തിരുവല്ല : എം.ജി. സോമൻ ഫൗണ്ടേഷന്റെ അമച്ചർ നാടകോത്സവത്തിൽ പള്ളിമൺ എം.വി. ദേവൻ കലാഗ്രാമത്തിന്റെ ഭൂമധ്യരേഖ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു.

To advertise here,

കെടാമംഗലം കലാശാലയുടെ ഒന്നാം പ്രേതലഹള രണ്ടാം സ്ഥാനം നേടി. മുളംതുരുത്തി തിയേറ്റർ ഗ്രൂപ്പിന്റെ സ്വപ്നലോകത്തെ കിറുക്കന്മാർ പ്രത്യേക ജൂറി പുരസ്‌കാരം നേടി.

സന്തോഷ് തകഴിയാണ് മികച്ച സംവിധായകൻ(ഭൂമധ്യരേഖ). ആത്മബലി നാടകത്തിലെ ഹിഡുംബിയെ അവതരിപ്പിച്ച കാലടി പാർവൈ നാടകവേദിയിലെ ദിവ്യാ ദേവകിയും പതാക നാടകത്തിലെ പോലീസുകാരനെ അവതരിപ്പിച്ച എറണാകുളം നാടകവേദിയുടെ പ്രസാദ് ഇരുമ്പനവും മികച്ച അഭിനേതാക്കളായി.

തൃശ്ശൂർ അഭിനയ നാടകവേദിയുടെ ഫരീദ എന്ന നാടകം രചയിതാവായ ജിഷ അഭിനയ മികച്ച രചയിതാവിനുളള പുരസ്‌കാരം നേടി. മികച്ച നാടകത്തിന് 50,000 രൂപയും രണ്ടാം സ്ഥാനത്തിന് 25,000 രൂപയുമാണ് പുരസ്‌കാരം. ബാക്കി എല്ലാ പുരസ്‌കാരങ്ങൾക്കും 5000 രൂപാവീതവും നൽകും.

നാടകോത്സവത്തോട് അനുബന്ധിച്ച് ചലച്ചിത്രകാരൻ ശ്രീനിവാസനെ അനുസ്മരിച്ചു. സംവിധായകൻ ജയരാജ് ഉദ്ഘാടനം ചെയ്തു. സംവിധായകൻ ബ്ലെസി അധ്യക്ഷത വഹിച്ചു.

സംവിധായകൻ കവിയൂർ ശിവപ്രസാദ്, കൈലാസ് എന്നിവർ പ്രസംഗിച്ചു.