ഏനാത്ത് : മാലിന്യംതള്ളുന്നത് കണ്ടെത്താൻ സ്ഥാപിച്ച നിരീക്ഷണക്യാമറ കാടുകയറി നശിക്കുന്നു. ഏഴംകുളം പഞ്ചായത്ത് ഏനാത്ത് ടൗണിൽ സ്ഥാപിച്ച ക്യാമറയാണ് കാടുകയറി നശിക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് ക്യാമറ വെച്ചത്. പഞ്ചായത്തിൽ മാലിന്യ പ്രശ്നം രൂക്ഷമായ വിവിധ പ്രദേശങ്ങളിലാണ് അന്ന് ക്യാമറ സ്ഥാപിച്ചത്. ഇതിനായി വലിയ തുക ചെലവഴിച്ചിരുന്നു. മണ്ണടി റോഡിൽനിന്നും എം.സി. റോഡിലേക്കുള്ള പ്രധാന ലിങ്ക് റോഡ് വശത്താണ് ഏനാത്ത് ക്യാമറ വെച്ചത്. ഇവിടെ റോഡ് വശത്തും അതിനോട് ചേർന്നുള്ള വയലിലും വ്യാപകമായി മാലിന്യംതള്ളുന്നുണ്ട്.

To advertise here,

എന്നാൽ ക്യാമറ സ്ഥാപിച്ചെങ്കിലും അതിന്റെ പ്രയോജനങ്ങളൊന്നും ലഭിച്ചില്ല. നിരീക്ഷണക്യാമറയ്ക്ക് ചെലവായ തുക മാലിന്യം തള്ളുന്നവർക്ക് പിഴ നൽകി ഈടാക്കാനാകും. എന്നാൽ ഏനാത്തെ ക്യാമറകൊണ്ട് അത്തരത്തിൽ കാര്യമായി പിഴ ഈടാക്കാനായതായി വിവരങ്ങളില്ല. ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ക്യാമറയുടെ പ്രവർത്തനങ്ങൾ നോക്കാനോ അറ്റകുറ്റപ്പണികൾ നടത്താനോ ശ്രമങ്ങൾ ഉണ്ടാകുന്നില്ല. ക്യാമറയ്ക്ക് ചെലവാക്കിയ തുക ഇപ്പോൾ പാഴായ അവസ്ഥയിലാണ്. നിലവിൽ ക്യാമറയുടെ തൂണിൽ മുഴുവൻ കാടുകയറിയിട്ടുണ്ട്. ഇത് സമീപത്തെ വൈദ്യുതലൈനിലേക്കും ഇപ്പോൾ പടർന്നിട്ടുണ്ട്.