പുല്ലാട് വടക്കേകവല : പഞ്ചായത്തിന്റെ അനുമതിയില്ലാതെ പ്രവർത്തനം പുനരാരംഭിച്ച മീൻ കടയിൽ ബുധനാഴ്ച രാവിലെ അധികൃതർ വീണ്ടും എത്തി.

To advertise here,

കോയിപ്രം ഗ്രാമപ്പഞ്ചായത്ത് അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകിയ മീൻകട അനുമതിയില്ലാതെ ഞായറാഴ്ച മുതൽ തുറന്ന് പ്രവർത്തിച്ചതിനെ തുടർന്നാണ് ചൊവ്വാഴ്ച വൈകീട്ട് വീണ്ടും സ്റ്റോപ്പ് മെമ്മോ നൽകിയത്.

എന്നാൽ, ബുധനാഴ്ച രാവിലെ തന്നെ കട തുറന്നു. ഇതിനെ തുടർന്നാണ് അധികൃതർ കടയുടെ പ്രവർത്തനം നിർത്തിവെപ്പിക്കാൻ പോലീസ് സഹായം തേടിയത്. വികസനകാര്യ സമിതി അധ്യക്ഷൻ സി.എസ്. വിജയകുമാർ, ആരോഗ്യ വിദ്യാഭ്യാസ സമിതി അധ്യക്ഷൻ എ.കെ. സോമൻ, അസിസ്റ്റൻറ് സെക്രട്ടറി എം.ആർ. ശ്രീകുമാർ, സെക്ഷൻ ക്ലാർക്ക് വിജിൻ പഞ്ചായത്ത് എച്ച്.ഐ. ആർദ്ര, ആരോഗ്യവകുപ്പ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ. അഖിൽ എന്നിവരാണ് രാവിലെ മീൻ കടയിൽ എത്തിയത്.

പഞ്ചായത്തിൽ ലൈസൻസിന് അപേക്ഷിച്ചിട്ടുണ്ടെന്നും പ്രവർത്തിക്കുവാൻ അനുവദിക്കണമെന്നും കടയുടമ പറഞ്ഞെങ്കിലും ലൈസൻസ് എടുത്തതിനുശേഷം പ്രവർത്തനം പുനരാരംഭിച്ചാൽ മതി എന്നുള്ള തീരുമാനത്തിൽ അധികൃതർ ഉറച്ചുനിന്നു. കോയിപ്രം പോലീസ് സ്റ്റേഷനിൽനിന്ന് എത്തിയ എസ്.സി.പി.ഒ. അഭിലാഷ് കുമാർ, സി.പി.ഒ. മാരായ പരശുറാം, അനന്തു എന്നിവർ കടയുടമയുമായി സംസാരിച്ചതിനെ തുടർന്ന് ബുധനാഴ്ച വൈകീട്ട് വരെ പ്രവർത്തിപ്പിക്കുവാൻ പഞ്ചായത്ത് അധികൃതർ അനുമതി നൽകി. കോയിപ്രം ഗ്രാമപ്പഞ്ചായത്ത് അധികൃതരും ആരോഗ്യവിഭാഗവും നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെയും മാനദണ്ഡങ്ങൾ ലംഘിച്ചും പ്രവർത്തിച്ച മീൻകടയ്‌ക്കെതിരേ നടപടി സ്വീകരിച്ചിരുന്നു. 5,000 രൂപ പിഴ ചുമത്തുകയും ലൈസൻസ് നൽകുന്നതിന് ആവശ്യമായ രേഖകൾ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു. കടയുടമ ലൈസൻസിന് അപേക്ഷ നൽകിയെങ്കിലും ആവശ്യമായ മറ്റ് രേഖകൾ നൽകിയിട്ടില്ല. ജീവനക്കാരുടെ ഹെൽത്ത് സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ ഹാജരാക്കാത്തതിനാൽ പഞ്ചായത്ത് അപേക്ഷ നിരസിച്ചിരുന്നു.

ഒക്ടോബർ ആദ്യമാണ് വടക്കേ കവലയിൽ ചെറുകോൽപ്പുഴ റോഡിൽ പ്രവർത്തിക്കുന്ന ഫിഷ് സ്റ്റാളിൽ നിന്നും വാങ്ങിയ മീൻ വൃത്തിയാക്കുന്നതിനിടെ വീട്ടമ്മയുടെ കൈകളിൽ ചൊറിച്ചിൽ അനുഭവപ്പെട്ടത്.

പരിശോധന കർശനമാക്കി

:കോയിപ്രം പഞ്ചായത്ത് പരിധിയിൽപ്പെട്ട മീൻ സ്റ്റാളുകളിലും കോഴി കടകളിലും ബുധനാഴ്ച പരിശോധന നടത്തി. മത്സ്യങ്ങളിൽ അമോണിയ ഉൾപ്പെടെയുള്ളവ ചേർക്കുന്നുണ്ടെന്നുള്ള പരാതി ലഭിച്ചതിനെ തുടർന്നാണ് അധികൃതർ വ്യാപക പരിശോധനയ്ക്ക് നിർദ്ദേശം നൽകിയത്. പുല്ലാട്, മുട്ടുമൺ, കുമ്പനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന കടകളിലാണ് പരിശോധന നടത്തിയത്. പല കടകൾക്കും ലൈസൻസ് ഇല്ലെന്ന് കണ്ടതിനെ തുടർന്ന് നോട്ടീസ് നൽകി. മുട്ടുമണ്ണിന് സമീപം പ്രവർത്തിക്കുന്ന മീൻകടയ്ക്ക് സമീപം മലിനജലം കെട്ടിക്കിടക്കുന്നത് കണ്ടതിനെ തുടർന്ന് അയ്യായിരം രൂപ പിഴ ചുമത്തി. ജീവനക്കാർക്ക് ഹെൽത്ത് സർട്ടിഫിക്കറ്റ് ഇല്ലാത്ത കടകൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.