‌തിരുവല്ല : മരങ്ങൾ വെട്ടി മാറ്റുന്നതിന്റെ അവശിഷ്ടവും തോട്ടിലേക്ക്. പെരിങ്ങരയിലെ വിവിധ തോടുകളിൽ മരച്ചില്ലകൾ വെട്ടിയിട്ടിട്ടുണ്ട്. കാരയ്ക്കൽ തോട്ടിൽ പലയിടത്തായി കിടക്കുന്ന മരച്ചില്ലകൾ നീരൊഴുക്കിന് തടസ്സമായി മാറി. പാഴ്തടികൾ വാങ്ങിക്കാൻ നിരവധി സംഘങ്ങൾ മേഖലയിൽ എത്തുന്നുണ്ട്. ഇവർ തടികൾ വെട്ടിക്കൊണ്ടുപോകുമെങ്കിലും ചില്ലകൾ എടുക്കാറില്ല. ഇവയാണ് സമീപത്തെ തോടുകളിൽ ഉപേക്ഷിക്കുന്നത്.

To advertise here,

വെള്ളം പൊങ്ങുമ്പോൾ തോടുകളുടെ നീരൊഴുക്കിനെ കുറിച്ച് ചർച്ചകൾ ഉയരുമെങ്കിലും പിന്നീട് നടപടികൾ ഉണ്ടാകാറില്ല. നദിയിൽ മാലിന്യങ്ങൾ തള്ളുന്നതിനെതിരേ നിയമനടപടി സ്വീകരിക്കാമെങ്കിലും പെരിങ്ങര പഞ്ചായത്തിൽ ഇന്നുവരെ അത്തരം കേസ്സുകൾ എടുത്തിട്ടില്ല. 30 മീറ്റർ വീതിയുണ്ടായിരുന്ന കാരയ്ക്കൽ തോട് ഇപ്പോൾ പലഭാഗത്തും 10 മീറ്ററിൽ താഴെയായി ചുരുങ്ങി. കൂരച്ചാൽ, വേങ്ങൽ, ഇടിഞ്ഞില്ലം, ചാത്തങ്കരി തുടങ്ങിയ പ്രധാന തോടുകളുടേയും സ്ഥിതി ഇതുപോലെയായി. ഓഗസ്റ്റിലെ വെള്ളപ്പൊക്കം കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടപ്പോൾതന്നെ തോടുകളിൽ ജലനിരപ്പ് കുത്തനെ താഴ്ന്നു. അടുത്തമാസം കൃഷിപ്പണികൾ തുടങ്ങേണ്ട മേഖലയാണ്. തോടുകൾ തെളിക്കാൻ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്, മൈനർ ഇറിഗേഷൻ വകുപ്പ് എന്നിവ ചില പദ്ധതികൾ തുടങ്ങിയെങ്കിലും പോള നീക്കലിൽ കലാശിച്ചു. കൈയേറ്റം തിരിച്ചുപിടിക്കാനുളള ഒരു നീക്കവും ഉണ്ടായില്ല.

ശക്തമായ നടപടി വേണം

കഴിഞ്ഞ വെളളപ്പൊക്കത്തിൽ പെരിങ്ങരയിലെ അയ്യായിരത്തോളം വീടുകളിൽ വെള്ളം കയറി. തോടുകളുടെ ജലക്ഷമതക്കുറവാണ് അനിയന്ത്രിതമായ വെള്ളപ്പൊക്കത്തിന് ഒരുകാരണമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കനാലുകൾ സംരക്ഷിക്കാനുള്ള ബാധ്യത പ്രധാനമായി കാണണം. മരച്ചില്ലയടക്കം തോടുകളിൽ തള്ളുന്നതിന് ശക്തമായ നടപടി സ്വീകരിക്കണം

-ദേവരാജൻ

പെരിങ്ങര ഗ്രാമപ്പഞ്ചായത്ത് അംഗം