തട്ടാരുപടി : ഏഴംകുളം - ഏനാത്ത് മിനി ഹൈവേയിൽ ടിപ്പർ ലോറികൾ അപകടഭീതി ഉയർത്തി അമിതവേഗത്തിൽ പായുന്നു. വ്യാഴാഴ്ച തട്ടാരുപടി ജങ്ഷനിൽ ടിപ്പർ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച അപകടത്തിൽ അഞ്ചുവയസ്സുകാരൻ മരിച്ചിരുന്നു.

To advertise here,

അപകടത്തിന് പിന്നാലെ സ്ഥലത്തെ ജനങ്ങളുടെ ഭാഗത്തുനിന്നും വലിയ പ്രതിഷേധം ഉയർന്നിരുന്നു. ടിപ്പർ ലോറികൾ അമിതവേഗതയിൽ പോകുന്നതിന് നിയന്ത്രണമുണ്ടാവണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

കൂടുതലും ക്രഷർ യൂണിറ്റുകളിൽ നിന്നുള്ളതും, മണ്ണ് കയറ്റിയതുമായ ലോറികളാണ് ഇതുവഴി പോകുന്നത്.

മിനി ഹൈവേയിൽ ഒട്ടേറെ കൊടും വളവുകളും, ഒപ്പം വശങ്ങളിൽ വ്യാപകമായി കാടും പിടിച്ചു കിടക്കുകയാണ്. ഇതിനിടയിൽ അമിതവേഗതയിൽ വരുന്ന ലോറികൾ കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.

പരിശോധനയിൽനിന്ന് രക്ഷപ്പെടാൻ

അടൂർ വഴി പോകുമ്പോൾ ഉണ്ടാകാവുന്ന പോലീസ് പരിശോധനകൾ ഒഴിവാക്കാൻ ഒട്ടേറെ ടിപ്പർ ലോറികൾ ഇതുവഴിയാണ് കടന്നു പോകുന്നത്.

ഏനാത്ത് - ഏഴംകുളം റോഡിൽ പോലീസിന്റെയൊ, മോട്ടോർ വാഹന വകുപ്പിന്റെ കാര്യമായ വാഹന പരിശോധനകളില്ല. അതിനാൽ പകലും രാത്രി ഇടതടവില്ലാതെയാണ് ലോറികൾ അമിതവേഗതയിൽ കടന്നുപോകുന്നത്. സ്കൂൾ സമയത്ത് നഷ്ടമാകുന്ന സമയം ഓടിയെത്താൻ പകൽ വലിയ വേഗതയിലാണ് ലോറികൾ പോകുന്നത് നാട്ടുകാർ പറയുന്നു.

എളുപ്പമാർഗം

ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ നിന്ന് വരുന്ന ലോറികൾക്ക് ചവറ, കൊല്ലം ഭാഗങ്ങളിലേക്ക് പോകാൻ സൗകര്യപ്രദമായ പാതയാണിത്. ഏഴംകുളം - ഏനാത്ത് - കടമ്പനാട് മിനി ഹൈവേയിൽ കൂടി വന്നാൽ എം.സി റോഡ് ഒഴിവാക്കി കൊല്ലം ഭാഗത്തേക്ക് പോകാം.