സീതത്തോട് : പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട വിഷയത്തിൽ മലയോരമേഖലയിൽ പ്രതിഷേധം ശക്തം. വിവിധ കർഷകസംഘടനകളും രാഷ്ട്രീയ പാർട്ടികളുമെല്ലാം പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെ ജനങ്ങളുയർത്തുന്ന പ്രതിഷേധം കൂടുതൽ കരുത്താർജ്ജിക്കുകയാണ്. പട്ടികയിൽനിന്ന് ജനവാസമേഖലകളെ ഒഴിവാക്കി കിട്ടണമെന്നതാണ് മലയോരമേഖലയുടെ ഒന്നടങ്കമുള്ള ആവശ്യം.

To advertise here,

സീതത്തോട്, ചിറ്റാർ,തണ്ണിത്തോട്, അരുവാപ്പുലം, പെരുനാട്, വടശേരിക്കര, കൊല്ലമുള വില്ലേജുകളാണ് നിലവിൽ പരിസ്ഥിതിലോല പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. അതിൽതന്നെ മലയോരമേഖലയിൽ ഏറ്റവുമധികം ബാധിക്കുന്നത് സീതത്തോട് പഞ്ചായത്തിനെയാണ്. പഞ്ചായത്ത് ഏതാണ്ട് പൂർണമായിതന്നെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നു എന്നതാണ് ആശങ്ക. പരിസ്ഥിതിലോല പട്ടികയിൽനിന്ന് ജനവാസമേഖലകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജനങ്ങൾ കൂട്ടത്തോടെ പരാതി രേഖപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. പട്ടിക സംബന്ധിച്ച് ആക്ഷേപമുള്ളവർ സെപ്‌റ്റംബർ 25-ന് മുമ്പ് ഓൺലൈനായി അറിയിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനത്തിലുള്ളത്.

 

പരിസ്ഥിതിലോല പട്ടികയുടെ നിലവിലെ അവസ്ഥയിൽ അന്തിമവിജ്ഞാപനം പുറത്തുവന്നാൽ ജില്ലയിലെ 26,000 കുടുംബങ്ങളെ ദോഷകരമായി ബാധിക്കുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. പരിസ്ഥിതിലോല പട്ടികയിലുൾപ്പെടുന്നതോടെ ഉണ്ടാകുന്ന കടുത്ത നിയന്ത്രണങ്ങൾ മലയോര മേഖലയിലെ ജനജീവിതം ദുസ്സഹമാക്കും. ഒരു നൂറ്റാണ്ടിലധികമായി ജനങ്ങൾ താമസിക്കുന്ന പ്രദേശങ്ങൾ വരെയാണ് പട്ടികയുടെ കരട് വിജ്ഞാനപത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. പട്ടികയിൽ ഉൾപ്പെട്ടാൽ മലയോരമേഖലയിലെ പലസ്ഥലങ്ങളിൽ നിന്നും ജനങ്ങൾക്ക് കൂട്ടത്തോടെ ഒഴിഞ്ഞുപോകേണ്ടി വരും. ആയിരക്കണക്കിന് വരുന്ന കൈവശ കർഷകർക്ക് പട്ടയം എന്നത് കിട്ടാതാകുകയും, ഭൂമി തന്നെ നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടാകും.

സീതത്തോട്ടിൽ കിസാൻ സഭയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗവും ഒപ്പുശേഖരണവും നടത്തി. മണ്ഡലം പ്രസിഡന്റ് പി.എസ്. സുജയുടെ അധ്യക്ഷതയിൽ സി.പി.ഐ. ജില്ലാ എക്‌സിക്യുട്ടിവ് അംഗം മലയാലപ്പുഴ ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ആർ. മഹേഷ്, പി.കെ. വാസുദേവൻ, സജിതോമസ്, പി.ജെ. തോമസ് എന്നിവർ പ്രസംഗിച്ചു. ചിറ്റാറിൽ ജനകീയ കർഷക സമിതി പ്രതിഷേധയോഗം നടത്തി. ചിറ്റാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷൈലജാ ബീവി ഉദ്ഘാടനം ചെയ്തു. ഫാ. ജോസ് ബാസിൽ അധ്യക്ഷനായി. അഡ്വ. ജോണി കെ.ജോർജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ടി.കെ. സജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. ബഷീർ, ഷമ്മാസ് മൗലവി, സുകുലാൽ, അനിൽ ബഞ്ചമിൻപാറ, നൗഷാദ് മൗലവി, നസീർ തോമസ് ഏബ്രഹാം, ബഷീർ വെള്ളത്തറയിൽ എന്നിവർ പ്രസംഗിച്ചു.