പന്തളം : കാലുകുത്തുമ്പോൾ മുതൽ അസൗകര്യങ്ങളുണ്ടെങ്കിലും മണികണ്ഠൻ കളിച്ചുവളർന്ന പന്തളത്ത് പുണ്യംതേടി തീർഥാടക ലക്ഷങ്ങളാണ് ഓരോ മണ്ഡലകാലത്തും വന്നുപോകുന്നത്. ഓരോവർഷവും തീർഥാടകരുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും അവർക്കുവേണ്ട സൗകര്യമൊരുക്കാൻ പന്തളത്ത് ഇടമില്ല. ഉള്ളതൊക്കെ തൂത്തുമിനുക്കി ഉള്ള സൗകര്യത്തിൽ തീർഥാടകരെ വരവേൽക്കാൻ ഒരുങ്ങുകയാണ് പന്തളം.
ആവശ്യമായവ
തീർഥാടകർക്ക് ചെറിയ വാഹനം നിർത്തിയിടാൻ അന്നദാനഹാളിന് താഴെ സൗകര്യമൊരുക്കാം. മഴപെയ്താൽ വെള്ളംകെട്ടുന്ന സ്ഥലത്ത് കൊരുപ്പുകട്ട പാകിയോ അൽപ്പം ഉയർത്തിയോ ചെളിയാകുന്നത് ഒഴിവാക്കാം.
മണികണ്ഠനാൽത്തറയ്ക്കുസമീപം കുടിവെള്ളത്തിന് സ്ഥാപിച്ചിട്ടുള്ള ജല അതോറിറ്റിയുടെ പൈപ്പുകളിൽനിന്നും വെള്ളം ഒഴുകി കാത്തിരിപ്പുകേന്ദ്രത്തിന് മുമ്പിൽ വെള്ളക്കെട്ടുണ്ടാകുന്നു. പൈപ്പ് മാറ്റിസ്ഥാപിച്ച് ഇത് ഒഴിവാക്കാം.
തീർഥാടകരുടെ വലിയ വാഹനങ്ങൾ എം.സി.റോഡിനരികിൽ നിർത്തിയിടുന്നത് ഒഴിവാക്കി, കുളനടയിലെ പാർക്കിങ് മൈതാനം ഇതിനായി പൂർണ സജ്ജമാക്കാം.
കുത്തൊഴുക്കുള്ള അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങുന്നതിന് ബുദ്ധിമുട്ടുള്ളവർക്കായി കുളിമുറികളോ എരുമേലിയിലേപ്പോലെ ഷവറുകളോ സ്ഥാപിക്കാം.
തീർഥാടന പാക്കേജുകളിലെത്തുന്നവർക്കും സ്വന്തം വാഹനങ്ങളിലെത്തുന്നവർക്കും സമീപത്തുള്ള ക്ഷേത്രങ്ങളെക്കുറിച്ച് വിവരങ്ങൾ നൽകാൻ ഇൻഫർമേഷൻ സെന്ററിൽ വിവിധ ഭാഷകളിൽ ലഘുലേഖ വിതരണംചെയ്യാം.
പന്തളത്തുനിന്ന് പമ്പയ്ക്ക് ഒരു ബസ് മാത്രമാണുള്ളത്. കൂടുതൽ തീർഥാടകരെത്തുന്നതനുസരിച്ച് ബസുകൾ പമ്പയിലേക്കയയ്ക്കാൻ കെ.എസ്.ആർ.ടി.സി. തയ്യാറാകണം
ഇപ്പോഴുള്ളത്
തീർഥാടകർക്ക് വിരിവെയ്ക്കാൻ അന്നദാനഹാളിന് മുകളിൽ വലിയ ഹാളുണ്ട്.
മൂന്നുനേരം അന്നദാനം
അച്ചൻകോവിലാറിന്റെ കൈപ്പുഴ കരയിലും പന്തളത്തും കുളിക്കടവുകളും സുരക്ഷാ സംവിധാനവുമുണ്ട്.
കുളനടയിൽ തീർഥാടകരുടെ വലിയ വാഹനം നിർത്തിയിടാനും വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുമുള്ള സൗകര്യമൊരുക്കുന്നുണ്ട്.
പഴയ തീർഥാടക വിശ്രമകേന്ദ്രത്തിലേക്ക് അരവണ നിർമാണ യൂണിറ്റ് മാറ്റാനുള്ള പണി തുടങ്ങി
ക്ഷേത്രത്തിന് ചുറ്റും ഉള്ളിലും തറയോട് പാകൽ പുനരുദ്ധാരണം, ചുറ്റുവിളക്ക് നവീകരണം എന്നിവ നടന്നുവരുന്നു.
വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ ആശുപത്രികൾ, ശുചീകരണം, സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഒരുക്കുന്നുണ്ട്.
Published: 03 Nov 2026, 12:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented