കോഴഞ്ചേരി : ടൗണിലെ ഏറ്റവും തിരക്കേറിയ കേന്ദ്രങ്ങളിലൊന്നായ പൊയ്യാനിൽ പ്ലാസയ്ക്ക് മുന്നിലെ ബസ് കാത്തിരിപ്പുകേന്ദ്രം അനധികൃത വാഹന പാർക്കിങ് കേന്ദ്രമായി മാറുന്നു.
ബസ് ബേയാണെന്ന യാതൊരു പരിഗണനയുമില്ലാതെ സ്വകാര്യവാഹനങ്ങൾ ഇവിടെ അലക്ഷ്യമായി നിർത്തിയിടുന്നതുകാരണം ബസ് കാത്തുനിൽക്കുന്ന യാത്രക്കാർ ദുരിതത്തിലാണ്.
ബസ്സ്റ്റോപ്പിൽ വാഹനങ്ങൾ ഉള്ളതിനാൽ കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ള ബസുകൾ റോഡിന് നടുവിലാണ് നിർത്തുന്നത്.
ഇത് പുറകിൽ വരുന്ന മറ്റ് വാഹനങ്ങളുടെ സുഗമമായ ഗതാഗതത്തെ ബാധിക്കുകയും ട്രാഫിക് ബ്ലോക്കിന് കാരണമാവുകയുംചെയ്യുന്നു.
വ്യാപാരസ്ഥാപനങ്ങളിലേക്ക് എത്തുന്നവരും ഡ്രൈവർമാരും ബസ് ബേയാണെന്ന പരിഗണന നൽകാതെ വാഹനങ്ങൾ ഇവിടെ ദീർഘനേരം നിർത്തിയിടുന്നത്
പതിവായിരിക്കുകയാണ്. ബുധനാഴ്ച രാവിലെ മുതൽ ഉച്ചവരെ മൂന്നുകാറുകളാണ് നിർത്തിയിട്ടിരുന്നത്. ബസ് ബേയ്ക്ക് സമീപമുള്ള കടയിൽ പച്ചക്കറി വാങ്ങാൻ എത്തുന്നവരുടെ വാഹനങ്ങളും ബസ് ബേയ്ക്കുള്ളിലാണ് പാർക്കുചെയ്യുന്നത്.
ഒരു ജീവൻ പൊലിഞ്ഞിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ
ബസ് കാത്തിരിപ്പുകേന്ദ്രത്തിന് എതിർവശത്ത് ജൂലായിൽ അപകടത്തിൽപ്പെട്ട് ഒരാൾ മരണപ്പെട്ടിരുന്നു. അശ്രദ്ധമായി തുറന്ന കാറിന്റെ ഡോറിൽ തട്ടി തെറിച്ചുവീണ സ്കൂട്ടർ യാത്രക്കാരന് ബസിനടിയിൽപ്പെട്ടാണ് മരണം സംഭവിച്ചത്. പൊയ്യാനിൽ പ്ലാസയ്ക്ക് മുമ്പിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിനു സമീപം നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ പെട്ടെന്ന് തുറന്നതിനെ ത്തുടർന്ന് സ്കൂട്ടർ യാത്രക്കാരൻ തെറിച്ചുവീണത് അപ്പോൾ അതുവഴി വന്ന കെ.എസ്.ആർ.ടി.സി. ബസിനടിയിലേക്കാണ്. റാന്നി,പത്തനംതിട്ട,ചെങ്ങന്നൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ ഇവിടെ നിർത്തിയാണ് ആളുകളെ കയറ്റുന്നത്. റാന്നി ഭാഗത്തേക്കുള്ള ചില ബസുകൾ അഞ്ച് മിനിറ്റോളം റോഡിൽ നിർത്തി ഇടാറുണ്ട്. പുറകെ വരുന്ന മറ്റ് ബസുകൾ റോഡിന്റെ നടുക്ക് നിർത്തി ആളുകളെ കയറ്റുകയുംചെയ്യും. ബസ് കാത്തിരിപ്പുകേന്ദ്രം കഴിഞ്ഞാലുടൻ റോഡിന് വീതികുറവാണ്. വൺവേറോഡിൽ ബസുകൾ റോഡിൽ നിർത്തി ആളുകളെ കയറ്റുമ്പോൾ പിന്നാലെ വരുന്ന വാഹനങ്ങൾ റോഡിന് വലതുവശം ചേർന്നാണ് പോകുന്നത്. ഇത് അപകടത്തിന് ഇടയാക്കുന്നു.
Published: 15 Oct 2026, 02:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented