കല്ലമ്പലം : കരവാരം പഞ്ചായത്തിലെ കല്ലമ്പലം-ഇടവൂർക്കോണം റോഡരികിലെ കൂറ്റൻ മാവ് മുറിച്ചുമാറ്റാനുള്ള ശ്രമത്തിനെതിരേ പ്രതിഷേധം ശക്തം.

To advertise here,

മരം മുറിച്ചു കടത്താനുള്ള സ്വകാര്യവ്യക്തിയുടെ ശ്രമം നാട്ടുകാർ ഇടപെട്ട് തടഞ്ഞു.

2024-ലെ ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ രൂപവത്‌കരിച്ച ട്രീ കമ്മിറ്റിയുടെ അനുമതിയോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അനുമതിയോ ഇല്ലാതെയാണ് മരം മുറിക്കാൻ ശ്രമിച്ചതെന്ന് സർവകക്ഷിയോഗം ആരോപിച്ചു.

പൊതുമരാമത്ത് വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് നടപടിയെന്നും യോഗത്തിൽ ആരോപണമുയർന്നു.

ഇടവൂർക്കോണം ജങ്ഷനിൽ വർഷങ്ങളായി തണൽമരമായി നിലനിന്നിരുന്ന മാവിലാണ് ഇടവൂർക്കോണം മാടൻനടയിലെ പ്രസിദ്ധമായ ഉറിയടി മത്സരം സംഘടിപ്പിച്ചിരുന്നത്.

പ്രദേശത്തിന്റെ സാംസ്കാരിക-പൊതുഇടത്തിന്റെ ഭാഗമായിരുന്ന മരം സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവിൽ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലാത്ത മരത്തിന്റെ 90 ശതമാനത്തോളം കൊമ്പുകളും മുറിച്ചുമാറ്റിയ നിലയിലാണ്.

മരം പൂർണമായി മുറിച്ചുനീക്കാനുള്ള ശ്രമം തടയണമെന്നും ശേഷിക്കുന്ന ഭാഗം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ മരം സംരക്ഷണ സമിതി രൂപവത്‌കരിച്ച് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീർ രാജകുമാരി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ ബിലഹരി മുഖ്യപ്രഭാഷണം നടത്തി.സംരക്ഷണസമിതി ഭാരവാഹി എസ്. മധുസൂദനക്കുറുപ്പ് അധ്യക്ഷനായി.

സുരേഷ് കുമാർ, നിസ നിസാർ, സലീന ചന്ദ്രൻ, സിന്ധു സജീവ്, എൻ.കുമാർ, സരിത, എസ്.എം.റഫീക്ക്, കരവാരം മണിലാൽ തുടങ്ങിയവർ സംസാരിച്ചു.