മൈസൂരു : ദസറ നടത്തിപ്പിൽ പോലീസിന് വൻവീഴ്ച സംഭവിച്ചെന്ന മൈസൂരു രാജ്ഞിയുടെ വിമർശനത്തിനെതിരേ പോലീസ്. രാജ്ഞി പ്രമോദ ദേവി വോഡയാറിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് സിറ്റി പോലീസ് കമ്മിഷണർ സീമാ ലട്കർ പറഞ്ഞു.

To advertise here,

ദസറയിൽ പോലീസും മറ്റ് വകുപ്പുകളും തമ്മിൽ ഏകോപനമുണ്ടായില്ലെന്ന് രാജ്ഞി വിമർശിച്ചിരുന്നു. ജംബൂ സവാരിയിൽ സുരക്ഷാ വീഴ്ചയുണ്ടായി. സവാരിയിൽ പോലീസ് ഉദ്യോഗസ്ഥരും കുടുംബങ്ങളും സെൽഫിയെടുക്കുന്ന തിരക്കിലായിരുന്നു. ഒട്ടേറെപ്പേർ അനധികൃത പാസ് നേടി സ്വർണ അമ്പാരിക്ക് സമീപം വരെയെത്തി. സവാരി കഴിഞ്ഞ് അമ്പാരി തിരിക വാങ്ങിക്കാനെത്തിയ രാജകുടുംബത്തിലെ പ്രതിനിധികളെ പോലീസ് ഉദ്യോഗസ്ഥർ കൈയേറ്റം ചെയ്തിരുന്നുവെന്നും രാജ്ഞി ആരോപിച്ചിരുന്നു.

ജില്ലാഭരണകൂടം, പോലീസ്, കൊട്ടാരം ബോർഡ്, മറ്റു വകുപ്പുകൾ എന്നിവ ദസറയ്ക്ക് രണ്ടുമാസം മുൻപ് തുടർച്ചയായി ഏകോപന യോഗങ്ങൾ ചേർന്നിരുന്നുവെന്ന് കമ്മിഷണർ പറഞ്ഞു. സംയുക്ത പരിശ്രമത്തിലൂടെയാണ് ദസറ വിജകരമായി നടത്തിയത്. സ്വർണ അമ്പാരിയുടെ സമീപത്തേക്ക് അനധികൃത വ്യക്തികളെയോ ഉദ്യോഗസ്ഥരേയോ കടത്തി വിട്ടിട്ടില്ല. ഈ വർഷം പുതിയ ആനയാണ് സ്വർണഅമ്പാരി വഹിച്ചത്. അതിനാൽ ഡ്യൂട്ടി പാസുള്ള മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ, 40 അംഗ എലിഫന്റ് ടാസ്ക് ഫോഴ്‌സ് അംഗങ്ങൾ, പാപ്പാന്മാർ, കൊട്ടാര പ്രതിനിധികൾ എന്നിവർ മാത്രമാണ് അവിടെയുണ്ടായത്. ഘോഷയാത്ര അവസാനിച്ച ശേഷം രസീത് വാങ്ങി സുരക്ഷിതമായാണ് അമ്പാരി കൊട്ടാര പ്രതിനിധികൾക്ക് തിരികെ നൽകിയത്. അല്ലാതെ രാജ്ഞിയുടെ ആരോപണങ്ങളിൽ കഴമ്പില്ലെന്നും കമ്മിഷണർ പ്രതികരിച്ചു.

രാജ്ഞിയുടെ ആരോപണങ്ങൾക്കെതിരേ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ എന്നിവരും രംഗത്തെത്തിയിരുന്നു.