ടി.കെ. റോഡിൽ ട്രാഫിക് എൻഫോഴ്സ്മെന്റ് പരിശോധന
ചെട്ടിമുക്ക് : ടി.കെ. റോഡിൽ ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിന്റെ ഭാഗമായി ട്രാഫിക് എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധന നടത്തി. ചാലായിക്കര, ചെട്ടിമുക്ക്, തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ജങ്ഷൻ, നെടുംപ്രയാർ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് പരിധിയിൽ ചെട്ടിമുക്ക് ഉൾപ്പെടെയുള്ള പ്രധാന ജങ്ഷനുകളിലെ ഗതാഗതക്കുരുക്കിനെപ്പറ്റി കഴിഞ്ഞമാസം 'മാതൃഭൂമി' റിപ്പോർട്ട് ചെയ്തിരുന്നു. എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ ഇൻസ്പെക്ടർ ഇ.സുനിൽകുമാറും എ.എം.വി.ഐ. സ്വാതിദേവുമാണ് പരിശോധന നടത്തിയത്. അപകടസാധ്യത കൂടിയ സ്ഥലമാണ് ചെട്ടിമുക്ക് ജങ്ഷൻ. നിലവിൽ ഗതാഗത തടസ്സം ഉണ്ടാകുന്ന രീതിയിലാണ് ഇരുഭാഗത്തേക്കുമുള്ള ബസുകൾ നിർത്തുന്നത്. ബസ്സ്റ്റോപ്പുകൾ പുനർക്രമീകരിക്കാനും തിരുവല്ല ഭാഗത്തേക്കുള്ള കാത്തിരിപ്പുകേന്ദ്രം പുനർനിർമിക്കാനും ശുപാർശ ചെയ്യും.
വേഗം നിയന്ത്രിക്കും
ടി.കെ. റോഡിൽ കുന്നന്താനം മുതൽ റോഡ് നേരെ രേഖയിൽ ആയതിനാൽ വേഗം കൂട്ടിയാണ് വാഹനങ്ങൾ സഞ്ചരിക്കാറുള്ളത്. വേഗ നിയന്ത്രണത്തിന്റെ ഭാഗമായി ട്രാൻസ്വേഴ്സ് ബാർ മാർക്കിങ്സ് സ്ഥാപിക്കും. അപകടസാധ്യതയുള്ള മേഖലകളിലും കൊടുംവളവുകളിലും എത്തുന്നതിന് മുൻപ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകാനും വാഹനത്തിന്റെ വേഗത നിയന്ത്രിക്കാനും റോഡിന് കുറുകെവരയ്ക്കുന്ന പ്രത്യേകതരം വരകളാണിവ. തെർമോപ്ലാസ്റ്റിക് പെയിന്റ് ഉപയോഗിച്ച് റോഡിന് കുറുകെ അഞ്ചുമുതൽ 15 വരെ മില്ലിമീറ്റർവരെ കനത്തിലാണ് ഇവ വരയ്ക്കുന്നത്. വാഹനങ്ങൾ ഇതിന് മുകളിലൂടെ കയറിയിറങ്ങുമ്പോൾ ടയറുകളിൽ ചെറിയൊരു ശബ്ദവും ഉണ്ടാകുന്നു. ഇത് ഡ്രൈവർമാരുടെ ശ്രദ്ധ ഉടൻ ആകർഷിക്കാനും ജാഗ്രതപാലിക്കാനും സഹായിക്കും. ജില്ലാ റോഡ് സേഫ്റ്റി കൗൺസിൽ ഇതുസംബന്ധിച്ചുള്ള റിപ്പോർട്ട് നൽകും. ടി.കെ. റോഡ് റീ ടാറിങ് കഴിഞ്ഞതോടുകൂടി അപകടങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. അപകടമുന്നറിയിപ്പ് ബോർഡുകളും റോഡ് വശങ്ങളിൽ സ്ഥാപിക്കും.
ഗതാഗത സുരക്ഷാ കൗൺസിൽ യോഗം
തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഗതാഗത പരിഷ്കരണ കമ്മിറ്റി അടുത്തമാസം ആദ്യംയോഗം ചേരും. ഇതുവരെ കമ്മിറ്റി രൂപവത്കരിച്ചിട്ടില്ല. കോഴഞ്ചേരി പുതിയപാലം തുറന്നതോടുകൂടി ഗതാഗത പരിഷ്കരണ കമ്മിറ്റി യോഗം ചേരേണ്ടത് ആവശ്യമായി വന്നിരിക്കുകയാണ്. നെടുംപ്രയാർ ജങ്ഷനിലെ ബസ് സ്റ്റോപ്പുകൾ ക്രമീകരിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കമ്മിറ്റി തീരുമാനമെടുക്കേണ്ടതായിട്ടുണ്ട്. മാരാമൺ റിട്രീറ്റ് സെൻറർ റോഡ് വഴിവരുന്ന വാഹനങ്ങൾ ഇപ്പോൾ നേരിട്ട് നെടുംപ്രയാർ ജങ്ഷനിലേക്ക് പ്രവേശിക്കുകയാണ്. ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വരുമ്പോൾ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. പുതിയപാലത്തിൽ കൂടിവരുന്ന വാഹനങ്ങൾ തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസിന് മുമ്പിൽവെച്ച് ടി.കെ. റോഡിലേക്ക് പ്രവേശിച്ച് നെടുംപ്രയാർ ജങ്ഷനിൽ എത്തി തോണിപ്പുഴ ഭാഗത്തേക്ക് പോകണ്ടത്. തോണിപ്പുഴയിൽനിന്നുംവരുന്ന വാഹനങ്ങൾ ജങ്ഷൻ മുറിച്ചുകടന്ന് കോഴഞ്ചേരി പുതിയപാലം റോഡിലൂടെ തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസിന്റെ മുമ്പിലെത്തിയാണ് തിരുവല്ല ഭാഗത്തേക്ക് പോകേണ്ടത്. നിർദേശങ്ങൾ സംബന്ധിച്ച് ബോർഡുകൾ സ്ഥാപിക്കണമെങ്കിൽ ഗതാഗത പരിഷ്കരണ കമ്മിറ്റി അനുമതിനൽകണം. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ പ്രകാശ് കുമാർ, സഞ്ജീവ് കുമാർ എന്നിവരും ഉദ്യോഗസ്ഥർക്കൊപ്പം പരിശോധനയിൽ പങ്കെടുത്തു.
Published: 27 Nov 2026, 12:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented