അറക്കുളം : രസതന്ത്രം പഠിക്കാൻ ഇനി പാഠപുസ്തകത്തിലെ സമവാക്യങ്ങൾ കാണാതെ പഠിക്കേണ്ട. പരീക്ഷണങ്ങൾ നേരിട്ട് ചെയ്ത് മനസ്സിലാക്കാം. അതിന് അധ്യാപകരായി ബിരുദാനന്തര ബിരുദ വിദ്യാർഥികളും. മൂലമറ്റം സെയ്ന്റ് ജോസഫ്സ് ഓട്ടോണമസ് കോളേജിലെ രസതന്ത്രവിഭാഗം സംഘടിപ്പിച്ച 'മെൽറ്റിങ് പോയിന്റ്' വിദ്യാർഥികൾക്ക് വേറിട്ട പഠനാനുഭവമായി.

To advertise here,

 

കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 16 ഹയർസെക്കൻഡറി സ്‌കൂളുകളിൽ നിന്നെത്തിയ 180-ഓളം വിദ്യാർഥികൾക്കാണ് കോളേജിലെ ബിരുദ, ബിരുദാനന്തര ഗവേഷണ ലാബുകളിൽ പരീക്ഷണങ്ങൾ നടത്താൻ അവസരം ലഭിച്ചത്.

 

സാധാരണ ക്ലാസ് മുറികളിലും സ്‌കൂൾ ലാബുകളിലും കേട്ടുപരിചയിച്ച രസതന്ത്ര പരീക്ഷണങ്ങൾ അത്യാധുനിക സംവിധാനങ്ങളുള്ള ലാബുകളിൽ നേരിട്ടുചെയ്യാനായി

അൾട്രാവയലറ്റ് (യു.വി.), ഇൻഫ്രാറെഡ് (ഐ.ആർ.), തെർമോ ഗ്രാവിമെട്രിക് അനാലിസിസ് (ടി.ജി.എ.) തുടങ്ങിയ അത്യാധുനിക ഉപകരണങ്ങളുടെ പ്രവർത്തനവും പ്രയോജനവും അടുത്തറിയാനും അവസരമൊരുങ്ങി. പാഠപുസ്തകത്തിലെ അറിവ് പ്രായോഗിക പരീക്ഷണങ്ങളിലേക്ക് പകരുന്നതിനൊപ്പം കോളേജ് വിദ്യാർഥികൾക്ക് അധ്യാപനത്തിന്റെ അനുഭവംകൂടി സമ്മാനിക്കുന്നതായിരുന്നു പരിപാടി.

പ്രിൻസിപ്പൽ ഡോ. ജോസഫ് ജോർജ്, വകുപ്പുമേധാവി ഡോ. ജോസ് ജെയിംസ്, പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ ഡോ. കെ.വി. ജോബി, ഡീനാ പോൾ, അധ്യാപകരായ ഡോ. സി. സിജോ ഫ്രാൻസിസ്, ഡോ. അനു ആന്റണി, ഡോ. നീനു ജോർജ്, വിദ്യാർഥികളായ അൽഷിഫ, റിസ്വാന, ആതിര, ദേവിക എന്നിവർ നേതൃത്വം നൽകി.