡററുടെയും റാഫയുടെയും ചിത്രം പങ്കുവെച്ച് കോലി

Sep 24, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented