ഇപ്പോഴത്തെ അസാധാരണ സാഹചര്യം ഭാവിയിലെ വൈദ്യുതി പ്രതിസന്ധികളുടെ മുന്നറിയിപ്പുകൂടിയാണ്

സംസ്ഥാനത്ത് വൈദ്യുതിവിതരണം ഗുരുതരമായ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. മഴ ചതിക്കുകയും ഉഷ്ണം കൂടുകയുംചെയ്തപ്പോൾ വൈദ്യുതോപഭോഗം പ്രതീക്ഷിക്കാത്തവിധം വർധിച്ചു. ഈ വർധിതോപയോഗം ഫലപ്രദമായി നേരിടാൻപറ്റാതെ പതറിനിൽക്കുകയാണ് കെ.എസ്.ഇ.ബി.(സംസ്ഥാന വിദ്യുച്ഛക്തി ബോർഡ്)യും സംസ്ഥാനസർക്കാരും. മഴയില്ലാത്തതിനാൽ ജലവൈദ്യുതോത്പാദനം കുറഞ്ഞു. രാജ്യത്താകെ വൈദ്യുതോപയോഗം കൂടിയതിനാൽ തത്സമയവിപണിയിൽനിന്നു വൈദ്യുതി വാങ്ങാനുള്ള സംസ്ഥാനത്തിന്റെ ശ്രമത്തിനും തടസ്സംനേരിടുന്നുണ്ട്. വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം സംസ്ഥാനം വീണ്ടും പവർകട്ട് നേരിടുന്ന സാഹചര്യത്തിനുകാരണം യു.ഡി.എഫ്. സർക്കാരിന്റെ കെടുകാര്യസ്ഥതയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാൻ ഉമ്മൻചാണ്ടിസർക്കാർ കൊണ്ടുവന്ന കരാറുകൾ റദ്ദായതാണ് ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഈയിടെ പറയുകയുണ്ടായി. 2016 മുതൽ ഇരുപത്തിയഞ്ചുവർഷത്തേക്കായിരുന്നു കരാറുകൾ. ചട്ടലംഘനം ചൂണ്ടിക്കാട്ടി 2023 മേയിൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഇവ റദ്ദാക്കി. ഇത് വൈദ്യുതിപ്രതിസന്ധിക്കിടയാക്കിയതോടെ കരാറുകൾ പുനഃസ്ഥാപിക്കാൻ കെ.എസ്.ഇ.ബി.യും സംസ്ഥാനസർക്കാരും ശ്രമിച്ചെങ്കിലും കുറഞ്ഞ വിലയ്ക്ക് വൈദ്യുതിനൽകാൻ ഉത്പാദകക്കമ്പനികൾ വിസമ്മതിച്ചു. കമ്പനികളുടെ ഈ നിലപാട് കേന്ദ്ര വൈദ്യുതി അേപ്പലറ്റ് ട്രിബ്യൂണൽ 2024-ൽ ശരിവെക്കുകയുംചെയ്തു. ഇതിനെതിരായ സംസ്ഥാനത്തിന്റെ അപ്പീൽ ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതെന്തായാലും കെ.എസ്.ഇ.ബി.യുടെ കഴിഞ്ഞകാലങ്ങളിലെ ആസൂത്രണക്കുറവ് പ്രതിസന്ധിക്കു നല്ലപോലെ കാരണമായിട്ടുണ്ട്. ഇപ്പോഴത്തെ അസാധാരണസാഹചര്യം ഭാവിയിലെ വൈദ്യുതിപ്രതിസന്ധികളുടെ മുന്നറിയിപ്പുകൂടിയാണ്; ഇത്തവണ വരാനിരിക്കുന്നതാകട്ടെ, കടുത്ത വേനലും. അതൊക്കെ
കെ.എസ്.ഇ.ബി.യും സർക്കാരും വേണ്ടപോലെ കണക്കിലെടുക്കണം.
ഇടുക്കിയിലെ രണ്ടാമത്തെ ജലവൈദ്യുതപദ്ധതിയുൾപ്പെടെ പല വൈദ്യുതോത്പാദനസംരംഭങ്ങളുടെയും നിർമാണത്തിന്
കെ.എസ്.ഇ.ബി. നിർദേശം മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും എല്ലാം പ്രാഥമികചർച്ചയുടെ ഘട്ടത്തിലാണ്. അതേസമയം, ചെറുകിട ജലവൈദ്യുതപദ്ധതികൾപോലും സമയബന്ധിതമായി പൂർത്തിയാക്കാനാകാതെ വൻതോതിൽ പണംപാഴാക്കിയ ചരിത്രമാണ് കെ.എസ്.ഇ.ബി.യുടേത്. ദീർഘകാല ആവശ്യകതയ്ക്ക് ഏറ്റവും ഉചിതം പമ്പ്ഡ് സ്റ്റോറേജ് പദ്ധതി(പി.എസ്.പി.)കളാണ്. താഴെയുള്ള സംഭരണിയിൽനിന്നു ശേഖരിക്കുന്ന ജലം കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന വൈദ്യുതിയോ സൗരോർജമോ ഉപയോഗിച്ച് പകൽ പമ്പുചെയ്ത് മുകളിലെ സംഭരണിയിലെത്തിച്ച് രാത്രി ‘പീക്ക്’ സമയത്ത് വൈദ്യുതി ഉത്പാദിപ്പിക്കുന്ന രീതിയാണിത്. സംസ്ഥാനത്തെ നിർദിഷ്ട പി.എസ്.പി.കളൊന്നും ഏറെ മുന്നോട്ടുപോയിട്ടില്ല. പാരമ്പര്യേതര ഊർജസ്രോതസ്സുകൾ വിനിയോഗിക്കാനുള്ള ഉദ്യമം ശക്തിപ്പെടുത്തേണ്ടതുണ്ട്. പുരപ്പുറ സൗരോർജപദ്ധതികൾ വൈകാതെ നിലവിലുള്ളതിന്റെ ഇരട്ടിയിലധികമാകും. അങ്ങനെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ‘പീക്ക്’ സമയത്ത് ഉപയോഗിക്കാൻ കമ്യൂണിറ്റി ബാറ്ററി സ്റ്റോറേജ് പദ്ധതികൾ ധാരാളമായി വേണം. കെ.എസ്.ഇ.ബി. അഞ്ചിടങ്ങളിൽ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം(ബെസ്) സ്ഥാപിക്കുന്നുണ്ട്. ഇവയുടെ നിർമാണം ഇഴഞ്ഞുനീങ്ങുന്നതിൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അതൃപ്തിപ്രകടിപ്പിച്ചിരുന്നു. ‘ബെസ്’ പദ്ധതികളിൽ ലിഥിയം ബാറ്ററിയാണ് ഉപയോഗിക്കുക. എന്നാൽ, സോഡിയം ബാറ്ററികളാണ് അഭികാമ്യമെന്ന് വിദഗ്ധാഭിപ്രായമുണ്ട്. കുറഞ്ഞചെലവ്, ഉയർന്ന പ്രവർത്തനക്ഷമത, കൂടിയ സുരക്ഷ, അസംസ്കൃതപദാർഥങ്ങളുടെ മെച്ചപ്പെട്ട ലഭ്യത തുടങ്ങിയവയാണ് സോഡിയം ബാറ്ററികളുടെ മേന്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇതൊക്കെയാണെങ്കിലും വൈദ്യുതിയുടെ ഉപയോഗത്തിൽ നാം കേരളീയർ കൂടുതൽ അച്ചടക്കംപാലിക്കണമെന്ന് പറയാതിരിക്കാനാകില്ല. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലും ധനിക-ഉപരിമധ്യവർഗ ഭവനങ്ങളിലുമൊക്കെ വൈദ്യുതി പാഴാക്കിക്കളയുന്ന എത്രയോ ഉദാഹരണങ്ങളുണ്ട്. ഉപയോഗംകഴിഞ്ഞാലുടൻ ലൈറ്റും ഫാനും മറ്റ് വൈദ്യുതോപകരണങ്ങളുമൊക്കെ ഓഫ് ചെയ്യാൻ ശീലിക്കണം. മുറിയിൽ ആരുമില്ലെങ്കിലും ബൾബ് കത്തിക്കിടക്കുകയും ഫാൻ കറങ്ങിക്കൊണ്ടിരിക്കുകയുംചെയ്യുമ്പോൾ വിലപ്പെട്ട വൈദ്യുതിയാണു പാഴാകുന്നതെന്നു ബോധംവേണം. എ.സി.യുടെ ഉപയോഗത്തിൽ കണിശമായ സ്വയംനിയന്ത്രണം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. വൈദ്യുതവാഹനങ്ങൾ പകൽമാത്രം ചാർജുചെയ്താൽമതി. ഇത്തരം കാര്യങ്ങളിലൊക്കെ ശ്രദ്ധവെക്കുന്നത് പൗരബോധത്തിന്റെ മാതൃകാപ്രകടനമാകും.
Published: 12 Sept 2026, 12:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented