ഉദ്ഘാടനം കഴിഞ്ഞിട്ട് എട്ടുമാസം

To advertise here,

പന്നിവിഴ : തീപിടിത്തമുണ്ടായാൽ നിമിഷനേരംകൊണ്ട് പാഞ്ഞെത്തുന്ന അഗ്നിരക്ഷാസേനയ്ക്ക് സ്വന്തം കെട്ടിടത്തിലേക്ക് മാറാൻ എട്ടുമാസം കഴിഞ്ഞിട്ടും വഴിതെളിഞ്ഞിട്ടില്ല. ഇപ്പോൾ സ്വന്തം കെട്ടിടമെന്ന് അവകാശപ്പെടുന്ന പന്നിവിഴയിലെ പുതിയ കെട്ടിടത്തിന്റെ അവസ്ഥ വളരെ ദയനീയമാണ്. കെട്ടിടത്തിന് ചുറ്റും കാട് വളർന്ന്‌ നിൽക്കുകയാണ്. ഉദ്ഘാടനം കഴിഞ്ഞ് എട്ടുമാസം പിന്നിട്ടിട്ടും സേനയുടെ പ്രവർത്തനം തുടങ്ങാത്ത കെട്ടിടം ഇതിനോടകം കാടിന്റെ കൈയിലായിക്കഴിഞ്ഞു. പ്രധാന കവാടംമുതൽ ഗാരേജിലേക്കുള്ള വഴിവരെ കാടുമൂടി. ഗാരേജിന്റെ പരിസരവും കാടുകയറി. റോഡരികിൽ വളർന്ന കാട് കെട്ടിടത്തിനുള്ളിലേക്ക് പടരാനുള്ള ഒരുക്കത്തിലാണ്. പന്നിവിഴ കെ.ഐ.പി. കനാലിനോട് ചേർന്ന് 3.6 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്. 2026 മാർച്ചിൽ ഉദ്ഘാടനം നടത്തി. എന്നാൽ, കെട്ടിടം തുറന്ന് പ്രവർത്തിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അഗ്നിരക്ഷാ സേനയുടെ വാഹനങ്ങൾക്ക് കയറിവരാൻ നിർമിച്ച ഗാരേജുണ്ടെങ്കിലും അവിടേക്ക് എത്താൻ വഴിയില്ലാത്ത സ്ഥിതിയാണ്. കെട്ടിടം നിർമിച്ച് പേരിന് പെയിന്റടിച്ചതല്ലാതെ ഓഫീസ് പ്രവർത്തനത്തിന് ആവശ്യമായ ഉപകരണങ്ങളോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിട്ടില്ല. ഇനി മൂന്ന് കോടി രൂപയുടെ രണ്ടാംഘട്ട നിർമാണ പ്രവൃത്തികൾകൂടി പൂർത്തിയാക്കിയാലേ സേനയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാനാകൂ എന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്

വെല്ലുവിളി കാത്തിരിക്കുന്നുണ്ട്

പ്രകൃതിയുടെ മറ്റൊരു പരീക്ഷണവും കെട്ടിടത്തെ കാത്തിരിക്കുന്നുണ്ട്. വരൾച്ച ശക്തമാകുന്നതോടെ കെട്ടിടത്തിനു മുന്നിലൂടെ കടന്നുപോകുന്ന കനാലിൽ വെള്ളമെത്തും. മുൻവർഷങ്ങളിൽ ഉണ്ടായതുപോലെ കനാലിൽനിന്നുള്ള ഊറ്റുവെള്ളം ഗാരേജിലേക്ക് കയറാനും സാധ്യതയുണ്ട്. ഗാരേജ് കോൺക്രീറ്റ് ചെയ്യാതെയും അരികുകൾ കെട്ടാതെയും കിടക്കുന്നത് വെള്ളക്കെട്ടിന് വഴിയൊരുക്കും. അങ്ങനെ കാടിനൊപ്പം വെള്ളവും കൈയടക്കിയാൽ കോടികളുടെ കെട്ടിടം നോക്കുകുത്തിയാകുമെന്ന ആശങ്കയുമുണ്ട്.