തിരുവല്ല : 11 മാസം മുമ്പ് പൊളിച്ചിട്ട റോഡിൽ ഒന്നാംഘട്ട ടാറിങ്ങിനുള്ള പണികൾ തുടങ്ങി. കാവുംഭാഗം കാഞ്ഞിരത്തുംമൂട് പടിയിൽനിന്ന്‌ ചാത്തങ്കരി വഴി നെടുമ്പ്രം മണക്ക് ആശുപത്രിപ്പടിയിലെത്തുന്ന റോഡിലാണ് പണികൾ തുടങ്ങിയത്. കാവുംഭാഗത്തുനിന്ന്‌ പെരിങ്ങര ഗണപതിപുരംവരെയുള്ള ഭാഗത്ത് ഒരുവർഷം മുമ്പ് റോഡിൽ ഒന്നാംഘട്ട ടാറിങ് പൂർത്തീകരിച്ചിരുന്നു.

To advertise here,

തുടർന്ന് ചാത്തങ്കരി സാമൂഹികാരോഗ്യ കേന്ദ്രംവരെയുള്ള രണ്ടരക്കിലോമീറ്ററോളം ഭാഗത്താണ് റോഡ് പൊളിച്ചിട്ടത്. ഇവിടെ പല ഘട്ടങ്ങളിലായി ഒന്നാംഘട്ട ടാറിങ്ങിന് മുന്നോടിയായുള്ള മെറ്റിൽ വിരിക്കലടക്കം നടത്തിയെങ്കിലും പൂർത്തിയായില്ല. മേഖലയിലെ പ്രധാന പാതയായ ഇവിടെ ഒരുവർഷമായി ദുരിത യാത്രയാണ്‌. ഓഗസ്റ്റ് ആദ്യം വെള്ളപ്പൊക്കമുണ്ടായതോടെ ഉപരിതലം മുഴുവനിളകി. മെറ്റൽമാത്രം നിരന്നതോടെ യാത്ര തീർത്തും ദുഷ്കരമായി മാറി. പലകോണിൽനിന്ന് പ്രതിഷേധം ഉയർന്നതോടെയാണ് കഴിഞ്ഞ ദിവസം തുടർപണികൾക്ക് തുടക്കമായത്. നിലവിൽ പൊളിച്ചിട്ടിരിക്കുന്ന ഭാഗത്ത്‌ സെപ്റ്റംബറിനുള്ളിൽ ഒന്നാംഘട്ട ടാർ ചെയ്യുമെന്ന് പൊതുമരാമത്ത് വിഭാഗം അധികൃതർ പറഞ്ഞു.

 

രണ്ടുവർഷമായ പണികൾ

2024 സെപ്റ്റംബർ 11-ന് കരാർ ഉറപ്പിച്ചതാണ്‌. കാവുംഭാഗം കാഞ്ഞിരത്തുംമൂട് മുതൽ മണക്ക് ആശുപത്രിവരെയുളള 5.6 കി.മീ. ദൂരമാണ് ഉയർത്തി ബി.എം.ബി.സി. ടാറിങ് നടത്തേണ്ടത്. 2025 സെപ്റ്റംബറിൽ ഗണപതിപുരം ജങ്ഷന് സമീപംവരെ ടാറിങ്ങിന്റെ ഒന്നാംഘട്ടമായ ബി.എം. ചെയ്തു. അവിടെനിന്ന്‌ ചാത്തങ്കരി സാമൂഹികാരോഗ്യകേന്ദ്രം വരെയുളള രണ്ടരക്കിലോമീറ്ററോളം ദൂരത്തിൽ ബി.എം. ചെയ്യുന്നതിന് മുന്നോടിയായി റോഡ് ഉയർത്തി മെറ്റൽ വിരിച്ചു. ഒക്ടോബറിൽ ഈ പണികൾ പൂർത്തിയായി. ഉടൻ ടാറിങ്ങിന്റെ ഒന്നാം ഘട്ടമായ ബി.എം. ചെയ്ത് സഞ്ചാര യോഗ്യമാക്കുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്.

തൊടാതെ ഒന്നരക്കിലോമീറ്റർ

ചാത്തങ്കരി സാമൂഹികാരോഗ്യകേന്ദ്രം മുതൽ മണക്ക് ആശുപത്രിവരെയുള്ള ഒന്നരക്കിലോമീറ്ററോളം ഭാഗത്ത് ഇതുവരെ ഒരുപണിയും ചെയ്തിട്ടില്ല. അഞ്ച് കലുങ്കുകൾ പൊളിച്ച് വീതികൂട്ടി പണിയേണ്ടതുണ്ട്. ഒരെണ്ണംപോലും പൊളിച്ചില്ല. കലുങ്കുള്ള ഭാഗം ഒഴിച്ചിട്ടാണ് ഇപ്പോൾ റോഡ് ഉയർത്തിയത്.

വൈദ്യുതി പോസ്റ്റുകൾ മാറ്റിയിടുക, പൈപ്പ്‌ലൈൻ നീക്കിയിടുക തുടങ്ങിയ ജോലികളും നടന്നിട്ടില്ല. 11 മാസത്തെ കരാർ കാലാവധിയിൽ തുടങ്ങിയ പണികളാണ് 24 മാസമായിട്ടും പൂർത്തിയാകാത്തത്‌.