അടൂർ : ക്ഷേത്രവും പള്ളിയും കടയും വീടും കയറിയിറങ്ങിയ കള്ളൻ സ്കൂളിലേക്കുമെത്തി. എന്നാൽ, സ്കൂളിലെ പൂട്ട് കള്ളന് വഴങ്ങിയില്ല. തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം അരങ്ങേറിയതോടെ ജനം ആശങ്കയിലുമായി. തിങ്കളാഴ്ച പുലർച്ചെ പന്നിവിഴ പീഠികയിൽ ദേവീക്ഷേത്രത്തിലെ രണ്ട് വഞ്ചി കുത്തിപ്പൊളിച്ച് പണം കവർന്നു. പതിനായിരം രൂപയോളം നഷ്ടപ്പെട്ടതായാണ് സംശയം.

To advertise here,

ചിരണിക്കൽ സെയ്ന്റ് പീറ്റേഴ്സ് ആൻഡ് സെയ്ന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയുടെ കുരിശിൻമൂട്ടിലെ വഞ്ചി കുത്തിപ്പൊളിക്കാനും ശ്രമിച്ചു. പറക്കോട് അവറുവേലിൽ ഭദ്രകാളീദേവീ ക്ഷേത്രത്തിന്റെ കിഴക്കേ റോഡരികിലെ വഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചു. മുല്ലൂർകുളങ്ങര ദേവീക്ഷേത്രത്തിലെ കനാൽ ജങ്ഷനിലെ വഞ്ചിയും കുത്തിത്തുറക്കാൻ ശ്രമിച്ചു. വഞ്ചിയുടെ പുറത്തെ പൂട്ട് പൊളിച്ചെങ്കിലും പണം വീഴുന്ന ഭാഗത്തെ ലോക്കറിന്റെ പൂട്ട് തകർക്കാൻ കഴിഞ്ഞില്ല. പറക്കോട് റെയ്‌സ് മാർട്ട് ചെരുപ്പുകടയിൽനിന്ന് 8250 രൂപയും സാധനങ്ങളും നഷ്ടമായി. സംഭവങ്ങളെല്ലാം ഒരേ രാത്രി നടന്നതാകാമെന്നാണ് പോലീസിന്റെ നിഗമനം.

ക്ഷേത്രം, വീട്, വീണ്ടും ക്ഷേത്രം

ശനിയാഴ്ച പുലർച്ചെ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതീക്ഷേത്രത്തിൽ മോഷണം നടന്നതോടെയാണ് പരമ്പരയ്ക്ക് തുടക്കം. പണവും സ്വർണവും ക്യാമറ ഉപകരണങ്ങളും ഉൾപ്പെടെ ഒരുലക്ഷം രൂപയോളം നഷ്ടപ്പെട്ടു. അന്നുതന്നെ പഴകുളം തെങ്ങുംതാരയിൽ സെയ്ന്റ് മാത്യൂസ് മലങ്കര കത്തോലിക്കാ പള്ളിയുടെ മുൻവശത്തെ വഞ്ചിയുടെ ഗ്രില്ലിന്റെ പൂട്ട് തകർത്തു. പള്ളിക്ക് സമീപത്തെ സാംകുട്ടിയുടെ പെട്ടിക്കടയുടെ പൂട്ട് തകർത്തെങ്കിലും രണ്ടിടത്തുനിന്നും ഒന്നും നഷ്ടപ്പെട്ടില്ല. ഞായറാഴ്ച പുലർച്ചെ കരുവാറ്റ ചാങ്കൂർ കാർമൽ വീട്ടിൽ സി.ഒ. മാത്യുവിന്റെ വീട്ടിൽ വാതിൽ കുത്തിത്തുറന്ന് 3000 രൂപയും 7000 രൂപ വിലവരുന്ന സ്വർണക്കുരിശും മോഷ്ടിച്ചു.

ഒരേദിവസം പത്ത് കിലോമീറ്ററോളം ചുറ്റളവിൽ രണ്ടിടങ്ങളിൽ വീതം മോഷണം നടക്കുന്നതാണ് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച മാത്രമാണ് രണ്ടിലധികം മോഷണം നടന്നത്. മോഷണത്തിന് പിന്നിൽ പ്രൊഫഷണൽ സംഘമാണെന്നാണ് പോലീസിന്റെ നിഗമനം. തുടർച്ചയായ മോഷണങ്ങളിൽ ജനം ഭീതിയിലായതോടെ മോഷ്ടാക്കളെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു.