അടൂർ : സ്വന്തം കെട്ടിടം ഉണ്ടായിട്ടും വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കേണ്ട ഗതികേടിലാണ് അടൂർ അഗ്നിരക്ഷാസേന. പന്നിവിഴ കെ.ഐ.പി. കനാലിനോട് ചേർന്ന് 3.6 കോടി രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിർമിച്ചെങ്കിലും ഓഫീസ് പ്രവർത്തനം അങ്ങോട്ടേക്ക് മാറ്റിയിട്ടില്ല. ഫലത്തിൽ പുതിയ കെട്ടിടം ഉപയോഗിക്കാതെ കിടക്കുമ്പോഴും നിലവിലെ വാടകക്കെട്ടിടത്തിന് സർക്കാർ വാടക നൽകുകയാണ്.
പുതിയ കെട്ടിടം വന്നാൽ ഓഫീസ് അങ്ങോട്ടേക്ക് മാറ്റുന്നതാണ് സാധാരണ നടപടി. എന്നാൽ, പന്നിവിഴയിലെ കെട്ടിടത്തിൽ ഇതുവരെ പേരിന് പെയിന്റടിച്ചതല്ലാതെ ഓഫീസ് പ്രവർത്തനത്തിന് ആവശ്യമായ സംവിധാനങ്ങളൊന്നും ഒരുക്കിയിട്ടില്ല. ആവശ്യമായ ഉപകരണങ്ങളോ മറ്റ് സൗകര്യങ്ങളോ കെട്ടിടത്തിലേക്ക് എത്തിച്ചിട്ടില്ല.
വാഹനത്തിനും വഴിയില്ല
അഗ്നിരക്ഷാസേനയുടെ വാഹനം നിർത്തുന്നതിനായി ഗാരേജ് ഉൾപ്പെടെ സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും വാഹനത്തിന് ഗാരേജിലേക്ക് എത്താൻപോലും കഴിയാത്ത അവസ്ഥയാണ്. കെട്ടിടത്തിലേക്കുള്ള വഴിയും ഇതുവരെ സജ്ജമാക്കിയിട്ടില്ല. അടിയന്തരഘട്ടങ്ങളിൽ നിമിഷങ്ങൾക്കുള്ളിൽ പാഞ്ഞെത്തേണ്ട അഗ്നിരക്ഷാ വാഹനത്തിന് സ്വന്തം ഗാരേജിലെത്താൻപോലും വഴി തേടേണ്ട സ്ഥിതിയാണിപ്പോൾ.
കെട്ടിടനിർമാണത്തിന്റെ ഒന്നാംഘട്ടം മാത്രമാണ് പൂർത്തിയായതെന്നാണ് അഗ്നിരക്ഷാസേന അധികൃതരുടെ വിശദീകരണം. ഓഫീസ് പ്രവർത്തനം ആരംഭിച്ചിട്ടില്ലെന്നും അധികൃതർ പറയുന്നു.
വാടകക്കെട്ടിടത്തിൽ
അടൂർ അഗ്നിരക്ഷാസേന ഇപ്പോൾ പ്രവർത്തിക്കുന്ന വാടകക്കെട്ടിടത്തിന്റെ സ്ഥിതി അതീവ പരിതാപകരമാണ്. ജീവനക്കാരുടെ സുരക്ഷപോലും ചോദ്യംചെയ്യുന്ന തരത്തിലാണ് കെട്ടിടത്തിന്റെ അവസ്ഥ.
രണ്ട് വർഷം മുൻപ് കെട്ടിടത്തിന്റെ പിൻഭാഗത്തെ മേൽക്കൂരയുടെ കോൺക്രീറ്റ് പാളി ഇടിഞ്ഞുവീണിരുന്നു. ഇപ്പോഴും ഏതുനിമിഷവും കോൺക്രീറ്റ് പാളികൾ അടർന്നുവീഴാവുന്ന അവസ്ഥയിലാണ് കെട്ടിടം.
പല ഭാഗങ്ങളിലും വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. 33 വർഷം മുൻപാണ് അടൂരിൽ അഗ്നിരക്ഷാസേനയുടെ പ്രവർത്തനം ആരംഭിച്ചത്. അന്നുമുതൽ ഇന്നുവരെ വാടകക്കെട്ടിടത്തിലാണ് സേനയുടെ പ്രവർത്തനം.
Published: 06 Sept 2026, 12:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented