ഓമല്ലൂർ : കേന്ദ്രസർക്കാർ സാധാരണക്കാർക്കും കർഷകർക്കുമായി നടപ്പാക്കുന്ന പദ്ധതികൾ രാജ്യത്തെ ഗ്രാമീണമേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നുണ്ടെന്ന് സാമ്പത്തിക സാക്ഷരതാ കോഡിനേറ്റർ പ്രശാന്ത് കുമാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൊതുപ്രവർത്തനജീവിതം 25 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ഓമല്ലൂർ ഗ്രാമപ്പഞ്ചായത്തിലെ രണ്ട്, മൂന്ന്, 15 വാർഡുകളുടെയും കേരള ഗ്രാമീൺ ബാങ്ക് ഓമല്ലൂർ ശാഖയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

കർഷകരുടെ അക്കൗണ്ടിലേക്ക് ഇടനിലക്കാരില്ലാതെ വർഷം 6,000 രൂപ നേരിട്ടെത്തിക്കുന്ന പി.എം.കിസാൻ പദ്ധതി ഇതിൽ പ്രധാനമാണ്. കേന്ദ്ര പദ്ധതികളുടെ ആനുകൂല്യം അർഹരായ എല്ലാവരിലേക്കും എത്തിക്കാൻ ബാങ്കുകളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ രാജ്യവ്യാപകമായി ആരംഭിച്ച ഹെൽപ്പ് ഡെസ്കുകൾ പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ഐമാലി എൻ.എസ്.എസ്. കരയോഗം ഹാളിൽ നടന്ന ചടങ്ങിൽ ഓമല്ലൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഭിലാഷ് ഹാപ്പിഭവനം അധ്യക്ഷതവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ രഞ്ജിനി അടകൽ, ശരണ്യ പ്രശാന്ത്, കേരള ഗ്രാമീൺ ബാങ്ക് റീജണൽ മാനേജർ രതീഷ്, മാർക്കറ്റിങ് ഓഫീസർ സജിമോൻ, ഓമല്ലൂർ ബ്രാഞ്ച് മാനേജർ ക്രിസ്റ്റി എ. ജോർജ്, കർഷകമോർച്ച മീഡിയ സംസ്ഥാന കോഡിനേറ്റർ രവീന്ദ്രവർമ്മ അംബാനിലയം എന്നിവർ പ്രസംഗിച്ചു.