പത്തനംതിട്ട : കുടിവെള്ള പൈപ്പുകൾ അടിക്കടി പൊട്ടുന്നതുമൂലം കല്ലറക്കടവ് നിവാസികൾ കടുത്ത ദുരിതത്തിൽ. കണ്ണങ്കര-കല്ലറക്കടവ് റോഡിലാണ് ഈ പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. ഈ വർഷം മാത്രം കല്ലറക്കടവ് ജങ്‌ഷനിൽ മൂന്ന് തവണയാണ് പൈപ്പ് പൊട്ടിയത്. വാട്ടർ അതോറിറ്റി പൈപ്പുകളുടെ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും തകർന്ന റോഡ് ഇപ്പോഴും പൂർവസ്ഥിതിയിലാക്കാത്തത് യാത്രക്കാർക്കും നാട്ടുകാർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

To advertise here,

നാൽപ്പത് വർഷത്തിലേറെ പഴക്കമുള്ള ആസ്ബസ്റ്റോ‌സ് പൈപ്പുകളാണ് ഇവിടെയുള്ളത്. ഉയർന്ന ജലസമ്മർദം താങ്ങാനാവാതെയാണ് ഇവ ഇടയ്ക്കിടയ്ക്ക് പൊട്ടുന്നത്. ഇതിനുപുറമേ, കുമ്പഴ-പത്തനംതിട്ട റോഡിന്റെയും അബാൻ മേൽപ്പാലത്തിന്റെയും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വലിയ വാഹനങ്ങൾ ഇതുവഴി തിരിച്ചുവിട്ടിരുന്നു. ഇത്തരം വലിയ വാഹനങ്ങളുടെ ഭാരം താങ്ങാൻ കഴിയാതെവരുന്നതും പൈപ്പുകൾ തകരാൻ കാരണമാകുന്നുണ്ട്.

നേരത്തേ നഗരത്തിലേക്ക് വെള്ളമെത്തിക്കുന്നതിനായി കിഫ്ബി പദ്ധതി പ്രകാരം പൈപ്പിടുന്നതിനുവേണ്ടി ഒരു വർഷത്തോളം ഈ റോഡ് വെട്ടിപ്പൊളിച്ച് ഇട്ടിരുന്നു. പിന്നീട് കോൺഗ്രസ്, അയൽക്കൂട്ടം പ്രവർത്തകരുടെ നിരന്തര സമരത്തിനൊടുവിലാണ് റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയത്. എന്നാൽ, ടാറിങ് കഴിഞ്ഞാലുടൻ വീണ്ടും പൈപ്പ് പൊട്ടുന്നത് ഇവിടെ പതിവായിരിക്കുകയാണ്.

കല്ലറക്കടവ് ജങ്ഷൻ മുതൽ 300 മീറ്റർ ഭാഗത്തെങ്കിലും പഴയ പൈപ്പുകൾ മാറ്റി പുതിയ ജി.ഐ. പൈപ്പുകൾ സ്ഥാപിച്ചാൽ മാത്രമേ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാകൂ എന്ന് വാർഡ് കൗൺസിലർ അഡ്വ. എ. സുരേഷ് കുമാർ പറഞ്ഞു. ഇതിനായി ഫണ്ട് കണ്ടെത്തി ജി.ഐ. പൈപ്പുകൾ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുകയാണ്. പൈപ്പ് പൊട്ടി തകർന്ന റോഡ് വാട്ടർ അതോറിറ്റി അടിയന്തരമായി നന്നാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.