പ്രതിനിധിസമ്മേളനം തുടങ്ങി

To advertise here,

തിരുവല്ല : അവരവരുടെ താത്പര്യംവെച്ച് നല്ലതിനെ ചീത്തയെന്നും തിരിച്ചും പറഞ്ഞുപോകുന്നതാണ് നമ്മുടെ പരാജയകാരണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി. ശിവൻകുട്ടി പറഞ്ഞു. സി.ഐ.ടി.യു. ജില്ലാസമ്മേളനത്തിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നല്ലതിനെ നല്ലതെന്ന് പറഞ്ഞുപോകാത്തതാണ് പല കുഴപ്പങ്ങൾക്കും കാരണം. ചർച്ചകളിൽ തുറന്ന വിമർശനം വേണം. ഗ്രൗണ്ട് റിയാലിറ്റി മനസ്സിലാക്കിയുള്ള ചർച്ചകൾ വേണം. ഭക്ഷണം കഴിച്ച് സമയം കളയുന്നതിന് പകരം ചർച്ചകൾക്കാകണം കൂടുതൽസമയം വിനിയോഗിക്കേണ്ടത്.

അംഗങ്ങൾക്ക് പ്രയാസമാകും എന്നുകരുതി സംഘടനാ കാര്യങ്ങൾ പറയാതിരിക്കരുത്. ചർച്ചയിൽ പറയേണ്ടത് അപ്പോൾതന്നെ പറയണം.

പുറത്തിറങ്ങി മറ്റൊരാളുടെ ചെവിയിൽ പറയുന്ന ഏർപ്പാട് അനുവദിക്കില്ലെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു. ജില്ലാകമ്മിറ്റിയിൽ ഹാജർ കുറവുള്ളവരെ അടുത്ത കമ്മിറ്റിയിൽ തിരഞ്ഞെടുക്കരുത്. കഴിഞ്ഞ തവണത്തേതിനേക്കാൾ 49,000 അംഗങ്ങളെ പുതുതായി ചേർക്കാൻ കഴിഞ്ഞ പത്തനംതിട്ട ജില്ലാ ഭാരവാഹികളെ ശിവൻകുട്ടി അഭിനന്ദിച്ചു. ലേബർ കോഡിനെ ചെറുക്കാൻ സി.ഐ.ടി.യു. ശക്തമായ സമരം തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലാ പ്രസിഡന്റ് എസ്. ഹരിദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ കെ.എൻ. ഗോപിനാഥ്, സി.വി. ചന്ദ്രബാബു, ജില്ലാ സെക്രട്ടറി പി.ബി. ഹർഷകമാർ, സി.പി.എം. ജില്ലാ സെക്രട്ടറി രാജു എബ്രഹാം, സ്വാഗതസംഘം ചെയർമാൻ അഡ്വ. ആർ. സനൽകുമാർ, സുനിതാ കുര്യൻ, പി.ജെ. അജയകുമാർ, എം.വി. സഞ്ജു, അഡ്വ. ഫ്രാൻസിസ് വി.ആന്റണി, പി.ആർ. പ്രസാദ്, എം.ബി. പ്രഭാവതി, പ്രൊഫ. കെ. മോഹൻകുമാർ, ആർ. ഉണ്ണിക്കൃഷ്ണപിള്ള തുടങ്ങിയവർ പ്രസംഗിച്ചു. മുതിർന്ന അംഗം കെ.സി. രാജഗോപാലൻ പതാക ഉയർത്തി. ഞായറാഴ്ച പൊതുചർച്ചയ്ക്ക് മറുപടി പറയും. ഉച്ചയ്ക്കുശേഷം ഭാരവാഹി തിരഞ്ഞെടുപ്പോടെ ജില്ലാസമ്മേളനം സമാപിക്കും.