പന്തളം : പന്തളത്തെത്തുന്ന തീർഥാടകർക്ക് പ്രഭാതഭക്ഷണം മുതൽ അത്താഴംവരെ ഒരുക്കാൻ ക്ഷേത്രങ്ങളും വിവിധ സംഘടനകളും രംഗത്ത്. മണികണ്ഠനാൽത്തറയിൽ മുൻവർഷങ്ങളിലേതുപോലെ അയ്യപ്പാസേവാസംഘം നവംബർ 17 മുതൽ ഉച്ചഭക്ഷണം ഒരുക്കുന്നുണ്ട്. കഞ്ഞിയും അസ്ത്രവും (കറി) ആണ് ഉച്ചയ്ക്ക് വിളമ്പുന്നത്. കുടിവെള്ളം, ഇൻഫർമേഷൻ തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്.

To advertise here,

പന്തളം വലിയകോയിക്കൽ ധർമശാസ്താക്ഷേത്രത്തിൽ മൂന്നുനേരം ഭക്ഷണം നൽകാനാണ് ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുള്ളത്. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 1000 പേർക്കും ഉച്ചയ്ക്ക് 2200 പേർക്കും അത്താഴത്തിന് 1100 പേർക്കും എന്ന കണക്കിലും ബാക്കിയുള്ള ദിവസങ്ങളിൽ യഥാക്രമം 700, 2100, 1000 പേർക്കും ഭക്ഷണം വിളമ്പും.

ശബരിമല അയ്യപ്പസേവാസമാജം മണികണ്ഠനാൽത്തറയ്ക്ക് സമീപത്തെ സേവാകേന്ദ്രത്തിൽ അത്താഴമാണ് ഒരുക്കുന്നത്. 17 മുതൽ വൈകീട്ട് കഞ്ഞിയാണ് ഇവരുടെ ഭക്ഷണം. കൂടാതെ, കുടിവെള്ള വിതരണം ഇൻഫർമേഷൻ സെന്റർ എന്നീ സേവനവുമുണ്ടാകും.

പാലസ് വെൽഫെയർ സൊസൈറ്റി സായാഹ്നഭക്ഷണമാണ് ഒരുക്കുന്നത്. ജനുവരി ഒന്നുമുതൽ 10വരെ എല്ലാദിവസവും ഊണാണ് നൽകുന്നത്. മുട്ടാർ അയ്യപ്പക്ഷേത്രത്തിലും 17 മുതൽ 41 ദിവസം ഉച്ചഭക്ഷണമുണ്ടാകും.അടൂർ- പത്തനംതിട്ട റോഡിൽ തോലുഴം കാണിക്കവഞ്ചിക്കുസമീപം തട്ടയിൽ ഒരിപ്പുറം ഭഗവതി ദേവസ്വവും തോലുഴം പൗരസമിതിയും ചേർന്ന് അന്നദാനം ഒരുക്കുന്നുണ്ട്. രാവിലെ 11 മുതൽ കഞ്ഞിയും അസ്ത്രവുമാണ് ഇവിടെ നൽകുന്നത്. പമ്പയിലേക്ക് പോകാനായി തെക്കൻ ജില്ലകളിൽനിന്നെത്തുന്ന തീർഥാടകർക്ക് ഇവിടെയുള്ള ഇടത്താവളത്തിൽ കഞ്ഞികുടിച്ച് വിശ്രമിച്ച് യാത്ര തുടരാനാകും.