ഓമല്ലൂർ ഇടത്താവളം

To advertise here,

ഓമല്ലൂർ : മണ്ഡല- മകരവിളക്ക് തീർഥാടനകാലത്തിന് ദിവസങ്ങൾമാത്രം ശേഷിക്കെ, പ്രധാന ഇടത്താവളമായ രക്തകണ്ഠസ്വാമിക്ഷേത്രത്തിൽ തീർഥാടകരെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. ഫണ്ട് അനുവദിക്കാത്തതും ദേവസ്വം ബോർഡിന്റെ മെല്ലെപ്പോക്കും പ്രതിസന്ധിയായെങ്കിലും പഞ്ചായത്താണ് ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നത്.

പഴയ ഫണ്ടിൽ ശരണം

പുതിയ സാമ്പത്തികവർഷത്തിൽ പ്രത്യേക ഫണ്ട് ലഭിക്കാത്തതിനാൽ, കഴിഞ്ഞ തവണ ലഭിച്ചതിൽനിന്ന് 1,21,000 രൂപയാണ് ഇത്തവണ പഞ്ചായത്ത് ഉപയോഗിക്കുന്നത്. ഇതിൽനിന്ന് 45,000 രൂപ ചെലവഴിച്ച് പാതയോരത്ത് വിളക്കുകൾ സ്ഥാപിക്കുന്ന പണി തുടങ്ങി. തങ്കയങ്കി കടന്നുപോകുന്ന പ്രധാനപാതയുടെ ഇരുവശങ്ങളിലുമുള്ള കാടുതെളിക്കലും പുരോഗമിക്കുകയാണ്.

ശുചീകരണം പഞ്ചായത്ത്

ഓമല്ലൂർ ക്ഷേത്രപരിസരത്ത് ഉപയോഗശൂന്യമായി കിടന്ന ശൗചാലയങ്ങളും മറ്റും പഞ്ചായത്തിന്റെ നേതൃത്വത്തിൽ വൃത്തിയാക്കി. ക്ഷേത്രവളപ്പിലെ കിണറും ടാങ്കും നന്നാക്കി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. ആതിരയുടെ നേതൃത്വത്തിലാണ് ശുചീകരണം നടന്നത്. ക്ഷേത്രപരിസരത്തെ കാട് നീക്കുന്ന ജോലി പൂർത്തിയാകാനുണ്ട്.

ആറാട്ടുകടവിൽ സുരക്ഷ

ഭക്തർ കുളിക്കാൻ ആശ്രയിക്കുന്ന ആറാട്ടുകടവിലും സുരക്ഷയൊരുക്കിയിട്ടുണ്ട്. പ്രധാനകടവിൽ വേലികെട്ടി തിരിച്ചിരിക്കുന്നതിനാൽ പകരം തൊട്ടടുത്തുള്ള കടവിലാണ് തീർഥാടകർക്കായി സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇവിടെ പുല്ല് വെട്ടിമാറ്റി പരിസരം വൃത്തിയാക്കി. ഒഴുക്കിൽപ്പെട്ടുള്ള അപകടങ്ങൾ ഒഴിവാക്കാൻ ആറാട്ടുകടവിൽ രണ്ടുമാസത്തേക്ക് ലൈഫ് ഗാർഡിനെയും പഞ്ചായത്ത് നിയമിച്ചു.

മാലിന്യശേഖരണം

തീർഥാടനകാലത്ത് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം വലിച്ചെറിയുന്നത് തടയാനും പരിസരം വൃത്തിയായി സൂക്ഷിക്കാനും പുതിയ മാലിന്യ ബിന്നും പഞ്ചായത്ത് വാങ്ങിയിട്ടുണ്ട്. ഇവ 15-നകം ഇടത്താവളത്തിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും സ്ഥാപിക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഭിലാഷ് പറഞ്ഞു.

ഉഴുവത്ത് ക്ഷേത്രത്തെ കൈവിടാതെ

:മുൻവർഷങ്ങളിൽ ശബരിമല തീർഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നായിരുന്നു ഉഴുവത്ത് ദേവീക്ഷേത്രം. ഇത്തവണ ഔദ്യോഗികപട്ടികയിൽനിന്ന് ക്ഷേത്രത്തെ ദേവസ്വം ബോർഡ് ഒഴിവാക്കിയിരുന്നു. എങ്കിലും ദർശനത്തിനും വിശ്രമത്തിനുമായി നൂറുകണക്കിന് ഭക്തർ എത്തുന്നുണ്ട്. ക്ഷേത്രപരിസരത്തെ കാടുതെളിക്കലും മറ്റ് ശുചീകരണവും ബുധനാഴ്ച മുതൽ പഞ്ചായത്ത് തുടങ്ങി.