അടൂർ : നഗരസഭാ ശ്മശാനത്തിന്റെ നിർമാണം അവസാനഘട്ടത്തിലേക്ക്. കിഫ്ബി പദ്ധതിയിൽ 3.20 കോടി രൂപ മുടക്കിയാണ് ശ്മശാനത്തിന്റെ നിർമാണം. അടൂർ മിത്രപുരം നാൽപ്പതിനായിരം പടിക്കുസമീപം നഗരസഭയുടെ ഒന്നരയേക്കർ സ്ഥലത്തിന്റെ ഒരുഭാഗത്താണ് ശ്മശാനം നിർമിക്കുന്നത്. രണ്ടുനിലയിലായി ഗ്യാസിൽ പ്രവർത്തിക്കുന്ന രണ്ടു ഫർണസോടുകൂടിയതാണ് ശ്മശാനം.

To advertise here,

നിലവിൽ മുകൾനിലയിലെ ഫർണസിന്റെ നിർമാണം പൂർത്തിയായി. രണ്ടാമത്തെ ഫർണസിന്റെ നിർമാണം പകുതി ഘട്ടത്തിലാണ്. ഗ്യാസ് നിറയ്ക്കാനുള്ള പൈപ്പ് ഉൾപ്പെടെയുള്ള എല്ലാ സംവിധാനങ്ങളും പൂർത്തിയായി. പുകക്കുഴലുകൾ സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്. പുറത്തെ സുരക്ഷാ ഉദ്യോഗസ്ഥന്റെ മുറിയും ഫയൽമുറികളും തയ്യാറായി.

ഇപ്പോൾ മതിലിന്റെ നിർമാണമാണ് നടത്തുന്നത്. ശ്മശാനത്തിലേക്കുള്ള വഴിയുടെ പണി മഴകാരണം നിർത്തി​െവച്ചിരിക്കുകയാണ്. നവംബർ അവസാനം പണികൾ തീർക്കാനാണ് കരാറുകാർ ശ്രമിക്കുന്നത്.

ഇനി വേണ്ടത്

ശ്മശാനത്തിന് ഇനി വേണ്ടത് ഗ്യാസ്, വാഹനം എത്താനുള്ള റോഡ്, വൈദ്യുതി, ഇതിനുവേണ്ട ട്രാൻസ്ഫോമർ തുടങ്ങിയവയാണ്. ഇതിനായി നിലവിലെ ഫണ്ട് തികയാത്തതിനാൽ നഗരസഭ അടിയന്തരമായി ഫണ്ടനുവദിക്കുമെന്നാണ് നഗരസഭാ അധികൃതർ പറയുന്നത്.

അടൂർ നഗരസഭയിൽ സ്വന്തമായി സ്ഥലമില്ലാത്തവരും, സ്ഥലമുണ്ടായിട്ടും സംസ്കാരത്തിന് സൗകര്യമില്ലാത്തവരും ശ്മശാനമില്ലാത്തതിന്റെ പ്രയാസം അനുഭവിക്കുകയായിരുന്നു.

സ്ഥലമില്ലാത്തവർ സംസ്കാരത്തിനായി തിരുവല്ല, പത്തനംതിട്ട നഗരസഭകളിലെ ശ്മശാനത്തെയാണ് നാളിതുവരെ ആശ്രയിച്ചിരുന്നത്. അടുത്തിടെ ഏറത്ത് ഗ്രാമപ്പഞ്ചയത്തിൽ അധ്യാധുനിക ശ്മശാനം നിർമിച്ചത് അൽപ്പം ആശ്വാസം നൽകുന്നുണ്ടായിരുന്നു. എന്നാൽ, ഇതും ഇപ്പോൾ നിലച്ചിരിക്കുകയാണ്.

ഡിസംബറിൽ ഉദ്ഘാടനം

നിർമാണം പൂർത്തിയാക്കി ഡിസംബറിൽ ഉദ്ഘാടനം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിനുള്ള നടപടികൾ നടക്കുകയാണ്. ഇനി നിർമാണത്തിനാവശ്യമായ തുക അനുവദിക്കുന്നത് സംബന്ധിച്ച് നഗരസഭ മുൻഗണന നൽകും.

-റീനാ ശാമുവൽ, ചെയർപേഴ്‌സൺ, അടൂർ നഗരസഭ