അടൂർ : വീട്ടുമുറ്റത്തുനിന്ന് കാണാതായ സ്കൂട്ടറിനെക്കുറിച്ച് ഉടമയുടെ അന്വേഷണം തുടരുന്നതിനിടെ, 21-ാം നാൾ സ്കൂട്ടർ തിരിച്ചെത്തി. പക്ഷേ വീട്ടിലേക്കല്ല, മൈതാനത്തേക്ക്! നവംബർ ആറിന് ചേന്നമ്പള്ളിയിലെ വീട്ടിൽനിന്ന് മോഷണം പോയ സ്കൂട്ടറാണ് അടൂർ–ഏനാത്ത് എം.സി. റോഡിൽ വടക്കടത്തുകാവ് പോക്കാട്ട് കാവിന് സമീപമുള്ള മൈതാനത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്.ചേന്നമ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന തിരുവല്ല നിരണം സ്വദേശി ജോർജിന്റെ സ്കൂട്ടറാണ് മോഷണം പോയത്. വ്യാഴാഴ്ച മൈതാനത്ത് സ്കൂട്ടർ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ട്രാഫിക് എസ്.ഐ. ജി. സുരേഷ് കുമാറിനെ ഫോണിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 21 ദിവസം മുൻപ് മോഷണംപോയ ജോർജിന്റെ സ്കൂട്ടറാണെന്ന് തിരിച്ചറിഞ്ഞത്.താക്കോൽ ഇടുന്നഭാഗം ഇളക്കിമാറ്റിയ നിലയിലായിരുന്നു. 15 വർഷം പഴക്കമുള്ള ബൈക്കിന്റെ ഫിറ്റ്നസ് പുതുക്കുന്നതിനായി അടുത്തിടെയാണ് ജോർജ് സ്കൂട്ടർ അറ്റകുറ്റപ്പണി നടത്തി നിരത്തിലിറക്കിയത്.

To advertise here,

അധികം വൈകാതെ വീട്ടുമുറ്റത്തുനിന്ന് സ്കൂട്ടർ മോഷണം പോവുകയും ചെയ്തു.സംഭവത്തിൽ ജോർജ് അടൂർ പോലീസിൽ പരാതി നൽകിയിരുന്നു.

മോഷണം പോയ സ്കൂട്ടർ മൂന്നാഴ്ചയ്ക്കുശേഷം കണ്ടെത്തിയെങ്കിലും ആരാണ് മൈതാനത്ത് ഉപേക്ഷിച്ചതെന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല.