തുറക്കണമെന്ന ആവശ്യവുമായി ജനകീയ കൂട്ടായ്മ

To advertise here,

പുളിക്കീഴ് : പമ്പാ റിവർ ഫാക്ടറിയുടെ ഭാഗമായിരുന്ന വളഞ്ഞവട്ടം പി.ആർ.എഫ്. സ്റ്റേഡിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനും പുനരുദ്ധാരണം നടത്തി വികസിപ്പിക്കുന്നതിനുമായി ജനകീയ കൂട്ടായ്മ രംഗത്ത്.

വളഞ്ഞവട്ടത്ത് കായംകുളം സംസ്ഥാന പാതയ്ക്കരികിലുള്ള ഷുഗർഫാക്ടറി വളപ്പിലാണ് മൈതാനം. കേരള കേന്ദ്ര സർവകലാശാലയുടെ നിയമ വിഭാഗത്തിനായി 10 ഏക്കർ വളപ്പ് വിട്ടുനൽകിയിരുന്നു. മൈതാനം ഉൾപ്പെടുന്ന ഭാഗവും ഈ പത്തേക്കറിലായി. ഔദ്യോഗികമായി മൈതാനം രേഖകളിൽ ഇല്ലായിരുന്നെങ്കിലും ഇവിടെ പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാപഞ്ചായത്ത് തല കായിക-കലാമേളകൾക്ക് വേദിയായിരുന്നു. നാട്ടുകാർ വ്യായാമത്തിനായും ഇവിടം ഉപയോഗിച്ചിരുന്നു. കേന്ദ്ര സർവകലാശാലയുടെ കീഴിലുള്ള ലോ കോളേജിനായി സ്ഥലം ഏറ്റെടുത്തതോടെ സ്റ്റേഡിയം കാമ്പസിനുള്ളിലാവുകയും ചുറ്റുമതിൽ കെട്ടി തിരിക്കുകയും ചെയ്തു. തുടർന്ന് കായിക പരിശീലനങ്ങൾ മുടങ്ങി. വർഷങ്ങൾക്ക് മുമ്പ് കശുവണ്ടി കോർപ്പറേഷൻ ഇവിടെ കശുമാവ് തൈകൾ വെച്ചുപിടിപ്പിച്ചിരുന്നു. ഇപ്പോൾ കാടുകയറിക്കിടക്കുകയാണ്.

കഴിഞ്ഞ ദിവസം കാമ്പസിലെത്തിയ സർവകലാശാല അധികൃതരോട് ജനകീയ കൂട്ടായ്മ പ്രവർത്തകർ മൈതാനം പുനരുദ്ധരിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തി. അനുകൂലമായ പ്രതികരണമാണ് ഉണ്ടായതെന്ന് പ്രവർത്തകർ പറഞ്ഞു. പത്തനംതിട്ട ജില്ലാ മുൻ കളക്ടർ അഡ്വ. എ.ജെ. രാജൻ, അഡ്വ. എം.ബി. നൈനാൻ, ജോർജ് കുര്യൻ, ഉദയഭാനു എന്നിവരാണ് കൂട്ടായ്മയെ പ്രതിനിധീകരിച്ചത്. ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയും ചർച്ചയിൽ പങ്കെടുത്തു. സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. സിദ്ധു പി. അൽഗൂർ, എൻജിനിയർ വി.കെ. ശ്രീകാന്ത്, രജിസ്ട്രാർ പ്രൊഫ. ആർ. ജയപ്രകാശ്, പ്രൊഫ. ജോസഫ് കോയിപ്പള്ളി, പ്രൊഫ. പി. രാജേന്ദ്ര, പ്രൊഫ. വി.ബി. സമീർ കുമാർ, ഡോ. ലിജി ശമുവേൽ എന്നിവരുമായിട്ടായിരുന്നു ചർച്ച.