പന്തളം : കേരളപ്പിറവി വാരാചരണത്തിന്റെ ഭാഗമായി പന്തളം എൻ.എസ്.എസ്. കോളേജിൽ മലയാളവിഭാഗവും ഐ.ക്യു.എ.സി.യും ചേർന്ന് നടത്തിയ ആരവാരം നാട്ടരങ്ങ് കേരളപ്പിറവി ആഘോഷം കേരളീയകലകളുടെ സംഗമവേദിയായി. ആരവാരം നാട്ടരങ്ങ് എന്നുപേരിട്ട ആഘോഷം പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. എസ്. നന്ദകുമാർ ഉദ്ഘാടനംചെയ്തു. മലയാളവിഭാഗം മേധാവി ഡോ. ആർ. അശ്വതി അധ്യക്ഷത വഹിച്ചു. ഐ.ക്യു.എ.സി. കോഡിനേറ്റർ ഡോ. ആർ. രാഖി, പ്രോഗ്രാം കൺവീനർ ഡോ. എസ്. മുരുകേഷ്, ഡോ. അനില ജി. നായർ എന്നിവർ പ്രസംഗിച്ചു.

To advertise here,

ഡോ. അർച്ചനാ ഹരികുമാറിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച മെഗാ തിരുവാതിര, കഥകളിനടൻ പന്തളം ഉണ്ണികൃഷ്ണനും കലാമണ്ഡലം ശ്രീകുമാറും ചേർന്നവതരിപ്പിച്ച കഥകളി, സോപാനസംഗീതം, മേലുകര ശിവൻകുട്ടി ആശാന്റെ നേതൃത്വത്തിൽ എ.ജി. അജിത്കുമാർ, എം.ജി. ഹരികൃഷ്ണൻ, എ. ഹരിനാരായണൻ എന്നിവർ അവതരിപ്പിച്ച വഞ്ചിപ്പാട്ട്, പടയണി ഫ്യൂഷൻ, കലാമണ്ഡലം മായാ രാജേന്ദ്രന്റെ മോഹിനിയാട്ടം, മനു മാറനാടിന്റെ തായമ്പക എന്നിവ ആഘോഷത്തിന് കൊഴുപ്പേകി.

പ്രധാനമന്ത്രിയുടെ അനുമോദനം ലഭിച്ച പ്രവാസി ദേശീയഗീതത്തിന്റെ രചയിതാവ് ഡോ. ആചാര്യ ജി. ആനന്ദരാജിനെ ആദരിച്ചു.

കലാവതരണം നടത്തിയ പ്രതിഭകളെ ഡോ. ആർ. അശ്വതി, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ജെ. അഞ്ജന, അധ്യാപകരായ ഡോ. ആർ. രഞ്ജിത് കൃഷ്ണൻ, ഡോ. അജി എം. പിള്ള, ഡോ. കെ. മിനി, ഡോ. എം. സുരേഷ്, ഡോ. അർച്ചനാ ഹരികുമാർ, അർച്ചനാ കൃഷ്ണൻ എന്നിവർ ആദരിച്ചു.