മിത്രപുരം : എം.സി. റോഡിലെ മിത്രപുരം ജങ്ഷനിൽ സീബ്രാവരകൾ ഇല്ലാത്തത് കാൽനടയാത്രികർക്ക് ദുരിതമാകുന്നു. മിത്രപുരം ഉദയഗിരി ഭാഗത്തെ സ്കൂളുകളിലേക്ക് പോകുന്ന വിദ്യാർഥികളടക്കം ഒട്ടേറെപ്പേരാണ് ദിവസവും ഇവിടെ റോഡ് മുറിച്ചുകടക്കുന്നത്.

To advertise here,

വാഹനത്തിരക്കേറിയ എം.സി. റോഡിൽ സീബ്രാ വരകളോ കാൽനടയാത്രികർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള മറ്റ് സംവിധാനങ്ങളോ ഇല്ലാത്തതിനാൽ ഏറെനേരം കാത്തുനിന്നശേഷമാണ് പലർക്കും മറുവശത്തെത്താനാകുന്നത്.

ദിവസേന നൂറുകണക്കിന് ചെറുതും വലുതുമായ വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയാണ് എം.സി. റോഡ്. തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങളുടെ ഒഴുക്ക് വർധിക്കുന്നതോടെ വിദ്യാർഥികൾക്കും വയോധികർക്കും റോഡ് മുറിച്ചുകടക്കുന്നത് ഏറെ പ്രയാസകരമാണ്.

ജങ്ഷനിൽ സീബ്രാ വരകൾ അടയാളപ്പെടുത്തുന്നതിനൊപ്പം കാൽനട യാത്രികരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വിദ്യാർഥികളുടെ യാത്രാ സമയങ്ങളിൽ പോലീസിന്റെ പ്രത്യേക ശ്രദ്ധയും സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തണമെന്ന ആവശ്യവും രക്ഷിതാക്കൾ മുന്നോട്ടുവെക്കുന്നു.