തട്ടയിൽ : കണ്ണുകളിൽ കണ്ടത് സങ്കടങ്ങളുടെ ഒരായിരം കഥകൾ. കേട്ടത് ജീവിതം നൽകിയ പാഠങ്ങൾ. പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികൾക്കൊപ്പം ഒരുപകൽ ചെലവഴിച്ച് മടങ്ങുമ്പോൾ തട്ടയിൽ എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് റേഞ്ചർ അംഗങ്ങളുടെ മനസ്സിൽ ഒരുതീരുമാനം ഉറച്ചിരുന്നു, അച്ഛനെയും അമ്മയെയും ഒരിക്കലും ഉപേക്ഷിക്കില്ല.
സ്കൂളിൽ നടത്തിയ ജൈവപച്ചക്കറി പ്രദർശന-വിപണനത്തിൽനിന്ന് ലഭിച്ച തുക ഉപയോഗിച്ച് വാങ്ങിയ തുണികളും മരുന്നുമായാണ് അവർ ഗാന്ധിഭവനിൽ പോയത്. മനസിലെ സ്നേഹവും കൈയിലുണ്ടായിരുന്ന കരുതലും അവർ ഗാന്ധിഭവനിലെ അന്തേവാസികൾക്കായി മാറ്റിവെച്ചു. ഗാന്ധിഭവന്റെ പ്രവർത്തനങ്ങൾ നേരിൽ കണ്ട കുട്ടികളോട് അവിടുത്തെ ഓരോ ജീവിതത്തിനും പറയാനുണ്ടായിരുന്നത് വേദനയുടെ വ്യത്യസ്തകഥകളായിരുന്നു. അന്തേവാസികളുമായി സംസാരിക്കുകയും അവരുടെ അനുഭവങ്ങൾ കേൾക്കുകയും ചെയ്തപ്പോൾ പലരുടെയും കണ്ണുനിറഞ്ഞു.
സ്വന്തം അച്ഛനെയും അമ്മയെയും കുറിച്ചുള്ള ഓർമകളും അവരുടെ കരുതലിന്റെ വിലയും കുട്ടികളുടെ മനസ്സിൽ പതിഞ്ഞു. ഗാന്ധിഭവനിലെ സമൂഹപ്രാർഥനയിൽ പങ്കുചേർന്നും കലാപരിപാടികളും അവതരിപ്പിച്ചായിരുന്നു മടക്കം. അച്ഛനെയും അമ്മയെയും സംരക്ഷിക്കുമെന്നും പ്രതിജ്ഞയെടുത്തു.
അസിസ്റ്റന്റ് സെക്രട്ടറി ഭുവനചന്ദ്രന്റെ നേതൃത്വത്തിലുള്ള ഗാന്ധിഭവൻ സംഘം വിദ്യാർഥികളെ സ്വീകരിച്ചു. സ്കൗട്ട് മാസ്റ്റർ വി.എ. ബിജുകുമാർ, റേഞ്ചർ ലീഡർ ജയശ്രീ പണിക്കർ, കൊമേഴ്സ് വിഭാഗം അധ്യാപിക പാർവതി എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളായ പാർവതി ഉണ്ണികൃഷ്ണൻ, സ്നേഹ രതീഷ്, ശ്രിയ എസ്.നായർ, അൻസ മേരി വിൽസൺ, എ. അനന്യ, എ. ആദിത്യൻ, മെൽവിൻ മോൻസി പയസ്, സിദ്ധാർഥ് എസ്.ജയ, അമ്പാടി അജിത്ത് എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രസന്ന സോമരാജൻ സ്കൂളിനുള്ള ഉപഹാരം വിദ്യാർഥികൾക്ക് സമ്മാനിച്ചു.
ഗാന്ധിഭവൻ ഒരുക്കിയ സദ്യയും കഴിച്ച് കുട്ടികൾ മടങ്ങുമ്പോൾ അവർക്കൊപ്പം ഉണ്ടായിരുന്നത് ഒരുദിവസത്തെ സന്ദർശനത്തിന്റെ ഓർമ മാത്രമായിരുന്നില്ല; നാം എത്രവളർന്നാലും അച്ഛനമ്മാമാരെ ചേർത്തുപിടിക്കണമെന്ന ജീവിതപാഠം കൂടിയായിരുന്നു.
Published: 21 Sept 2026, 12:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented