പാറശ്ശാല : രണ്ടുപതിറ്റാണ്ടിനുശേഷം നെല്ലിക്കോണം ഏലായിലെ കൊയ്ത്ത് ആഘോഷമാക്കി നാട്ടുകാർ. പഞ്ചായത്തും പാടശേഖരസമിതിയും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നെല്ലിക്കോണം ഏലായിലെ കൊയ്ത്തുത്സവം ആഘോഷമാക്കി.
തിങ്കളാഴ്ച രാവിലെ മന്ത്രി ടി.സിദ്ദിഖ് കുളത്തൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികൾ നടത്തിയ നെൽക്കൃഷി കൊയ്തുകൊണ്ടാണ് കൊയ്ത്ത് ഉത്സവം ഉദ്ഘാടനം െചയ്തത്. തുടർന്ന് കുടുംബശ്രീ, പാടശേഖരസമിതി എന്നിവരുടെ നെൽക്കൃഷിയും കൊയ്ത്തും അദ്ദേഹം നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജിനേഷിന്റെ അധ്യക്ഷതയിൽ നടന്ന യോഗം മന്ത്രി ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഉഷാകുമാരി, ജില്ലാപ്പഞ്ചായത്ത് അംഗങ്ങളായ ഫ്രീഡാ സൈമൺ, പ്രാണകുമാർ, കുളത്തൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രിജിനി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പുഷ്പാസനൻ നായർ, നെയ്യാറ്റിൻകര സനൽ, മര്യാപുരം ശ്രീകുമാർ, എം.ആർ.സൈമൺ, ഭുവനേന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
പരമ്പരാഗത വേഷത്തിലാണ് വിദ്യാർഥികൾ കൊയ്ത്തിനിറങ്ങിയത്. കൊയ്ത്ത് ഉത്സവത്തിന്റെ സ്വാഗതകമാനംമുതൽ വേദിവരെ പൂർണമായും നെല്ലും നെല്ല് ഉത്‌പന്നങ്ങളുംകൊണ്ടാണ് നിർമിച്ചത്. വയ്‌ക്കോൽ കൊണ്ടായിരുന്നു സ്വാഗതകമാനം നിർമിച്ചത്. വേദി പൂർണമായും നെൽക്കതിരും വയ്‌ക്കോലും ഉപയോഗിച്ചാണ് അലങ്കരിച്ചത്.
രണ്ടുപതിറ്റാണ്ട് കൃഷി നിലച്ചതോടെ നൂറുമേനി വിളഞ്ഞ നെൽപ്പാടം കാടുകയറി ക്രമേണ ചതുപ്പായി മാറി. ഈ സാഹചര്യത്തിലാണ് നെല്ലിക്കോണം ഏലായുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചത്. മാതൃഭൂമി വാർത്തയെ തുടർന്ന് കൃഷിയെ സ്‌നേഹിക്കുന്ന ഒരുവിഭാഗം കർഷകരും കൃഷിവകുപ്പ് ജീവനക്കാരും നെല്ലിക്കോണം ഏലായിൽ കൃഷിയിറക്കാൻ തയ്യാറായി മുന്നോട്ടുവന്നു. ഇവർക്ക് പിന്തുണയുമായി പഞ്ചായത്തും ഒപ്പംചേരുകയായിരുന്നു.
പ്രവർത്തനം ആവേശകരം- മന്ത്രി ടി.സിദ്ദിഖ്
പാറശ്ശാല : നെല്ലിക്കോണം പാടശേഖര സമിതിയുടെ നേതൃത്വത്തിലുള്ള പ്രവർത്തനം വളരെ ആവേശകരവും ആത്മവിശ്വാസം ജനിപ്പിക്കുന്നതുമാണെന്ന് മന്ത്രി ടി. സിദ്ദിഖ്. കാലാവസ്ഥാ വ്യതിയാനം മുതൽ വളത്തിന്റെ വിലവർധനവടക്കം പ്രതിസന്ധി ഘട്ടങ്ങളിൽ മണ്ണിൽ രണ്ട് കാലും ഉറപ്പിച്ചുനിർത്തി കൃഷിയെ താലോലിക്കുന്ന കർഷകന് എല്ലാ തരത്തിലുമുള്ള പിന്തുണ നൽകിയാണ് കേരളത്തിലെ കൃഷി വകുപ്പ് മുന്നോട്ട് പോകുന്നത്. ഓണക്കാലത്ത് 2000 ഓണച്ചന്തകൾ നടത്തി ഓണം സമ്പൽസമൃദ്ധമാക്കി. എല്ലാ തരത്തിലുമുള്ള ഇടപെടലുകളും കൃഷി വകുപ്പ് നടത്തുന്നുണ്ട്. ഈ ഓണക്കാലത്ത് സംഭരിച്ച നെല്ലിന്റെ പണം എല്ലാ കർഷകർക്കും നൽകുവാൻ സാധിച്ചെന്നും കാലാവസ്ഥാ വ്യതിയാനത്തെ തടുത്തു നിർത്താനുള്ള നടപടിയുമായി സർക്കാർ മുന്നോട്ട് പോകുന്നതായും മന്ത്രി പറഞ്ഞു. നെല്ലിക്കോണം വീണ്ടും പൂത്തുലഞ്ഞ് നിൽക്കുമ്പോൾ ഇത്തരം പദ്ധതികളെ സ്‌കീമുമായി ബന്ധപ്പെടുത്തി പരിഗണന നൽകി മുന്നോട്ട് പോകണമെന്നും മന്ത്രി നിർദേശിച്ചു.
Published: 22 Sept 2026, 01:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented