സൗരവേലി നീക്കിയ ഭാഗത്തുകൂടി കാട്ടാന കടന്നു
റാന്നി : വനം വകുപ്പിന്റെ തേക്കുപ്ലാന്റേഷനിൽ കാട്ടാന തേക്ക് മരങ്ങൾ നശിപ്പിച്ചു. 10 വർഷത്തിലധികം വളർച്ചയുള്ള മരങ്ങളാണ് പിഴുതും തള്ളിയും വീഴ്ത്തിയത്. പ്ലാന്റേഷനിലേക്ക് ആന കയറാതിരക്കാൻ സ്ഥാപിച്ചിരുന്ന സൗരവേലിയുടെ കുറച്ചുഭാഗം കഴിഞ്ഞദിവസം പൊളിച്ചുനീക്കിയിരുന്നു. അതിലൂടെ ആനകൾ കയറിയതാവാമെന്ന് സംശയിക്കുന്നു.
വടശ്ശേരിക്കരയിൽ മന്ത്രി പങ്കെടുത്ത യോഗത്തിൽ പഴകുളം മധു എം.എൽ.എ. ആവശ്യപ്പെട്ട പ്രകാരം വനംവകുപ്പ് പ്ലാന്റേഷനിലെ തേക്ക് തോട്ടത്തിന്റെ സംരക്ഷണത്തിനായി സ്ഥാപിച്ചിരുന്ന സൗരവേലി നീക്കാൻ തീരുമാനിച്ചിരുന്നു. ഈ വേലി കാരണമാണ് ആനകൾ വനത്തിനുള്ളിലേക്ക് കടക്കാതെ ജനവാസമേഖലയിലേക്ക് എത്തുന്നതെന്ന് പരാതി ഉയർന്നിരുന്നു. ഇതുകൊണ്ട് പ്രയോജനമില്ലെങ്കിലും നാട്ടുകാരുടെ പരാതി മാനിച്ച് മാത്രമാണ് ഇതു ചെയ്യുന്നതെന്നായിരുന്നു മന്ത്രി പറഞ്ഞത്.
ബുധനാഴ്ച വനത്തിലെ അടുകുഴിയിലെ വേലിയുടെ കുറച്ച് ഭാഗം നീക്കിയിരുന്നു. രാത്രിയിൽ കാട്ടാന പ്ലാന്റേഷനിലെ നിരവധി തേക്കുകൾ നശിപ്പിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് സർക്കാരിനുണ്ടായത്. എന്നാൽ, നാട്ടിലെത്തിയിരുന്ന ആനകൾ തന്നെയാണോ നാശം വരുത്തുന്നതെന്ന് തെർമൽ ഡ്രോൺ ഉപയോഗിച്ച് പരിശോധിച്ചുവരികയാണെന്നാണ് വനപാലകർ പറയുന്നത്.
സീസ്മിക് സെൻസർ സ്ഥാപിക്കൽ തുടങ്ങി
വടശ്ശേരിക്കരയിലെ കാട്ടാന ശല്യം ഒഴിവാക്കുന്നതിനുള്ള പദ്ധതി പ്രകാരം സീസ്മിക് സെൻസർ സ്ഥാപിക്കുന്ന ജോലികൾ തുടങ്ങി. ചെമ്പരത്തിമൂട്ടിലാണ് ഇത് സ്ഥാപിക്കുന്നത്. വെള്ളിയാഴ്ച കൊണ്ട് ഇത് സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കും. ഒരുകിലോമീറ്റർ പരിധിയിൽ ആന എത്തിയാൽ ഈ ഉപകരണത്തിലൂടെ അറിയാനാവും. ഭൂമിയിലെ അതിസൂക്ഷ്മ തരംഗങ്ങളെ തിരിച്ചറിയാൻ ഇതുകൊണ്ട് സാധിക്കും. അങ്ങനെയാണ് ആന എത്തുമ്പോൾ അറിയാൻ കഴിയുന്നത്. ഉപകരണത്തിന്റെ മൂവ്മെന്റ് സെൻസിങ് ഓട്ടോമേഷൻ നോഡ് ഭൂമിയിൽ കുഴിച്ചിടുകയും ആന്റിന സ്ഥാപിക്കുകയും ചെയ്തു. ശേഷിക്കുന്ന ജോലികൾ പൂർത്തിയാക്കിയാൽ ശനിയാഴ്ച കമ്മിഷൻ ചെയ്തേക്കും.
പകൽ കാട്ടാന വടശ്ശേരിക്കരയിൽ എത്തി ഭീതി പരത്തിയ സംഭവത്തെ തുടർന്ന് പഴകുളം മധു എം.എൽ.എ.യുടെ ആവശ്യപ്രാകരം വനം വകുപ്പ് മന്ത്രി ഇവിടെ എത്തിയിരുന്നു. അന്നാണ് സീസ്മിക് സെൻസർ സ്ഥാപിക്കാൻ തീരുമാനിച്ചത്. അന്നത്തെ തീരുമാനപ്രകാരം എത്തിച്ച തെർമൽ ഡ്രോൺ ഉപയോഗിച്ച് എല്ലാ ദിവസവും പരിശോധന നടത്തി വരുന്നു. കൂടാതെ നാട്ടുകാരായ 10 പേരെ താൽക്കാലിക വാച്ചർമാരായി നിയമിച്ച് അവരും വനപാലകർക്കൊപ്പം പട്രോളിങ്ങിൽ പങ്കെടുക്കുന്നുണ്ട്. ഒരാഴ്ചയായി കാട്ടാന ജനവാസമേഖലയിൽ എത്തിയിട്ടില്ലെന്നത് നാട്ടുകാർക്ക് ഏറെ ആശ്വാസമാണ്.
Published: 27 Nov 2026, 01:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented