പത്തനംതിട്ട : മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ചതിന് ഈവർഷം ജില്ലയിൽ പിടിയിലായത് 6158 പേർ. വൈകീട്ട് അഞ്ചുമുതൽ ഒൻപതുവരെ പോലീസ് നടത്തിയ വാഹനപരിശോധനയിൽ കുടുങ്ങിയവരുടെ കണക്കാണിത്. നിരത്തുകളിൽ അപകടം കൂടുമ്പോഴും മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണത്തിന് കുറവില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഈവർഷം 9800-ലേറെ വാഹനങ്ങളാണ് പോലീസ് പരിശോധിച്ചത്. ഇതിൽ പകുതിയിലേറെയും ഓടിച്ചത് മദ്യപിച്ചവരായിരുന്നു.
മദ്യപിച്ച് വാഹനം ഓടിച്ചതിന് ഓഗസ്റ്റിൽ ജില്ലയിൽ 511 ആളുകളുടെ പേരിലാണ് കേസെടുത്തത്. സെപ്റ്റംബറിൽ 661 പേർക്കെതിരേ കേസെടുത്തു. ഒക്ടോബറിൽ കഴിഞ്ഞദിവസംവരെ 1251 പേരാണ് പിടിയിലായത്. നെടുമ്പാശ്ശേരി, ചേരാനല്ലൂർ സംഭവങ്ങൾക്കുശേഷം പോലീസ് വാഹനപരിശോധന ശക്തമാക്കിയതോടെയാണ് ഇത്രയുംപേർ കുടുങ്ങിയത്.
മോട്ടോർവാഹന നിയമത്തിലെ വകുപ്പ് 185 പ്രകാരമാണ് മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരേ കേസെടുക്കുന്നത്. ബ്രത്ത് അനലൈസർ പരിശോധനയിൽ 100 മില്ലീലിറ്റർ രക്തത്തിൽ 30 മില്ലീഗ്രാമിൽ കൂടുതൽ ആൽക്കഹോൾ കണ്ടെത്തിയാലാണ് കേസ് ചുമത്തുന്നത്. സമയബന്ധിതമായി രക്തപരിശോധന നടത്തി, വാഹനമോടിച്ചയാൾ മദ്യപിച്ചെന്ന് പോലീസിന് തെളിയിക്കുകയും വേണം.
മദ്യപിച്ച് വാഹനം ഓടിച്ചാൽ 10,000 രൂപ പിഴ ശിക്ഷ ലഭിക്കും. ഇല്ലെങ്കിൽ ആറുമാസം തടവ് അനുഭവിക്കണം. കുറ്റം ആവർത്തിച്ചാൽ 15,000 രൂപവരെ പിഴയും രണ്ടുവർഷംവരെ തടവും ആകാം. നിയമം കടുപ്പിച്ചെങ്കിലും കോടതിയിലെത്തുന്ന കേസുകളിൽ മിക്കതും തക്കതായ ശിക്ഷയില്ലാതെ പോകുന്ന രീതിയാണ്. കോടതിയിൽ ഹാജരായില്ലെങ്കിൽ കേസ് വാറന്റാകും. പിന്നീട് അദാലത്തിൽ എത്തിയാൽ, കോടതി പിരിയുംവരെ തടവ് എന്ന ശിക്ഷയാണ് ലഭിക്കുന്നത്. ഇതല്ലെങ്കിൽ അശ്രദ്ധമായി വാഹനം ഓടിച്ചതിനുള്ള 500 രൂപ പിഴയിൽ തീരും.
മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
അറസ്റ്റിലാകുന്നവരുടെ ലൈസൻസ് റദ്ദാക്കുകയും പിന്നീട് ലൈസൻസ് അനുവദിക്കാതെയിരിക്കാനുമുള്ള നടപടികൾ സ്വീകരിച്ചാലേ ഇത്തരത്തിലുള്ള കുറ്റകൃത്യത്തിന് കുറവുണ്ടാകൂ.
Published: 30 Oct 2026, 12:51 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented