കോഴഞ്ചേരി : കുളത്തൂപ്പുഴ സ്വദേശിനി ദിൻഷയെ (20) കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി കീഴുകര സ്വദേശി ജിത്തുവിനെ (28) കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തു. വ്യാഴാഴ്ച രാവിലെ കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ അന്വേഷണോദ്യോഗസ്ഥനായ കീഴ്‌വായ്പൂർ സർക്കിൾ ഇൻസ്പെക്ടർ ജി. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പിന് വിവിധ സ്ഥലങ്ങളിൽ എത്തിച്ചത്.

To advertise here,

സംഭവദിവസംതന്നെ പ്രതിയെ അറസ്റ്റുചെയ്യുകയും, കുത്താനുപയോഗിച്ച കത്തി കണ്ടെത്തുകയും ചെയ്തിരുന്നു.

കോഴഞ്ചേരിയിൽ ജിത്തു ജോലിചെയ്തിരുന്ന ഹോട്ടലിലും വീട്ടിലും കൊലപ്പെടുത്തിയ സ്ഥലത്തും പ്രതിയെ എത്തിച്ച് തെളിവെടുത്തു. റിസോർട്ടിന്റെ പാർക്കിങ് സ്ഥലത്തെ ആൽത്തറയ്ക്കുസമീപം ദിൻഷയെ വിളിച്ചിറക്കി സംസാരിച്ചതും, തുടർന്ന് പാന്റ്‌സിന്റെ പോക്കറ്റിൽ ഒളിപ്പിച്ചിരുന്ന കത്തിയുപയോഗിച്ച് കഴുത്തിൽ ആറുതവണ കുത്തിവീഴ്ത്തിയതുമായ വിവരങ്ങൾ പ്രതി പോലീസിനുമുൻപിൽ പുനരാവിഷ്കരിച്ചു.

ഓൺലൈൻവഴി വാങ്ങിയ കത്തിയാണ് കൊലപാതകത്തിനുപയോഗിച്ചതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. വിവാഹാഭ്യർഥന നിരസിച്ചതും ദിൻഷ പ്രണയത്തിൽനിന്ന് പിന്മാറിയതുമാണ് ക്രൂരമായ കൊലപാതകത്തിന് പ്രകോപനമായത്. ദിൻഷയുടെ ഏവിയേഷൻ പഠനകാലംമുതൽ ഇരുവരും പരിചയത്തിലായിരുന്നു. തെളിവെടുപ്പ് പൂർത്തിയാക്കിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.