പന്തളം : പോലീസ് ധാരാളമുണ്ടെങ്കിലും പന്തളത്തെ ഗതാഗതക്കുരുക്കഴിക്കാൻ ഇതൊന്നും മതിയാവില്ല. അതിന് സമാന്തരപാത തന്നെവേണം. ഓണവും ക്രിസ്മസുംപോലെ തീർഥാടനകാലത്തും പന്തളം കുരുക്കിലാകും. പന്തളം കവലയിലെ സിഗ്നൽ ലൈറ്റിൽ എം.സി. റോഡിലൂടെയുള്ള വാഹനങ്ങൾക്ക് പോകാൻ സമയം കൂടുതൽ നൽകിയിട്ടുണ്ടെങ്കിലും പ്രയോജനമില്ല. അത്രയും വാഹനമാണ് എം.സി. റോഡിലൂടെ കടന്നുപോകുന്നത്. സ്‌കൂൾ വിടുന്ന സമയത്ത് സിഗ്നൽ ഓഫാക്കിയാണ് പോലീസ് കുരുക്ക് കുറച്ചെങ്കിലും അഴിക്കുന്നത്. ഇത്തവണ തീർഥാടനകാലം ആരംഭിച്ചപ്പോൾ മുതൽ പന്തളത്തെ ഗതാഗതക്കുരുക്ക് മുമ്പുള്ളതിന്റെ ഇരട്ടിയായി തുടരുകയാണ്.

To advertise here,

മണികണ്ഠനാൽത്തറയിൽനിന്നും ക്ഷേത്രത്തിലേക്കും പാർക്കിങ് മൈതാനത്തേക്കും വാഹനങ്ങൾ തിരിയുന്ന ഭാഗത്തും ക്ഷേത്രത്തിലേക്ക് പോകുന്ന തീർഥാടകർ എം.സി. റോഡ് മുറിച്ചുകടക്കുന്ന ഭാഗത്തും എപ്പോഴും നല്ല തിരക്കാണനുഭവപ്പെടുന്നത്. ക്ഷേത്രത്തിലേക്കെത്തുന്ന തീർഥാടകരുടെ വാഹനം എം.സി. റോഡിനരികിൽ അൽപ്പസമയമെങ്കിലും നിർത്തിയിടുന്നുമുണ്ട്. ദീർഘദൂരം പോകേണ്ട വാഹനങ്ങൾക്കുപോലും മറ്റു വഴികളില്ലാത്തതിനാൽ ഇവിടെ നീണ്ടനിരയിൽപ്പെട്ട് കിടക്കുകയേ മാർഗമുള്ളു.

എം.സി.റോഡിലുള്ള പ്രധാനകവലകളിൽ ഏറ്റവും തിരക്കുള്ള കവലയായി പന്തളം മാറിക്കഴിഞ്ഞു. മൂന്ന് കിലോമീറ്ററിലധികം നീളുന്ന വാഹനങ്ങളുടെ നിരയാണ് കഴിഞ്ഞദിവസങ്ങളിൽ പന്തളത്ത് കാണാനായത്. സമാന്തരമായി സഞ്ചരിക്കാനുള്ള പാത അമ്പലക്കടവുപാലം വഴിമാത്രമാണുള്ളത്. ഇതിലേ പോകാൻ പത്ത് കിലോമീറ്റേറോളം കറങ്ങുകയും വേണം. 2017-ൽ കുറുന്തോട്ടയം പാലം പൊളിച്ചുപണിത് തുറന്നുകൊടുത്തപ്പോൾ പന്തളത്തെ മാത്രമല്ല എം.സി.റോഡിലൂടെ പോകുന്ന യാത്രക്കാരുടെയെല്ലാം പ്രതീക്ഷ ഇവിടുത്തെ ഗതാഗതതടസ്സം മാറുമെന്നായിരുന്നു.

എന്നാൽ രണ്ട് വാഹനത്തിന് കടന്നുപോകാനുള്ള വീതിയിൽ പാലവും നടപ്പാതയും ഉണ്ടായിട്ടും ഗതാഗത തടസ്സത്തിന് മാറ്റം വന്നില്ല.